Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഹൈ സെക്യൂരിറ്റി’ ജയിൽ കോംപ്ലക്സിൽ ഷൂട്ടിങ് സെറ്റ്! ശ്വേത ചിത്രം വിവാദത്തിൽ

shwetha

തീവ്രവാദ– രാജ്യദ്രോഹക്കേസുകളിൽ ഉൾപ്പെട്ട തടവുകാരെ പാർപ്പിക്കാൻ രാജ്യത്താദ്യമായി വിയ്യൂരിൽ നിർമിച്ച അതീവ സുരക്ഷാ ജയിലിനുള്ളിൽ അനുമതി ലംഘിച്ചു സിനിമാ ചിത്രീകരണം! ജയിൽ കെട്ടിടത്തിനുള്ളിൽ സെറ്റിടാനായി ചുമരുകളുടെ രൂപം മാറ്റുകയും വർണശബളമായി ചായം പൂശുകയും ചെയ്തതു ജയിൽ വകുപ്പിനെ ഞെട്ടിച്ചു.

സംഭവത്തിൽ ജയിൽ സൂപ്രണ്ടിനോട് ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടി. ജയിലിനു പുറത്തു ചിത്രീകരണത്തിനാണ് അനുമതി നൽകിയതെന്നും കെട്ടിടത്തിനുള്ളിൽ സെറ്റിട്ടു ഷൂട്ടിങ് നടത്തിയത് അറിഞ്ഞിട്ടില്ലെന്നുമാണു ജയിൽ സൂപ്രണ്ടിന്റെ വിശദീകരണം. ശ്വേത മേനോൻ ആൺവേഷത്തിൽ അഭിനയിക്കുന്ന ‘നവൽ എന്ന ജ്യുവൽ’ എന്ന ചിത്രത്തിന്റെ ചിത്രീകരണമാണു വിവാദം സൃഷ്ടിക്കുന്നത്.

വിയ്യൂർ സെൻട്രൽ ജയിലിനോടു ചേർന്നുള്ള ഹൈ സെക്യൂരിറ്റി ജയിലിനു പുറത്തു സിനിമാ ചിത്രീകരണത്തിനായി അണിയറ പ്രവർത്തകർക്കു ജയിൽവകുപ്പ് അനുമതി നൽകിയിരുന്നു. ജയിലിന്റെ ഉൾവശം ചിത്രീകരിക്കില്ലെന്നും ജയിലിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും വസ്തുവകകൾ നശിപ്പിക്കില്ലെന്നും തടവുപുള്ളികളുടെ ചിത്രം പകർത്തില്ലെന്നും ഉറപ്പുവാങ്ങിയ ശേഷമായിരുന്നു അനുമതി നൽകിയത്.

എന്നാൽ, ജയിലിനുള്ളിൽ 15 ദിവസം നീണ്ട ഷൂട്ടിങ്ങിനിടെ സിനിമാസംഘം ഹൈ സെക്യൂരിറ്റി കോംപ്ലക്സിനുള്ളിൽ കടന്നു സെറ്റിട്ടു ചിത്രീകരണം നടത്തി. ജയിലിനുള്ളിൽ അതീവ രഹസ്യ സ്വഭാവമുള്ള ഭാഗങ്ങളിൽ ചിത്രീകരണം നടന്നിട്ടുണ്ടോ എന്നുപോലും അധികൃതർക്കു വ്യക്തതയില്ല.

സെൻട്രൽ ജയിലുകൾക്കുള്ളിലെ അതീവ സുരക്ഷാ ബ്ലോക്കുകളിൽ തീവ്രവാദ കേസുകളിലെ പ്രതികളെ പാർപ്പിക്കുന്നതു സുരക്ഷാ വീഴ്ചയ്ക്കിടയാക്കുമെന്ന വിലയിരുത്തലിലാണു നാലു മാസം മുൻപു വിയ്യൂർ സെൻട്രൽ ജയിലിനോടു ചേർന്നു രാജ്യത്തെ ആദ്യ ഹൈ സെക്യൂരിറ്റി ജയിൽ പ്രവർത്തനം തുടങ്ങിയത്.

ജയിലിന്റെ ഉദ്ഘാടനച്ചടങ്ങിൽ മാധ്യമപ്രവർത്തകരുടെ ക്യാമറ പോലും ഉള്ളിൽ കടത്താത്ത വിധം അധികൃതർ കർശന സുരക്ഷ ഉറപ്പാക്കിയിരുന്നു. സിനിമാ ചിത്രീകരണം നിരീക്ഷിക്കുന്നതിൽ സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥർക്കു വീഴ്ച സംഭവിച്ചതായാണു സൂചന.

ആഭ്യന്തര സെക്രട്ടറിക്ക് ഇന്നലെ വിശദീകരണം നൽകിയിട്ടുണ്ടെന്നു സൂപ്രണ്ട് പറഞ്ഞു. ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ പരിശോധിച്ചു ജയിലിന്റെ രഹസ്യസ്വഭാവം ചോർന്നിട്ടില്ലെന്ന് ഉറപ്പാക്കാൻ കഴിയുമോ എന്ന ആലോചനയിലാണു ജയിൽവകുപ്പ്.