Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രശ്മിക്കും രാഹുലിനുമെതിരെ നിർമാതാവ്

rahul-resmi-manoj രാഹുൽ പശുപാലൻ, രശ്മി, മനോജ്

ഓണ്‍ലൈൻ പെണ്‍വാണിഭക്കേസിൽ ഇന്നലെ പിടിയിലായ ബിക്കിനി മോഡലും ചുംബന സമര നായികയുമായ രശ്മി ആർ നായർ, ഭർത്താവ് രാഹുൽ പശുപാലൻ സംവിധാനം ചെയ്യുന്ന പ്ലിംഗ് എന്ന ചിത്രം ഉണ്ടാക്കി വച്ച സാമ്പത്തിക ബാധ്യതയെ തുടർന്നാണ് പെണ്‍വാണിഭ സംഘത്തിൽ എത്തിപ്പെട്ടതെന്ന വെളിപ്പെടുത്തലിന് തിരിച്ചടി. സിനിമ മൂലം രശ്മിക്കോ രാഹുലിനോ യാതൊരു വിധ സാമ്പത്തിക ബാധ്യതയും ഉണ്ടായിട്ടില്ലെന്നും, ആവശ്യത്തിൽ കൂടുതൽ പണം താൻ നൽകിയിട്ടുണ്ട് എന്നും ചിത്രത്തിൽ നിന്നും സാമ്പത്തിക ബാധ്യത വന്നാൽ അത് ആദ്യം ബാധിക്കേണ്ടത് നിർമാതാവായ തന്നെ ആണെന്നും ചിത്രത്തിന്റെ നിർമാതാവും കൊച്ചിയിലെ പ്രമുഖ വ്യാപാരിയുമായ മനോജ്‌ കെ ശ്രീധർ മനോരമ ഓണ്‍ലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സംവിധായകനെന്ന് പറഞ്ഞു പറ്റിച്ചു

മനോജും പങ്കാളി രഹ്നാ ഫാത്തിമയും കിസ്സ്‌ ഓഫ് ലവ് എന്ന പരിപാടിയെ തുടർന്നാണ് രശ്മിയെയും ഭർത്താവ് രാഹുൽ പശുപാലനെയും പരിചയപ്പെടുന്നത്. സദാചാര ഗുണ്ടായിസം, സഞ്ചാര സ്വാതന്ത്ര്യം, ഫാസിസ്റ്റ് ചിന്താഗതി ഇങ്ങനെ ആശയപരമായി ഒരേ ദിശയിൽ സഞ്ചരിക്കുന്നവരാണ് എന്ന് തോന്നിയതിനാലാണ് ഒരുമിച്ച് നില്ക്കാൻ തീരുമാനിച്ചത്. തുടർന്ന്, ഞങ്ങൾ മുന്നോട്ടു വയ്ക്കുന്ന ഈ ആശയങ്ങൾ കോർത്തിണക്കി ഒരു സിനിമ നിർമ്മിക്കുന്നതിനെ കുറിച്ച് ആലോചിച്ചു. ഞാനും എന്റെ ഭാര്യ രഹ്നയും തന്നെയായിരുന്നു നിർമാതാക്കൾ അപ്പോൾ, രാഹുൽ പശുപാലൻ തന്നെയാണ് താൻ ആയിടെ ഇറങ്ങിയ 4 പ്രമുഖ മലയാളചിത്രങ്ങളിൽ അസിസ്റ്റന്റ്‌ ഡയറക്ടർ ആയിരുന്നുവെന്നും താൻ സിനിമ സംവിധാനം ചെയ്യാം എന്നും പറഞ്ഞത്. സിനിമയെ കുറിച്ച് കൂടുതലൊന്നും അറിയാത്തതിനാൽ ഞങ്ങൾ അത് സമ്മതിച്ചു.എന്നാൽ രാഹുൽ പറഞ്ഞത് കള്ളമാണെന്നും ഷൂട്ടിനു ലൈറ്റ് പിടിക്കാൻ പോലും രാഹുലിന് അറിയില്ലെന്നും പിന്നെയാണ് മനസിലായത്.

രശ്മി ആർ നായർ തിരക്കഥ എഴുതും എന്നാണ് പറഞ്ഞത്. ഞങ്ങൾ ഉദ്ദേശിക്കുന്ന ആശയങ്ങൾ പ്രതിഫലിപ്പിക്കാൻ കിസ്സ്‌ ഓഫ് ലവിനു ചുക്കാൻ പിടിച്ച ഇവർക്ക് കഴിയുമെന്ന് കരുതിയാണ് ഞങ്ങൾ അതിന്റെ പിന്തുണച്ചത്. എന്നാൽ, രശ്മിക്ക്‌ അതിനൊന്നും ഉള്ള കഴിവുണ്ടായിരുന്നില്ല. രാഹുലാണ് രശ്മിയുടെ പേരിൽ എഴുതിയിരുന്നത്. ഞങ്ങളുടെ വീടും സ്ഥലവും വിട്ട പണമെടുത്ത് 80 ലക്ഷം രൂപ മുതൽ മുടക്കിലാണ് സിനിമ പദ്ധതിയിട്ടത്. എന്നാൽ, സിനിമ അനൗൺസ് ചെയ്ത് ഏറെ ആയിട്ടും കഥയും തിരക്കഥയും ഒന്നും മുന്നോട്ട് പോയില്ല. 80 ലക്ഷം രൂപയുടെ ബജറ്റ് രാഹുൽ പറഞ്ഞ് പറഞ്ഞ് ഒന്നര കോടിയിൽ എത്തിച്ചു. ഈ തുക കണ്ടെത്താൻ ഞങ്ങൾക്ക് കഴിയില്ലായിരുന്നു.

pling-movie-rahul

ഉന്നതരെ കുടുക്കാനുള്ള ഐ‍ഡിയ രശ്മിയുടേത്

ഒന്നരക്കോടി കണ്ടെത്താൻ എന്ത് ചെയ്യും എന്ന് ആലോചിക്കുമ്പോഴാണ്, പെണ്‍വാണിഭത്തിൽ കുടുക്കും എന്ന് പറഞ്ഞ് ഉന്നതരെ ഭീഷണിപ്പെടുത്തി പണം നേടാമെന്ന് രശ്മി പറഞ്ഞത്. എന്നാൽ ഞങ്ങൾ ആദ്യം അതൊരു തമാശയായി മാത്രമേ എടുത്തുള്ളൂ. എന്നാൽ, പിന്നീടാണ് കാര്യങ്ങളുടെ ഗതി മാറുന്നത് മനസ്സിലായത്‌. ഇതിനിടക്ക് രാഹുൽ 3 ലക്ഷം രൂപയോളം പലവിധത്തിൽ എന്നിൽ നിന്നും കൈപ്പറ്റി. അവർ താമസിക്കുന്ന ഫ്ലാറ്റിന്റെ വാടക കൊടുത്തതും ആവശ്യമായ എല്ലാവിധ വീട്ടുപകരണങ്ങളും വാങ്ങിച്ചു നൽകിയതും ഞാനായിരുന്നു. ഇതിനു പുറമേ, പ്ലിംഗിന്റെ സംവിധായകൻ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നത് കുറവാണെന്ന് പറഞ്ഞ്, കാർ വാങ്ങാനായും പണം വാങ്ങി, മനോജ്‌ പറയുന്നു.

രാഹുലും രശ്മിയും ജോലിക്ക് പോയിരുന്നില്ല

തുടർന്ന് സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ പോലും വിരളമായി. അഭ്യസ്തവിദ്യർ ആണെങ്കിലും രാഹുലും രശ്മിയും ജോലിക്ക് പോയിരുന്നില്ല. രശ്മി വിദേശമലയാളികൾക്ക് ഒപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എസ്കോർട്ട് പോയിരുന്നു, ഒപ്പം മോഡലിംഗും. രാഹുൽ ഐ ടി പ്രൊഫെഷണൽ ആയിരുന്നു. കാര്യങ്ങൾ പോകുന്നത് ശരിയായ ദിശയിലല്ല എന്ന് മനസിലായതോടെയാണ് മനോജ്‌ ഇരുവരെയും ശ്രദ്ധിക്കാൻ തുടങ്ങിയത്.

