Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി അറിയാതെ പോയി ഗപ്പിയുടെ മേന്മ

john-paul-1 ജോൺ പോൾ ജോർജ്

ഒരു സിനിമ പരാജയപ്പെട്ടാൽ അത് ഫെയ്സ്ബുക്കിലും ഒാൺലൈൻ സൈറ്റുകളിലും വന്ന മോശം നിരൂപണങ്ങൾ മൂലമാണെന്ന് ആരോപിക്കുന്നവരാണ് അധികവും. എന്നാൽ ഒരു നെഗറ്റീവ് റിവ്യൂ പോലും ഇല്ലാതിരുന്ന എല്ലാവരും നല്ലതെന്ന് മാത്രം പറഞ്ഞ ‘ഗപ്പി’ എന്ന സിനിമ തീയറ്ററിൽ പരാജയപ്പെട്ടതെങ്ങനെയെന്ന് ആരെങ്കിലും അന്വേഷിച്ചോ ? ഡിവിഡി റിലീസായ ശേഷം ഇൗ സിനിമയ്ക്ക് ലഭിക്കുന്ന വൻ സ്വീകാര്യത തീയറ്ററിൽ ലഭിക്കാഞ്ഞതെന്തുകൊണ്ടെന്ന് ഒാർത്ത് അത്ഭുതപ്പെടുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

guppy-movie

ഗപ്പി എന്ന ചിത്രം റിലീസായ അന്നു തന്നെ ഗപ്പി വെറും മീനല്ല, ഒരു മാലാഖയാണ് എന്ന തലക്കെട്ടോടെ മനോരമ ഒാൺലൈൻ റിവ്യൂ പ്രസിദ്ധീകരിച്ചിരുന്നു. വളരെ മനോഹരമായ കൊച്ചു ചിത്രമെന്ന് സിനിമയെ വിശേഷിപ്പിക്കുന്നതായിരുന്നു പ്രസ്തുത നിരൂപണം. മനോരമയിൽ മാത്രമല്ല മറ്റു പല ഒാൺലൈൻ സൈറ്റുകളിലും ഫെയ്സ്ബുക്കിലാകെയും ചിത്രത്തെക്കുറിച്ച് പുകഴ്ത്തലുകൾ മാത്രം. എല്ലാവരും നല്ലതു മാത്രം പറഞ്ഞിട്ടും ഗപ്പി കാണാൻ തീയറ്റിൽ ആരു പോയില്ല. മാസും മസാലയുമൊന്നുമില്ലാതെ നന്മയുള്ള ഒരു നല്ല സിനിമയെടുത്ത സംവിധായകനും നിർമാതാവും പ്രേക്ഷകരുടെ മോശം പ്രതികരണം കണ്ട് അമ്പരന്നു.

ഗപ്പി വെറും മീനല്ല, ഒരു മാലാഖയാണ്; റിവ്യു..

guppy

നവാഗത സംവിധായകനായ ജോൺ പോൾ ആദ്യ ദിനം ചിത്രത്തിന് കിട്ടിയ മികച്ച പ്രതികരണങ്ങളിൽ ഏറെ സന്തോഷിച്ചു. പക്ഷേ പിന്നീടങ്ങോട്ട് തീയറ്ററിൽ ആളു കയറാതിരുന്നതോടെ കാരണമെന്തെന്നറിയാതെ അദ്ദേഹം കുഴങ്ങി. ആരും മോശമെന്ന് പറയുന്നില്ല. പക്ഷേ കാണാനാരുമില്ല താനും. ചെറിയ സാമ്പത്തിക നഷ്ടം വരുത്തി ഗപ്പി തീയറ്ററിൽ നിന്ന് തിരികെ കയറി. ഒരു മോശം സിനിമ പരാജയപ്പെട്ടാൽ അത് സാമ്പത്തിക നഷ്ടം മാത്രമേ വരുത്തൂ. പക്ഷേ ഇൗ ചിത്രത്തിന്റെ പരാജയം എല്ലാവരെയും മാനസികമായും തളർത്തി.

മാസങ്ങൾക്ക് ശേഷം ഡിവിഡി പുറത്തിറങ്ങിയപ്പോഴും അണിയറക്കാർ ആരും വലിയ അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചില്ല. പക്ഷേ തീയറ്ററിൽ കിട്ടാഞ്ഞത് ഗപ്പി ഡിവിഡിയിൽ സ്വന്തമാക്കി. അനേകം ആളുകളിലേക്ക് ചിത്രമെത്തി. തീയറ്ററിൽ കണ്ടില്ലല്ലോ എന്ന പശ്ചാത്താപപ്പെരുമഴ. പക്ഷേ അതൊന്നും സിനിമയുണ്ടാക്കിയ നഷ്ടത്തെ മറികടക്കാൻ സഹായിക്കുന്നതല്ലല്ലോ.

john-paul

സംവിധായകനായ ജോൺ പോൾ തന്റെ മൊബൈൽ ഒാഫാക്കി വച്ചു. മറ്റൊന്നും കൊണ്ടല്ല. സിനിമ മികച്ചതാണെന്നും തീയറ്ററിൽ കാണാൻ സാധിക്കാത്തതിൽ മാപ്പെന്നും പറഞ്ഞുള്ള ഫോൺവിളികളും സന്ദേശങ്ങളും. സംവിധായകനെന്ന നിലയിൽ തന്റെ സിനിമ നല്ലതാണെന്ന് കേൾക്കുന്നത് സന്തോഷകരമാണെങ്കിലും ജോണിനെ അതൊക്കെ ഏറെ വിഷമിപ്പിച്ചു. കൊതിച്ച സമയത്ത് കിട്ടിയില്ല. വിധിച്ച സമയത്ത് കിട്ടിയിട്ടും കാര്യവുമില്ല. ഡിവിഡിയിലും ടോറന്റിലും പടം ഹിറ്റായാൽ മുടക്കിയ പണം നിർമാതാവിന് ലഭിക്കില്ലല്ലോ.

ഇൗ ഒാണത്തിനിറങ്ങിയ വെൽക്കം ടു സെൻട്രൽ ജെയിൽ എന്ന ദിലീപ് ചിത്രത്തിന് ഒരുപാട് നെഗറ്റീവ് റിവ്യൂകൾ വന്നതാണ്. പക്ഷേ ആ സിനിമ ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു. ആളുകൾ നിരൂപണത്തെക്കാൾ കൂടുതൽ ദിലീപ് എന്ന താരത്തിൽ വിശ്വസിക്കുന്നു എന്നതു തന്നെ കാരണം. ഗപ്പി എന്ന ചിത്രത്തെക്കുറിച്ച് നല്ല നിരൂപണങ്ങൾ വന്നിട്ടും ആരും ചിത്രം തീയറ്ററിൽ കാണാൻ പോയില്ല. ഇഷ്ടതാരങ്ങൾ ഇല്ലാത്തതാവാം കാരണം. അല്ലെങ്കിൽ റിലീസ് സമയം മോശമായിട്ടായിരിക്കാം. അല്ലെങ്കിൽ മാർക്കറ്റിങ്ങിലെ പാളിച്ചയാവാം. പക്ഷേ പരാജയം പരാജയം തന്നെയാണല്ലോ.

നല്ല പ്രേക്ഷകരെന്ന് നിലയിൽ ടോറന്റിലോ യുട്യൂബിലോ അല്ല നാം സിനിമയെ വിജയിപ്പിക്കേണ്ടത്. ഗപ്പി പോലെയുള്ള മികച്ച ചിത്രങ്ങൾ വരും തലമുറ ഒാർക്കണമെങ്കിൽ അവ തീയറ്ററിൽ വിജയമാവണം. എങ്കിൽ മാത്രമെ ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് വീണ്ടും നല്ല സിനിമകൾ നൽകാൻ സാധിക്കൂ. ഗപ്പിക്കുണ്ടായ അനുഭവം ഇനിയൊരു സിനിമയ്ക്കും ഉണ്ടാവാതിരിക്കാൻ പ്രേക്ഷകരായ നമുക്ക് മനസ്സു വയ്ക്കാം.

Your Rating: