Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകള്‍ വിചാരിച്ചാലും ബോക്സോഫീസ് ഹിറ്റുണ്ടാക്കാം: ഫ്രെയ്ഡ പിന്റോ

frieda ഫ്രെയ്ഡ പിന്റോ

ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളിൽ സ്ത്രീകഥാപാത്രങ്ങൾക്കു പ്രാധാന്യം വർധിച്ചു വരുന്നുവെന്നും സിനിമ സ്ത്രീകളെ അവതരിപ്പിക്കുന്ന രീതിയിൽ മാറ്റം വന്നിട്ടുണ്ടെന്നും ഇന്ത്യൻ വംശജയായ ഹോളിവുഡ് താരം ഫ്രെയ്ഡ പിന്റോ. ബോക്സ് ഓഫീസിൽ സ്ത്രീകൾ വിജയിക്കാറില്ലെന്നതു പഴമ്പുരാണമായി മാറിയെന്നും താരം കൂട്ടിച്ചേർക്കുന്നു.

ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം സ്റ്റാർ വാർസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഡെയ്സി റിഡ്‌ലെയ് എന്ന നടിയാണ്. ജെന്നിഫർ ലോറൻസ് പ്രധാന വേഷത്തിലെത്തുന്ന ദ ഹംഗർ ഗെയിംസ് മറ്റൊരുദാഹരണം. ഇതും മികച്ച കളക്ഷൻ നേടിയിരുന്നു. ഉടൻ പുറത്തിറങ്ങുന്ന റൂം ആൻഡ് കാരൾ എന്ന ചിത്രത്തിലും ഒരു നടിയാണു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

freida-printo ഫ്രെയ്ഡ പിന്‍റോ

ചിത്രങ്ങളിൽ സ്ത്രീകൾക്കു പ്രാധാന്യം വർധിക്കുന്നതിനൊപ്പം തന്നെ വംശീയ വേർതിരിവു കുറയുന്നുവെന്നും ഫ്രെയ്ഡ സാക്ഷ്യപ്പെടുത്തുന്നു. മുൻപ് ഓരോ അഭിനേതാവിനും അവന്റെ നിറത്തിനും ജന്മരാജ്യത്തിനും ചേരുന്ന റോളുകൾ മാത്രമേ ലഭിച്ചിരുന്നുള്ളുവെങ്കിൽ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. അമേരിക്കന്‍, ബ്രിട്ടീഷ്, ഇന്ത്യൻ എന്നിങ്ങനെ ജനിച്ച രാജ്യത്തിന്റെയും നിറത്തിന്റെയും അടിസ്ഥാനത്തിൽ അഭിനേതാക്കളെ കാണുന്ന കാഴ്ചപ്പാട് ഇന്നു ആഗോളതലത്തിൽ സിനിമാലോകത്തു നിന്ന് അപ്രത്യക്ഷമാകുന്നുവെന്നും നടി കൂട്ടിച്ചേർക്കുന്നു.

ഏറെ ശ്രദ്ധയാകർഷിച്ച സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു കടന്നുവന്ന നടിയാണു ഫ്രെയ്ഡ. കഴിഞ്ഞ എട്ടു വർഷമായി അമേരിക്കയിൽ താമസമാക്കിയ നടി ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടു തന്നെ പേരും പെരുമയും നേടിയെടുത്തയാളാണ്. മിറാൾ, ഡേ ഓഫ് ദ ഫാൾകൺ, ഇമ്മോർട്ടൽസ്, ഡസേർട്ട് ക്യാൻസർ, സ്ലംഡോഗ് മില്യണയർ തുടങ്ങിയവയാണു പ്രധാന ചിത്രങ്ങൾ. പെപ്സിക്കു വേണ്ടി അടുത്തിടെ ബ്ലാക് നൈറ്റ് ഡികോഡഡ് എന്ന ഹ്രസ്വചിത്രത്തിൽ അടുത്തിടെ നടി പ്രത്യക്ഷപ്പെട്ടിരുന്നു.

അടുത്തിടെ ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, ഇർഫാൻ ഖാൻ, സൂരജ് ശര്‍മ എന്നിവർക്കും ഹോളിവുഡ് സിനിമയിൽ അവസരം ലഭിച്ചിരുന്നു. സിനിമാലോകം പതിയെ മാറുകയാണെന്ന് ഇതു ചൂണ്ടിക്കാട്ടി ഫ്രെയ്ഡ പറയുന്നു. ആഗോളസിനിമയിൽ ഈ മാറ്റം കൂടുതൽ പ്രകടമാണെന്നു പറഞ്ഞ ന‌ടി മാറ്റമുൾക്കൊള്ളുന്നതിൽ ഇന്ത്യൻ സിനിമ അൽപം പിന്നോക്കം നിൽക്കുന്നുവെന്നും നടി അഭിപ്രായപ്പെട്ടു.

Your Rating: