Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാഞ്ചനമാല, എന്തിന് എല്ലാം ഞങ്ങളോടു പറഞ്ഞു ?

kanchanamala കാഞ്ചനമാല, ദിലീപ്

ഇരുവശവും പിന്നിയിട്ട ചുരുളൻ തലമുടിയുള്ള ഒരു പെൺകുട്ടി, അവളുടെ ചിത്രത്തിനരികെ തിളങ്ങുന്ന കണ്ണുകളോടെ തീവ്രമായ ചിന്തകളെ പാതിവിടർന്ന ചിരിയിലൊളിപ്പിച്ച ഒരു യുവാവ്. നിലപാടുകളവന്റെ മുഖത്ത് ഒരു തന്റേടിയുടെ ഛായ നൽകി. ചിത്രങ്ങളും അക്ഷരങ്ങളും ഒരു പത്രത്താളിനുള്ളിൽ മനോഹരമായി അടുക്കിപ്പെറുക്കി വച്ച അതിന്റെ ലേ ഔട്ട് ആയിരുന്നു ലേഖനത്തിനൊപ്പം കൂടാൻ പ്രേരിപ്പിച്ചത്. പക്ഷേ അതിലെ അവസാന വരിയും വായിച്ച് കണ്ണുകൾ പിൻവലിക്കാനെനിക്കായില്ല. ചിന്തകളേയും. അതിലെ പെണ്ണിന്റെ പേര് കാഞ്ചനമാലയെന്നായിരുന്നു; ചെക്കൻ മൊയ്തീനും. ഇന്ന് ജീവിതത്തിൽ നിങ്ങൾ കടന്നുവന്ന വഴികളെ കുറിച്ച് ഒരായിരം ചോദ്യങ്ങളും മറുചോദ്യങ്ങളും ഉയരുമ്പോൾ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും നിങ്ങൾക്കിങ്ങനെയൊരു കത്തെഴുതാൻ പ്രേരിപ്പിച്ചത്, സ്നേഹിച്ച പുരുഷന്റെ ചിന്തകൾക്ക് അവൻ പോയിട്ടും അർഥം നൽകി, യാഥാർഥ്യങ്ങളിൽ നിന്ന് ഒളിച്ചോടാതെ പ്രണയത്തെ എതിർത്ത മണ്ണിൽ തന്റേടത്തോടെ മുന്നോട്ടു നടന്ന ഒരു പെൺമനസിനോടുള്ള ആദരവും ആരാധനയും കൊണ്ടാണ്.

എങ്കിലും ആരോപണങ്ങളും പ്രത്യാരോപണങ്ങളും കാഞ്ചനമാലയുടെ മൗനത്തെയും ജീവിതത്തെയും ഇഴകീറിയെടുത്ത് മുഖ്യധാരയിലേക്ക് കൊണ്ടുവരുമ്പോൾ ഞാൻ ഓർക്കുന്നത് ആ കാത്തിരിപ്പിനെ കുറിച്ച് മാത്രമാണ്. പകരം വയ്ക്കാനില്ലാത്ത കാത്തിരിപ്പ്. മൊയ്തീനു വേണ്ടി കാഞ്ചനമാല ഒരു മെഴുകുതിരി പോലും കൊളുത്തിയിട്ടില്ല എന്നു പറയുന്നവരോട് ഒന്ന് ചോദിച്ചോട്ടെ, പ്രണയിച്ച പുരുഷനായി ഒരു ജന്മം തന്നെ അവർ നൽകിയില്ലേ... അവളുടെ വിദ്യാഭ്യാസവും ജോലിയും അമ്മയാകാനുള്ള ആഗ്രഹവും എല്ലാം നൽകിയില്ലേ. എന്തിനു വേണ്ടിയാണ് മൊയ്തീൻ മരിച്ചതിനു ശേഷം അവർ അയാളുടെ സ്വപ്നങ്ങൾക്ക് പിന്നാലെ അശ്രാന്തം പരിശ്രമിച്ചത്. അവർക്കതിന്റെ ആവശ്യമുണ്ടായിരുന്നോ? ഇത്തരത്തിലുള്ള എത്ര പെൺജന്മങ്ങളെ നമുക്ക് കാണാനാകും. ഒരുപക്ഷേ ഏതെങ്കിലും സ്ത്രീയത് ചിന്തിച്ചാൽ ഈ സമൂഹം അതംഗീകരിച്ച് നൽകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ. പക്ഷേ നാട്ടിൻപുറത്തെ പെണ്ണായി ജീവിച്ചിട്ടും തന്റേടത്തോടെ എതിർപ്പുകളെ നേരിട്ടതും മൊയ്തീന്റെ മരണത്തിനു ശേഷം അവന്റെ പെണ്ണായി മുക്കത്തു തന്നെ ജീവിച്ചതും അവനോടെത്രത്തോളം അവൾ മനസുകൊണ്ട് ഇഴചേർന്നുപോയി എന്നതിന്റെ തെളിവാണ്. മരണത്തിനുമപ്പുറമാണ് ആ സ്നേഹത്തിന്റെ ആഴം എന്നുള്ളതുകൊണ്ടു തന്നെയല്ലേ. നാടു മുഴുവൻ പാടിനടന്ന പ്രണയ നായികയെ ആര് വിവാഹം കഴിക്കാനെന്ന ചോദ്യം പോലും അപ്രസക്തമാണ്. കാരണം കാഞ്ചനമാലയെ കാത്ത് മുറച്ചെറുക്കനായ അപ്പുവേട്ടനവിടെ കാത്തിരിപ്പുണ്ട്.

