Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പർതാരങ്ങളുടെ ഫാൻസ് അസോസിേയഷനുകളുടെ അണിയറക്കഥ

fans-1

സ്വിച്ചിട്ടാലുടൻ കറങ്ങുന്ന ഫാൻപോലെതന്നെയാണു ഫാൻസ് അസോസിയേഷനുകളുടെയും പ്രവർത്തനം. ഇഷ്ടതാരത്തിന്റെ സിനിമ റിലീസാകുന്ന ദിവസം നേരം വെളുക്കും മുൻപേ കൃത്യമായി അവർ തിയറ്ററുകളിലെത്തും. ഗേറ്റ് തുറന്നുകിട്ടിയാൽപിന്നെ പിടിച്ചാൽ കിട്ടാത്ത ആവേശം. ആനയെഴുന്നള്ളിപ്പ്, പടക്കം പൊട്ടിക്കൽ, പാലഭിഷേകം, ചെണ്ടമേളം, കാവടിയാട്ടം, പായസവിതരണം... അങ്ങനെ ഇല്ലാത്ത പരിപാടികളില്ല! ഇവർക്കെന്താ തലയ്ക്കു വല്ല ഓളവുമുണ്ടോ? ഇങ്ങനെയുമുണ്ടോ ഒരാരാധന? ഇത്രേം പടക്കം പൊട്ടിക്കാനൊക്കെ ഇവർക്കെവിടുന്നാ പണം? അത്രമേൽ കട്ട ആരാധനയൊന്നും ഒരു താരത്തോടുമില്ലാത്ത സാദാ മലയാളിക്ക് ഒരിക്കലെങ്കിലും ഇങ്ങനെ തോന്നിക്കാണണം.

ഏറെക്കാലത്തിനുശേഷം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പടങ്ങൾ ഒരുമിച്ചു റിലീസായതോടെ ഫാൻസ് അസോസിയേഷനുകൾക്ക് ഇരട്ടി ഉണർവിലാണ്. പടമിറങ്ങി ദിവസങ്ങളായിട്ടും പുലിമുരുകനും തോപ്പിൽ ജോപ്പനും പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്കു മുന്നിൽനിന്നു ഫാൻസുകാർ വിട്ടുപോയിട്ടില്ല.

Pulimurugan | First Day, First Show | Theatre Response | Manorama Online

പ്രമുഖ നടന്മാരുടെ പേരിൽ ചുരുങ്ങിയത് ഏഴ് ഫാൻസ് അസോസിയേഷനുകളെങ്കിലും കേരളത്തിൽ റജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നുണ്ട്. ലവേഴ്സ്, ഫ്രണ്ട്സ്, വെൽവിഷേഴ്സ് തുടങ്ങിയ പേരുകളിൽ അത്ര എസ്റ്റാബ്ലിഷ്ഡ് അല്ലാത്ത അസോസിയേഷനുകൾ വേറെയും. സ്വന്തം താരത്തിന്റെ പടത്തിനു പരമാവധി പ്രമോഷൻ നൽകുക, എതിരാളി താരത്തിന്റെ പടം ഇടിച്ചുതാഴ്ത്തുക, ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യുക തുടങ്ങിയവയാണു ഫാൻസ് അസോസിയേഷനുകളുടെ പ്രധാന കർമപരിപാടികൾ.

സ്വന്തം താരത്തിന്റെ പടം റിലീസ് ചെയ്ത ശേഷമുള്ള ആദ്യദിവസങ്ങളിൽ തിയറ്ററിനുൾവശവും പരിസരവും ഇവരുടെ കർശന നിരീക്ഷണത്തിലായിരിക്കും. തിയറ്ററിൽ മനഃപൂർവം പ്രശ്നമുണ്ടാക്കുന്നതാരൊക്കെയെന്നും കൂവിത്തോൽപിക്കാൻ ശ്രമിക്കുന്നതാരൊക്കെയെന്നും ഇവർ ശ്രദ്ധിക്കുന്നുണ്ടായിരിക്കും.

ഇഷ്ടതാരത്തിന്റെ എല്ലാ പടങ്ങളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ (എഫ്ഡിഎഫ്സ് എന്നു ചുരുക്കപ്പേര്) തിക്കും തിരക്കും കൂട്ടാതെ മനസ്സമാധാനമായി കാണാനുള്ള അവസരമുണ്ടാക്കുകയെന്നതാണു ഫാൻസ് അസോസിയേഷന്റെ ആത്യന്തിക ലക്ഷ്യം. എല്ലാ സംഘടനകളും റിലീസിങ് ദിവസം രാവിലെ പത്തിനു മുൻപു തന്നെ പ്രമുഖ തിയറ്ററുകളിൽ ഫാൻസിനു മാത്രമായി സ്പെഷൽ ഷോ സംഘടിപ്പിക്കും. സാധാരണ കൊടുക്കുന്നതിനെക്കാൾ പത്തോ ഇരുപത്തഞ്ചോ രൂപ അധികം നൽകിയാൽ ആർക്കും ഫാൻസുകാരുടെ ടിക്കറ്റ് എടുക്കാം.

Thoppil Joppan and Pulimurugan released | Manorama News

താരത്തെ സ്ക്രീനിൽ കാണിക്കുമ്പോൾത്തന്നെ എഴുന്നേറ്റുനിന്ന് ആർപ്പുവിളിക്കുന്നവരെ കണ്ടാൽ ഉറപ്പിക്കാം, ഫാൻസ് അസോസിയേഷനിൽ അംഗമാണ്! ഫാൻസ് അസോസിയേഷനുകളുടെ പ്രധാന വരുമാനമാർഗവും ഈ സ്പെഷൽ ടിക്കറ്റ് വിൽപനയാണ്.

തിയറ്ററുകാർക്കു മൊത്തം സീറ്റിന്റെ പണവും ജീവനക്കാർക്കുള്ള ബത്തയും കൊടുത്താൽ ഏത് അസോസിയേഷൻകാർക്കും ഫാൻസ് ഷോ സംഘടിപ്പിക്കാം. മിക്ക അസോസിയേഷനുകളും അംഗങ്ങളിൽനിന്നു പണം പിരിച്ചാണു പ്രമോഷൻ നടത്തുന്നതെങ്കിലും ഫ്ളെക്സ് വയ്ക്കുന്നതിനും പാലഭിഷേകം നടത്തുന്നതിനുമെല്ലാം സ്പോൺസർമാരുടെ കീശ തപ്പുന്ന ആരാധകരും കുറവല്ല. ആരാധകസംഘടനകളുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു നടന്മാർ നേരിട്ടും ധനസഹായം നൽകും. സിനിമയുടെ പ്രമോഷൻ നടത്തുന്ന ഫാൻസുകാർക്കു പ്രൊഡ്യൂസർമാരും പണം കൊടുക്കും.
പക്ഷേ, ഇതൊന്നും ആരും പരസ്യമായി സമ്മതിക്കാറില്ല. എല്ലാം നമ്മളോടുള്ള ഇഷ്ടം മൂത്ത് ആരാധകർ സ്വന്തം നിലയിൽ ചെയ്യുന്നതാണെന്നേ പല താരങ്ങളും പുറത്തു പറയൂ.

മറ്റൊരു നടന്റെയും കട്ട ഫാനാകാൻ പാടില്ലെന്നതാണ് ഏതു ഫാൻസിലും ആളെയെടുക്കുന്നതിനുള്ള പ്രധാന നിബന്ധന. എങ്കിലും തമിഴ് നടന്മാരുടെ കാര്യത്തിൽ ഇളവുണ്ട്. മിക്ക ജില്ലകളിലും മലയാളത്തിൽ പൃഥ്വിരാജിന്റെയും തമിഴിൽ വിജയ്ന്റെയും ഫാൻസ് അസോസിയേഷനിൽ ഒരേ ആളുകൾത്തന്നെയാണ്. ദിലീപിനും അജിത്തിനും ഒരേ ഫാൻസുകാർ ഉള്ള യൂണിറ്റുകളുണ്ട്. ദുൽഖർ സൽമാന്റെ ഫാൻസ് അസോസിയേഷൻ സജീവമായിത്തുടങ്ങുന്നതേയുള്ളൂ. അതിനാൽ ദുൽഖറിനുവേണ്ടി പോസ്റ്ററും ഫ്ളെക്സും ഉയർത്തുന്നവരിൽ കൂടുതലും മമ്മൂട്ടി ഫാൻസുകാരാകും. മോഹൻലാൽ ഫാൻസുകാർ പ്രണവ് മോഹൻലാൽ നായകനാകാൻ കാത്തിരിക്കുകയാണ്. ജയറാം ഫാൻസുകാർ കാളിദാസനു വേണ്ടിയും.

ഇഷ്ടതാരത്തിന്റെ സിനിമ ഇറങ്ങുന്നതിന്റെ ഒരാഴ്ച മുൻപെങ്കിലും സംസ്ഥാന സമിതികൾ യോഗം ചേർന്നു ജില്ലാ അടിസ്ഥാനത്തിൽ നടത്തേണ്ട പ്രചാരണ പ്രവർത്തനങ്ങൾ തീരുമാനിക്കും. ഈ നിർദേശങ്ങൾ താഴെത്തട്ടിലെത്തിക്കും. പ്രധാന തിയറ്ററുകളിലെല്ലാം സംസ്ഥാന നേതാക്കൾ തന്നെ നേരിട്ടു മേൽനോട്ടം വഹിക്കും. നടന്മാർ ഇടയ്ക്കിടെ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടുകൊണ്ടുമിരിക്കും.

യുവനടന്മാരിൽ ജയസൂര്യ, നിവിൻപോളി, ആസിഫ് അലി, ഉണ്ണി മുകുന്ദൻ എന്നിവരുടെ ഫാൻസ് പ്രവർത്തനങ്ങൾ സജീവമാണ്. നടിമാർക്കു ഫാൻസ് അസോസിയേഷനുകളൊന്നും നിലവിൽ കേരളത്തിൽ റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും നടന്മാരുടെ ഫാൻസിൽ സ്ത്രീകൾക്കും അംഗത്വമെടുക്കാം. അംഗത്വത്തിന് ആൺ–പെൺ–പ്രായവ്യത്യാസമില്ല. ഓട്ടോ ഡ്രൈവർമാർ മുതൽ ഐടി പ്രഫഷനൽസ് വരെ അംഗങ്ങളായുണ്ട്.
 

Your Rating: