Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളികൾ നെഞ്ചിലേറ്റിയ ചില പൊലീസ് വേഷങ്ങൾ

bharath-chandran

ആക്ഷന്‍ ഹീറോ ബിജുവിലൂടെ യുവതാരം നിവിന്‍ പോളിയും കാക്കി അണിഞ്ഞിരിക്കുകയാണ്. പൊലീസ് വേഷങ്ങളെ മലയാളി പ്രേക്ഷകര്‍ എന്നും ആവേശത്തോടെയാണ് സ്വീകരിച്ചിട്ടുള്ളത്. മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ചില പൊലീസ് വേഷങ്ങളിലൂടെ ഒരു സഞ്ചാരം.

ഭരത് ചന്ദ്രന്‍ ഐപിഎസ്

മലയാളിയെ ഇത്രയെറെ സ്വാധീനിച്ച ഒരു പൊലീസ് വേഷം വേറെയുണ്ടാവില്ല. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ 1994-ല്‍ പുറത്തിറങ്ങിയ കമ്മീഷണര്‍ സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ആറടി പൊക്കവും അക്ഷരശുദ്ധിയോടെ നെടുനീളന്‍ ഡയലോഗുകള്‍ ഇടതടവില്ലാതെ ഉച്ചരിക്കാനുള്ള സുരേഷ് ഗോപിയുടെ പാടവവും ഭരത് ചന്ദ്രന് കരുത്തു പകര്‍ന്നു. രഞ്ജി പണിക്കറുടെ പഞ്ച് ഡയലോഗുകള്‍ തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ‘ഓര്‍മയുണ്ടോ ഈ മുഖം’, ‘ജസ്റ്റ് റിമെംപര്‍ ദാറ്റ്’, ‘മോഹന്‍ തോമസിന്‍റെ’ എന്നീ ഡയലോഗുകള്‍ ഇന്നും പ്രേക്ഷകര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിക്കുന്നത്.

രാജാമണിയൊരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിനു മുതല്‍ക്കൂട്ടായി. അഭിനയത്തില്‍ നിന്ന് നാലുവര്‍ഷത്തെ ഇടവേളയെടുത്ത സുരേഷ് ഗോപിക്കു സിനിമയിലേക്ക് മടങ്ങിയെത്താന്‍ വഴിയൊരുക്കിയതും ഭരത് ചന്ദ്രന്‍ എന്ന കഥാപാത്രം തന്നെയാണ്. 2005 രഞ്ജി പണിക്കര്‍ സംവിധാനം ഭരത് ചന്ദ്രന്‍ ഐപിഎസിലൂടെയാണ് സുരേഷ് ഗോപി തിരിച്ചു വരവ് നടത്തിയത്. മലയാളത്തില്‍ കാക്കി ഏറ്റവും ഇണങ്ങുന്ന നായകന്‍ സുരേഷ് ഗോപി തന്നെയാവും. കമ്മീഷണറിലെ ഭരത് ചന്ദ്രന്‍ മാത്രമല്ല എഫ്ഐആര്‍, ഐജി, ക്രൈം ഫയല്‍, നരിമാന്‍, ടൈഗര്‍, ധ്രുവം എന്നിങ്ങനെ ഒരു ഡസനോളം സിനിമകളിലെ പൊലീസ് വേഷങ്ങള്‍ സുരേഷ് ഗോപിയുടെ കയ്യില്‍ സുരക്ഷിതമായിരുന്നു. കരിയറിന്‍റെ തുടക്കത്തില്‍ മനു അങ്കിള്‍ എന്ന ചിത്രത്തില്‍ മണ്ടന്‍ പൊലീസായും സുരേഷ് വേഷമിട്ടിട്ടുണ്ട്. എന്നാല്‍ സുരേഷ് ഗോപിയെന്ന നടന് പൊലീസ് വേഷങ്ങള്‍ മാത്രമേ ഇണങ്ങു എന്ന വിമര്‍ശനവും ഉണ്ട്.

ഇന്‍സ്പെക്ടര്‍ ബലറാം

ടി. ദാമോദരന്‍-ഐ.വി. ശശി കൂട്ട്കെട്ടിലാണ് ഇന്‍സ്പെക്ടര്‍ ബലറാം എന്ന കരുത്തനായ കഥാപാത്രം രൂപപ്പെടുന്നത്. 1986ല്‍ പുറത്തിറങ്ങിയ ആവനാഴിയിലൂടെയാണ് മമ്മൂട്ടിയുടെ ബലറാം ആദ്യമായി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുന്നത്. കഥാപാത്രത്തിനു ലഭിച്ച സ്വീകാര്യതയാണ് 1991ല്‍ ‘ഇന്‍സ്പെക്ടര്‍ ബലറാം’ എന്ന പേരില്‍ തന്നെ സിനിമയെടുക്കാന്‍ ഐ.വി. ശശിക്കു ആത്മവിശ്വാസം നല്‍കിയത്. ആവനാഴിയും ഇന്‍സ്പെക്ടര്‍ ബലറാമും സൂപ്പര്‍ ഹിറ്റുകളായിരുന്നു. മുന്‍കോപിയും കരുത്തനുമായ ബലറാം മമ്മൂട്ടിയുടെ കയ്യില്‍ സുരക്ഷിതമായിരുന്നു.  2006ല്‍ ബലറാം വീണ്ടും ബോക്സ് ഓഫിസില്‍ എത്തി. ബലറാമും താരദാസും ഒരുമിച്ചെത്തിയ ചിത്രം ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞു. 

ക്രൈം ബ്രാഞ്ച് ഓഫിസര്‍, സിബിഐ ഉദ്യോഗസ്ഥന്‍, പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവന്‍ എന്നീ വേഷങ്ങളിലും ഏറെ തിളങ്ങിയിട്ടുള്ള നടനാണ് മമ്മൂട്ടി. ഒട്ടേറെ പൊലീസ് വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. എങ്കിലും കാക്കിയിട്ട മമ്മൂട്ടിയുടെ ഏറ്റവും കരുത്തനായ കഥാപാത്രം ഇന്‍സ്പെക്ടര്‍ ബലറാമാണെന്ന് സംശയമില്ലാതെ പറയാം.

ഒളിംപ്യന്‍ അന്തോണി ആദം

കരിയറില്‍ ഉടനീളം വ്യത്യസ്തങ്ങളായ പൊലീസ് വേഷങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ച വ്യക്തിയാണ് മോഹന്‍ലാല്‍. മുഖം, മുഖം, കരിയില കാറ്റുപോലെ, ശ്രദ്ധാ, ബാബ കല്ല്യാണി, ഗ്രാന്‍റ് മാസ്റ്റര്‍ എന്നിങ്ങനെ നീളുന്നു ലാലിന്‍റെ പൊലീസ് വേഷങ്ങള്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ ഏറ്റവും സ്റ്റെയിലിഷായ കാക്കി വേഷം ഭദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഒളിംപ്യന്‍ അന്തോണി ആദമാണെന്ന് പറയേണ്ടി വരും.

വൈകാരികവും ഉദ്വേഗവും നര്‍മ്മവും നിറഞ്ഞ രംഗങ്ങള്‍ അനായാസമായി കൈകാര്യം ചെയ്തിരിക്കുന്ന ലാല്‍ ഈ ചിത്രത്തില്‍. ഔസേപ്പച്ചന്‍റെ പശ്ചാത്തല സംഗീതവും നാസറിന്‍റെ പ്രതിനായക കഥാപാത്രവും ലാലിന്‍റെ കഥാപാത്രത്തിനു കൂടുതല്‍ ശക്തി പകരുന്നു. 

ആന്‍റണി മോസസ്

മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീങ്ങനെ നാലു ഭാഷകളില്‍ പൊലീസ് വേഷം ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ച നടനാണ് പൃഥ്വിരാജ്. കരിയറിന്‍റെ എല്ലാ ഘട്ടത്തിലും അദ്ദേഹത്തെ തേടി കാക്കി വേഷങ്ങള്‍ എത്തിയിട്ടുണ്ട്. ഉയരവും ശബ്ദവും അദ്ദേഹത്തിന്‍റെ പൊലീസ് വേഷങ്ങള്‍ക്കു കൂടുതല്‍ കരുത്തു പകരുന്നു. ബോബി-സജ്ഞയ് കൂട്ട്ക്കെട്ടില്‍ പിറന്ന ആന്‍റണി മോസസ് എന്ന കഥാപാത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും ചല‍ഞ്ചിങ്ങായ വേഷങ്ങളിലൊന്നാണ്. ഒരേ സമയം നായകനും പ്രതിനായകനും നിസഹായകനുമായി മാറുന്നു ആന്‍റണി മോസസ്.

തിരക്കഥയുടെ തീവ്രത നഷ്ടപ്പെടാതെ ദൃശ്യഭാഷ ചമക്കാന്‍ റോഷന്‍ ആന്‍ഡ്രൂസിനും കഴിഞ്ഞിട്ടുണ്ട്. ഒരുവശത്ത് കുറ്റവാളികളോടും സ്ത്രീകളോടും ഒരു ദയവും കൂടാതെ പെരുമാറുന്ന റാസ്ക്കല്‍ മോസസ് മറുവശത്ത് അയാള്‍ സ്വവര്‍ഗ അനുാഗിയും. ഒരുപക്ഷേ മലയാളി പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ സ്വീകരിക്കാനാകുമോ എന്ന് സംശയിക്കാവുന്ന കഥാപാത്രം. തന്‍റെ ഇമേജിനെ ബാധിക്കുമോ എന്നുപോലും ചിന്തിക്കാതെ ഈ വേഷം സ്വീകരിക്കുകയും അന്വശരമാക്കുകയും ചെയ്ത പൃഥ്വിരാജ് തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്നു. തിരക്കഥയുടെ കരുത്താണ് മുംബൈ പൊലിസിലെ ആന്‍റണി മോസസിനെ മികവുറ്റതാക്കുന്നത്.

വട്ട് ജയന്‍

അഭിനയത്തിന്‍റെ കാര്യത്തില്‍ സഹോദരനേക്കാള്‍ ഒരുപടി മുന്നിലാണ് ഇന്ദ്രജിത്ത്. പ്രത്യേകിച്ചും ക്യാരക്ടര്‍ റോളുകളില്‍. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലൈഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയന്‍ എന്ന സബ് ഇന്‍സ്പെക്ടറെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക.

ഹീറോയിസത്തിനു പ്രധാന്യം നല്‍കുമ്പോള്‍ തന്നെ റിയലസ്റ്റിക്കായി ജയനെ അവതരിപ്പിക്കാന്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്കു കഴിഞ്ഞിട്ടുണ്ട്. നന്മയും തിന്മയും ഇടകലര്‍ന്ന ഒരു സാധാരണക്കാരന്‍റെ മാനറിസങ്ങളെ ഗംഭീരമാക്കുന്നു ഇന്ദ്രജിത്ത് ചിത്രത്തില്‍. പ്രണയവും പകയും ഭ്രാന്തും എല്ലാം മിന്നിമറയുന്ന വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ജയന്‍റേത്. മലയാളി കണ്ടുമടുത്ത ക്ലീഷേ പൊലീസുകാരില്‍ നിന്ന് ഒരു ചുവടുമാറ്റം കൂടിയാണ് ഈ കഥാപാത്രം.

ഡിവൈഎസ്പി ദേവദാസ

സിബിഐ ഡയറിക്കുറിപ്പിലെയും ജാഗ്രതയിലെയും അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ദേവദാസിനെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക. ഒരു അഴിമതിക്കാരന്‍ പൊലീസുകാരന്‍റെ ഭാവങ്ങള്‍ സൂക്ഷമമായി സ്ക്രീനില്‍ പകര്‍ത്താന്‍ സുകുമാരനു കഴിഞ്ഞിട്ടുണ്ട്. ഡിവൈഎസ്പി ദേവദാസിനു ലഭിച്ച സ്വീകാര്യതക്കു ഏറ്റവും നല്ല ഉദാഹരണമാണ് സേതുരാമയ്യര്‍ സിബിഐയിലെ സായ്കുമാര്‍ അവതരിപ്പിച്ച സത്യദാസ് എന്ന പൊലീസ് വേഷം.

സുകുമാരന്‍റെ മരണ ശേഷമാണ് സിബിഐ സീരിസിലെ മൂന്നാം ചിത്രം സേതുരാമയ്യര്‍ സിബിഐ പുറത്തിറങ്ങുന്നത്. സേതുരാമയ്യരുടെ ശത്രുപക്ഷത്ത് ശക്തനായ ഒരു എതിരാളിയെ സൃഷ്ടിക്കേണ്ടത് ഉണ്ടായിരുന്നു. സായികുമാറിനെ ദേവദാസിന്‍റെ മകന്‍ സത്യദാസായി അവതരിപ്പിക്കുക എന്ന തന്ത്രമാണ് തിരക്കഥാകൃത്തായ എസ്.എന്‍. സ്വാമിയും സംവിധായകന്‍ കെ. മധുവും പയറ്റിയത്. സത്യദാസിന്‍റെ കഥാപാത്രത്തെ സൂക്ഷമമായി നിരീക്ഷിച്ചാല്‍ അറിയാം ദേവദാസിന്‍റെ മാനറിസങ്ങളാണ് സായ്കുമാര്‍ അനുകരിച്ചിരിക്കുന്നതെന്ന്.

ജെയിംസ് പള്ളിത്തറ

പൗരുഷത്തിന്‍റെയും കരുത്തിന്‍റെയും പ്രതീകമായിരിക്കണം പൊലീസ് എന്ന ധാരണകളെയെല്ലാം പൊളിച്ചടുക്കിയ കഥാപാത്രത്തമാണ് ആനവാല്‍ മോതിരത്തിലെ ശ്രീനിവാസന്‍റെ സിഐ ജെയിംസിന്‍റെ കഥാപാത്രം. ഭീരുവും അലസനുമായ കഥാപാത്രം. ചക്ക വീണു മുയല്‍ ചത്തതുപോലെ അബദ്ധദ്ധങ്ങളിലൂടെ അദ്ദേഹം പല കേസുകളിലും കുറ്റവാളികളെ പിടികൂടുന്നു. മരണഭയം അദ്ദേഹത്തെ സാഹസികമായ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നതോടെ കഥയുടെ ഗതി മാറുന്നു.

ഇന്‍സ്പെക്ടര്‍ ബലറാമിനെ സൃഷ്ടിച്ച ടി. ദാമോദരന്‍ തന്നെയാണ് ആനവാല്‍ മോതിരത്തിലെ ജെയിസിനെയും സൃഷ്ടിച്ചിരിക്കുന്നത് എന്നത് കൗതുകം ഉണര്‍ത്തുന്നു. തീവ്രത്തിലും ബുദ്ധിശാലിയും അതേ സമയം ഭീരുവുമായ അലക്സാണ്ടര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലും ശ്രീനിവാസന്‍ തിളങ്ങുന്നു.

ഐജി ഗീതാ പ്രഭാകര്‍

നായകന്‍മാര്‍ ആധിപത്യം പുലര്‍ത്തുന്ന കാക്കി വേഷങ്ങളില്‍ നായികമാര്‍ക്കു വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാറില്ല. അവസരം ലഭിച്ചവര്‍ പലരും പൊലീസ് വേഷങ്ങളില്‍ വേണ്ടത്ര ശോഭിച്ചിട്ടുമില്ല. എന്നാല്‍ ഈ വാദങ്ങള്‍ക്കൊരു മറുപടിയായിരുന്നു ദൃശ്യത്തിലെ ആശാ ശരത്തിന്‍റെ ഐജി ഗീതാ പ്രഭാകറിന്‍റെ വേഷം.

asha-sarath-drishyam

ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ കൂര്‍മതയും കൗശലവും മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ വികാര വിക്ഷോഭങ്ങളും തന്മയത്വത്തോടെ അവതരിപ്പിക്കുന്നു ആശ. ഈ അഭിനയ മികവാണ് ചിത്രത്തിന്‍റെ തമിഴ് റീമേക്കായ പാപനാശത്തിലേക്കും ആശക്കു അവസരം ഒരുക്കിയത്. ചിത്രത്തിലെ കലാഭവന്‍ ഷാജോണിന്‍റെ ക്രൂരനായ കോണ്‍സ്റ്റബിള്‍ വേഷവും പ്രേക്ഷകര്‍ക്കു മറക്കാനാവില്ല.