kanchanamala-2 'എന്ന് നിന്റെ മൊയ്തീൻ' സിനിമയുടെ പോസ്റ്റർ

മൊയ്തീന്റെ പെണ്ണായി ഇരുവഴിഞ്ഞിപ്പുഴയുടെ ദേശത്ത് അവന്റെ കാഴ്ചപ്പാടുകൾക്കും ലക്ഷ്യങ്ങൾക്കും തന്റെ വിയർപ്പിലൂടെ അർഥം നൽകിക്കൊണ്ടുള്ള നിങ്ങളുടെ ജീവിത യാത്രയിങ്ങനെ ഒരു നിമിഷത്തേക്കെങ്കിലും സംശയത്തിന്റെ നേരിയ ഇരുട്ടിൽ നിമിഷം നേരം പോലും നിൽക്കാൻ അർഹതയുള്ളതല്ല. കാലാതീതമായ പ്രണയവും ജീവിതവും തന്നെയാണത്. കണ്ണീരു വീണുമങ്ങിയ തട്ടമാണ് ആ മുടിയിഴകൾക്കു മേലിങ്ങനെ കിടക്കുന്നതെന്നറിഞ്ഞപ്പോൾ. കാണണമെന്ന് ഒരിക്കലുമൊരാഗ്രഹം തോന്നിയിരുന്നില്ല. അതിനുള്ള കരുത്തുണ്ടായിരുന്നില്ല എന്നതുകൊണ്ടു തന്നെ. ‘ജലംകൊണ്ടു മുറിവേറ്റവളെ’ന്ന് നിങ്ങളെ വിശേഷിപ്പിച്ചിറങ്ങിയ ഡോക്യുമെന്ററിയെ പാതിവഴിയിൽ കാണാതെ ഉപേക്ഷിച്ചതും ‘എന്നു നിന്റെ മൊയ്തീനെ’ന്ന ചിത്രത്തിലൂടെ അഭ്രപാളിയിലത് ഫ്രെയിമുകളായി കടന്നുവന്നപ്പോൾ കാണാതിരുന്നതും ആ തന്റേടമില്ലായ്മയുടെ ബാക്കിപത്രം തന്നെയാണ്. നിങ്ങളെ കാണാനുള്ള ശക്തിയില്ലായ്മയുടെ ഉറവിടത്തിന്റെ കാരണം നിങ്ങളുടെ കാത്തിരിപ്പിന്റെ ആഴം തന്നെയാണ്. പകരം വയ്ക്കാനില്ലാത്ത കാത്തിരിപ്പും അതിന്റെ തീവ്രതയും തന്നെയാണ് നിങ്ങൾക്കു നേരേ ഉയരുന്ന ആരോപണങ്ങളുടെ തീവ്രതയെ വെള്ളത്തിൽ വരച്ച വര പോലെ അപ്രസക്തമാക്കുന്നത്. മൊയ്തീനു വേണ്ടി ഉപാധികളില്ലാതെ കാത്തിരുന്ന കാഞ്ചനമാല പ്രതിനിധാനം ചെയ്യുന്ന പെൺസമൂഹം വളരെ വലുതാണ്. കാഞ്ചനമാല ഒരു എക്സെപ്ഷണൽ കേസ് അല്ലെന്ന വാദം ഇവിടെ ശരിയാകുന്നു. പക്ഷേ അതിങ്ങനയല്ല പറയേണ്ടിയിരുന്നത് എന്നത് മനസിനുള്ളിൽ സഹജീവിയോടുള്ള സ്നേഹം അൽപമെങ്കിലുമുള്ള ഏതൊരാളും സമ്മതിക്കും ഉറപ്പ്. വിമർശിക്കപ്പെടുന്ന വ്യക്തിയുടെ ഉള്ളിലെ ചെഞ്ചോര പറയുന്ന കഥയെന്തെന്ന് വിമർശകന്റെ മനസ് നന്നായി പഠിച്ചിരിക്കണം എന്നതോർമിപ്പിക്കുന്നു ഇവിടെ.

kanchanamala3 'എന്ന് നിന്റെ മൊയ്തീൻ' സിനിമയുടെ പോസ്റ്റർ

കാഞ്ചനമാലയുടെ തറവാട് സ്വത്തു വരെ നിങ്ങളുടെ ജീവിതത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാൻ ഉപയോഗിക്കപ്പെടുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. പുരഷൻ വീരനാക്കപ്പെടുകയും പെണ്ണിന്റെ ശൗര്യം സംശയത്തോടെ മാത്രം അംഗീകരിക്കപ്പെടുകയും ചെയ്യുന്ന സാമൂഹിക ചട്ടക്കൂടിന് മാറ്റം വന്നിട്ടില്ല എന്നുള്ളതുകൊണ്ടു തന്നെ. കാഞ്ചനമാലയെന്ന വ്യക്തി ഒരിക്കലും വിമർശനങ്ങൾക്ക് അതീതയാണെന്ന് ഞാൻ ചിന്തിക്കുന്നില്ല. കാരണം വ്യക്തമായ ജീവിത കാഴ്ചപ്പാടുള്ള ഏതൊരാളും ചർച്ചകളിലെത്തും ഉറപ്പാണത്. പക്ഷേ ഇവിടെ വിമർശിക്കപ്പെടുന്നത് ആർക്കു മുന്നിലും പൂർണമായും മനസിലാകാത്ത, നിങ്ങൾക്കു പോലും വാക്കുകൾകൊണ്ട് വിവരിക്കാനാകാത്ത അക്ഷരങ്ങൾകൊണ്ട് എഴുതി തീർക്കാനാകാത്ത സ്വന്തം മനസിലെ മുറിവുകളെ കുറിച്ചാണ്. ഒരുപക്ഷേ മൊയ്തീനന്ന് ജീവിച്ചിരുന്നുവെങ്കിൽ വടക്കൻ മണ്ണ് കേരളത്തിന്റെ മുഖ്യധാരയ്ക്ക് സമ്മാനിച്ച ഒരു പ്രതിഭയാകുമായിരുന്നുവെന്നതിൽ സംശയമില്ല. കാഞ്ചനമാലയെ അനാവശ്യമായി വിമർശിക്കുന്നവർ ആരായാലും നിങ്ങളുടെ ചോദ്യങ്ങൾ ചെന്നു നിൽക്കുന്നത് മുക്കത്തിന് ആരായിരുന്നു ഈ മനുഷ്യൻ എന്ന സത്യത്തിന്റെ മുഖത്തെ കൂരമ്പായാണ്. നിങ്ങൾ അപമാനിക്കുന്നതും ചോദ്യം ചെയ്യുന്നതും അവരുടെ പ്രണയത്തെ കൺനിറയെ കണ്ട അവരൊന്നാകാൻ കൊതിച്ച മുക്കമെന്ന മണ്ണിനെ കൂടിയാണ്. ഇരുവഴിഞ്ഞി പുഴയേയും അവിടെ പെയ്ത മഴയേയുമാണ്. കാഞ്ചനമാലയൊഴുക്കിയ കണ്ണീരിനെയാണ്. എന്നു നിന്റെ മൊയ്തീനെന്ന ചിത്രമിറങ്ങിയതിനു ശേഷം മുക്കത്തെ പെണ്ണിനെ തേടി എത്രയോ പേർ വന്നു. അല്ലേ... ഇരുവഴിഞ്ഞി പുഴയുടെ കരയിലിരുന്ന് അപരിചിതരായ അവർ നിങ്ങൾക്കു വേണ്ടി കരഞ്ഞു തീർത്ത കണ്ണീര് മാത്രമാണ് നിങ്ങളുടെയുള്ളിലെ അചഞ്ചലതയ്ക്കുള്ള അംഗീകാരം. മറ്റൊന്നും വേണ്ട എന്നുള്ളത് മനസിലാക്കുക. ഇതൊന്നും കേട്ട് നിങ്ങൾ കരയില്ല, എന്നെനിക്കറിയാം... കാരണം നിങ്ങളുടെ ജീവിതത്തിന്റെ അർഥത്തെ സംവേദിക്കാനുള്ള കരുത്ത് ആ കണ്ണീരിനു പോലുമില്ല എന്നുള്ളതുകൊണ്ടു തന്നെ.

ഇതെഴുതി കഴിയുമ്പോൾ എനിക്കൊന്നു കൂടി പറയാൻ തോന്നുന്നു കാഞ്ചനമാല, കാമറകൾക്കും പേനകൾക്കും നിങ്ങൾ നിങ്ങളുടെ കഥ പറഞ്ഞുകൊടുക്കരുതായിരുന്നു.