കിസ്സ്‌ ഓഫ് ലവ് സമരത്തെ ചൂഷണം ചെയ്തു

'' കിസ്സ്‌ ഓഫ് ലവ് എന്ന ആ ഐതിഹാസിക സമരത്തെ ഇവർ നല്ലപോലെ ചൂഷണം ചെയ്തു. സമരത്തെ മറയാക്കി വളർന്നത്‌ രശ്മിയും രാഹുലുമാണ്. നെഗറ്റീവ് മാർക്കറ്റിംഗ് എന്ന രീതി ഉപയോഗിച്ച് രാഹുൽ രശ്മിയുടെ ഫേസ്ബുക്ക് പേജിനെ വളർത്തി. 20 ലേറെ വ്യജ ഫേസ്ബുക്ക് ഐഡികൾ രാഹുലിന് ഉണ്ടായിരുന്നതായി എനിക്ക് മനസ്സിലായിട്ടുണ്ട്. സംഘപരിവാറിന്റെയും അമിത് ഷായുടെയും പേരിൽ വ്യജ ഐഡികൾ ഉണ്ടാക്കി. രശ്മിയുടെ ഫേസ്ബുക്ക് പേജിൽ കമന്റ് ചെയ്തിരുന്നു. പിന്നീട് ആ പേജിനു ലഭിക്കുന്ന ലൈക്കുകൾ രശ്മിയുടെ പേജുമായി ചേർക്കും. അവരെ എതിർക്കുന്നവർക്ക് വ്യജ ഐഡികൾ ഉണ്ടാക്കി അശ്ലീലമായി ചിത്രീകരിച്ചു തന്നെയാണ് രാഹുൽ പകരം വീട്ടിയിരുന്നത്.

ഉന്നതരുടെ വീഡിയോ ക്ലിപ്പുകൾ ഇവരുടെ പക്കലുണ്ട്

മോഡൽ ആക്കാമെന്ന് പറഞ്ഞ് കൊണ്ട് വന്ന പെണ്‍കുട്ടികളുടെ നഗ്ന ഫോട്ടോകൾ, സമൂഹത്തിലെ ഉന്നതരുമായുള്ള വീഡിയോ ക്ലിപ്പുകൾ തുടങ്ങിയവ രാഹുലും രശ്മിയും രഹസ്യമായി സൂക്ഷിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ വിദേശത്തു ഇതൊക്കെ പതിവാണ് എന്നായിരുന്നു മറുപടി. ഇത് കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടുകയെന്നത് തന്നെയാണ് ഇവരുടെ ലക്ഷ്യം. മനോജ്‌ കൂട്ടിച്ചേർത്തു.

പ്ലിംഗ് എന്ന സിനിമ നടക്കില്ലെന്ന് ഏകദേശം ബോധ്യപ്പെട്ടതോടെ അതിനെ ചോദ്യം ചെയ്ത ഞാനും ഭാര്യയും അവരുടെ ശത്രുക്കളായി. ഇതിനുള്ള പ്രതികാരം ഭാര്യ രഹ്നയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൌണ്ട് നിർമ്മിച്ചു കൊണ്ടായിരുന്നു. പുറത്തു പറയണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എങ്കിലും ഒരിക്കൽ കൂടെ നിന്നത് കൊണ്ടും, കിസ്സ്‌ ഓഫ് ലവ് എന്ന ഐതിഹാസിക സമരത്തിന്റെ ലക്ഷ്യത്തെ ബാധിക്കുന്നതിനാലും ഞാൻ മൗനം പാലിക്കാൻ നിർബന്ധിതനായി. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തോടെ സിനിമാ മോഹം ഞങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ചു. തുടർന്ന്, രാഹുൽ എന്നെ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്തു, പുതിയ ബാനറിൽ പടം ഇറങ്ങും എന്നും അറിയിച്ചു. അല്ലാതെ, പ്ലിംഗ് മൂലം അവർക്ക് സാമ്പത്തിക ബാധ്യത ഉണ്ടായി എന്നത് ശുദ്ധ നുണയാണ്. തുടങ്ങാത്ത പടം എങ്ങനെ ഒരാളെ, അതും സംവിധായകനെ കടക്കെണിയിലാക്കാനാണ്? - മനോജ്‌ ചോദിക്കുന്നു.

ലൈംഗീകത്തൊഴിലാളികളോട് തനിക്കെന്നും സഹതാപമാണ്, എന്നാൽ കുട്ടികളെ ലൈംഗീക ചൂഷണത്തിന് ഉപയോഗിച്ചതിൽ ഇരുവരും ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും സമൂഹത്തിലെ ഉന്നതരെ തന്നെ വീഴ്ത്താൻ പറ്റിയ തെളിവുകളുമായി, തികച്ചു ആസൂത്രിതമായ നീക്കങ്ങളാണ് ഇരുവരും നടത്തിയിട്ടുള്ളതെന്നും, രാഹുലിന്റെ കമ്പൂട്ടർ അതിനെല്ലാം ഉള്ള തെളിവാകുമെന്നും മനോജ്‌ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.