Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാന ജൂറിയോട് 5 ചോദ്യങ്ങൾ

poster-malayalam

എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു ജൂറിക്കും അവാർഡ് പ്രഖ്യാപിക്കാനാവില്ല. ഇക്കൊല്ലത്തെ സംസ്ഥാന അവാർഡുകളും പതിവു പോലെ തന്നെ പലരെയും നിരാശപ്പെടുത്തി. ചിലർ വിധി നിർണയത്തിനെതിരെ പ്രതികരിച്ചു. മറ്റു ചിലർ തീരുമാനം അംഗീകരിച്ചു.

പക്ഷേ സമൂഹമാധ്യമങ്ങളിലും മറ്റും ജൂറിയെയും അവാർഡ് നിർണയത്തെയും വിമർശിച്ച് അനവധി ആളുകളാണ് പോസ്റ്റുകളിടുന്നത്. സാധാരണ പ്രേക്ഷകർക്കും അവാർഡ് നിർണയം അത്ര പിടിച്ചിട്ടില്ലെന്ന സൂചനയാണിത്. ജൂറിയുടെ തീരുമാനത്തെ 100 ശതമാനം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും സോഷ്യൽമീഡിയയിൽ ജൂറിക്കെതിരെ ചില ചോദ്യങ്ങളും ഉയർന്നുവന്നു. അതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട അഞ്ച് ചോദ്യങ്ങൾ താഴെ കൊടുക്കുന്നു....

  1. മികച്ച നടനായി ദുൽക്കർ സൽമാനെ തിരഞ്ഞെടുത്തതിനെ ഒരു തരത്തിലും ചോദ്യം ചെയ്യുന്നില്ല. പക്ഷേ മമ്മൂട്ടിക്ക് അവാർഡ് കൊടുക്കാത്തതിനു കാരണമായി അദ്ദേഹം മുമ്പും ഇത്തരം റോളുകൾ ചെയ്തിട്ടുണ്ട്, അതു കൊണ്ട് കൊടുത്തില്ല എന്ന ന്യായമാണ് പറഞ്ഞു കേട്ടത്. പക്ഷേ അങ്ങനെ ഒരു താരതമ്യ പരിശോധനയ്ക്ക് ഇവിടെ പ്രാധാന്യമുണ്ടോ ? ഇത്തവണ മത്സരത്തിനു വന്ന 73 ചിത്രങ്ങളിലെ അഭിനയത്തിൽ ആരു മികച്ചു നിൽക്കുന്നുവെന്ന് മാത്രമല്ലേ പരിശോധിക്കേണ്ടത് ? കഴിഞ്ഞ പരീക്ഷകൾക്കെല്ലാം ഒരേ പോലെ പഠിച്ച് ഒന്നാം റാങ്ക് നേടിയ കുട്ടിയാണ് അതു കൊണ്ട് ഇപ്രാവശ്യം വേറെ കുട്ടിക്ക് ഒന്നാം റാങ്ക് കൊടുക്കാം എന്നു പറയുന്നതു ബാലിശമല്ലെ ഇൗ വാദം ?

  2. ലവ് 24X7 എന്ന സിനിമയുടെ സംവിധായികയായ ശ്രീബാല കെ മേനോനെയാണ് മികച്ച നവാഗത സംവിധായികയായി തിരഞ്ഞെടുത്തത്. അതേസമയം കലാമൂല്യത്തിലും പ്രേക്ഷക പ്രതികരണത്തിലും മുന്നിട്ടു നിന്ന ജനപ്രിയ സിനിമയ്ക്കുള്ള അവാർഡും നേടിയ എന്നു നിന്റെ മൊയ്തീൻ ഒരുക്കിയ ആർ എസ് വിമൽ തഴയപ്പെട്ടു. ഒപ്പം കുഞ്ഞിരാമായണം, വടക്കൻ സെൽഫി, സെക്കൻഡ് ക്ലാസ് യാത്ര, അനാർക്കലി, കെഎൽ 10, ഉറുമ്പുകൾ ഉറങ്ങാറില്ല... തുടങ്ങി ഒരു പിടി നവാഗത ചിത്രങ്ങൾ ഒരുക്കിയവരും. ഇൗ ചിത്രങ്ങളിൽ നിന്നെല്ലാം ലവ് 24X7 എന്ന ചിത്രം എങ്ങനെ വേറിട്ടു നിൽക്കുന്നു?

  3. അവാർഡ് ചിത്രമെന്നും കൊമേഴ്സ്യൽ ചിത്രമെന്നുമുള്ള വേർതിരിവിന്റെ അതിർവരമ്പുകൾ ഇല്ലാതാക്കിയ ചുരുക്കം ചില സിനിമകളിലൊന്നായിരുന്നു സലിം അഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച പത്തേമാരി. മികച്ച തിരക്കഥയും സംവിധാനവും അഭിനയവുമെല്ലാം കൂടി ചേർന്നിട്ടും പത്തേമാരി നിഷ്ക്കരുണം തഴയപ്പെട്ടു. പരാതിയില്ലെന്ന് സംവിധായകൻ പറഞ്ഞെങ്കിലും എല്ലാത്തരത്തിലുമുള്ള പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയ ചിത്രത്തിനെ ജൂറി കാണാതെ പോയത് എന്തേ?

  4. എന്നു നിന്റെ മൊയ്തീൻ, ഡബിൾ ബാരൽ, ലോർഡ് ലിവിങ്സ്റ്റൺ, പത്തേമാരി തുടങ്ങി കലാസംവിധാനത്തിൽ മികവ് പ്രകടിപ്പിച്ച ഒട്ടേറെ ചിത്രങ്ങൾ ഉണ്ടായിട്ടും അവാർഡ് ലഭിച്ചത് ചാർലിക്ക്. ചാർലിയിലെ കലാസംവിധാനത്തിന് പോരായ്മകളുണ്ടെന്നല്ല പറഞ്ഞു വരുന്നത്. മേൽപറഞ്ഞ ചിത്രങ്ങളിൽ നിന്നും അതിലെ കലാസംവിധാനത്തിന് അവാർഡിനർഹമായ എന്തു പ്രത്യേകതയാണുണ്ടായിരുന്നത്?

  5. കഴിഞ്ഞ വർഷം ഏറ്റവുമധികം കലക്ഷൻ നേടുകയും തീയറ്ററുകളിൽ നിറഞ്ഞോടുകയും ചെയ്ത് ചിത്രമായിരുന്നു പ്രേമം. പക്ഷേ ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് പോലും പ്രേമത്തിനു ലഭിച്ചില്ല. ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മൊയ്തീൻ മോശപ്പെട്ട സിനിമയല്ലെങ്കിലും ജനപ്രീതിയിൽ പ്രേമം തന്നെയല്ലെ മുന്നിൽ ? 10–ൽ താഴെ ആളുകൾ അംഗമായ ജൂറി എങ്ങനെയാണ് മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിന്റെ ജനപ്രീതി അളന്നത് ?

എല്ലാ അവാർഡുകളും അതു കൊടുക്കാനുള്ള കാരണവും ജൂറി പുറത്തിറക്കിയ പ്രസ്താവനയിൽ എഴുതിയിട്ടുണ്ട്. പക്ഷേ ഒന്ന് ഒന്നിനെക്കാൾ എങ്ങനെ മികച്ചു നിന്നു എന്നു മാത്രം എവിടെയും പരാമർശിച്ചു കണ്ടില്ല. എല്ലാ വിഭാഗത്തിലും അങ്ങനെ വിശദീകരണം നൽകാൻ കഴിയില്ലെങ്കിലും കടുത്ത പോരാട്ടം നടന്ന മത്സരങ്ങളിൽ ഒന്ന് ഒന്നിനെക്കാൾ എങ്ങനെ മുന്നിട്ടു നിന്നുവെന്ന് വ്യക്തമാക്കാമായിരുന്നില്ലേ? ഒരു വിവാദത്തിന് തിരി വയ്ക്കാൻ വേണ്ടി ഉന്നയിക്കുന്ന ചോദ്യങ്ങളല്ല ഇതൊന്നും. പക്ഷേ ഒരു സാധാരണക്കാരന്റെ സാമാന്യ ബുദ്ധിയിൽ ഉയരുന്ന സംശയങ്ങളാണ് ഇവ.

Your Rating: