Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാപ്പി ബർത്ഡേ ദിലീപ്...

dileep

ഒക്ടോബർ 27ന് ഗോപാലകൃഷ്ണന്റെ പിറന്നാളാണ്. ഗോപാലകൃഷ്ണനു പറഞ്ഞാൽ ‘ഏത് ഗോപാലകൃഷ്ണൻ? എന്ന ചോദ്യം വന്നേക്കാം. പക്ഷേ, ദിലീപെന്നു പറഞ്ഞാൽ കഥ മാറി. മലയാളത്തിലെ ജനകീയ സൂപ്പർസ്റ്റാറിന്റെ ആരാധകർ ഇളകും. പുഷ്പ വൃഷ്ടിയും മധുര വിതരണവുമൊക്കെയായി ആഘോഷം കൊഴുക്കും.

സഹസംവിധായകനായി മലയാള സിനിമയിലേക്കു കടന്നുവന്ന ഗോപാലകൃഷ്ണൻ സ്കൂൾ— കോളജു കാലത്ത് കലാമൽസരങ്ങളിലൊന്നും സജീവമായി പങ്കെടുത്തിരുന്നില്ല. ആലുവ പത്മ സരോവരത്തിൽ പത്മനാഭൻ പിള്ളയുടെയും സരോജത്തിന്റെയും മകന് പഠനത്തെക്കാൾ പ്രിയം മിമിക്രിയും സിനിമയുമൊക്കെയായിരുന്നു. ഒരു പരീക്ഷണം നടത്തിനോക്കുന്നതു തന്നെ കോളജിലാണ്. ആലുവ യുസി കോളജിൽ പഠിക്കുമ്പോൾ മിമിക്രിയിൽ ഒരു കൈവച്ചു നോക്കിയെങ്കിലും വേണ്ടത്ര വിജയമായില്ലെന്നു പറയാം. പിന്നീട് മഹാരാജാസ് കോളജിലെത്തിയപ്പോഴേക്കും കഥ മാറി. മിമിക്രിയിലൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.

കൊച്ചിൻ കലാഭവനിലേക്കും പിന്നീട് ഹരിശ്രീയിലേക്കും പോകുന്നതോടെയാണ് ഗോപാലകൃഷ്ണനെ കേരളം അറിഞ്ഞുതുടങ്ങുന്നത്. കലാഭവനിൽ വച്ചാണ് ഗോപാലകൃഷ്ണൻ എന്നതിനു പകരം ദിലീപ് എന്ന പേരു സ്വീകരിക്കുന്നത്. സിനിമയിലേക്കുള്ള പടിയായാണ് ദിലീപ് മിമിക്സ് പരേഡിനെ കണ്ടിരുന്നത്. ജയറാ മടക്കം പല നടൻമാരും മിമിക്രിവേദികളിൽ നിന്നു സിനിമാലോകത്ത് എത്തിയ കാലമായിരുന്നു അത്. കലാഭവനിൽ വച്ച് നടൻ ജയറാമുമായുള്ള പരിചയവും വഴിത്തിരിവായി. അഭിനയിക്കാനുള്ള അവസരം തേടിയാണ് ദിലീപ് ജയറാമിനെ പോയി കണ്ടു സംസാരിക്കുന്നത്. ജയറാമിന്റെ സഹായത്തോടെ സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി.

Dileep | I Me Myself | Manorama Online

വിഷ്ണുലോകം, എന്നോടിഷ്ടം കൂടാമോ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ദിലീപ് സഹസംവിധായകനായിരുന്നു. ക്യാമറയ്ക്കു പിന്നിൽ നിന്ന് ദിലീപിനെ ക്യാമറയ്ക്കു മുന്നിലേക്ക് എത്തിച്ചതും കമൽ തന്നെയായിരുന്നു. ‘എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം. പിന്നീട് ജോഷിയുടെ ‘സൈന്യത്തിൽ മമ്മൂട്ടിക്കൊപ്പം. മാനത്തെ കൊട്ടാരമായിരുന്നു ആദ്യ നായകവേഷം. ചിത്രം തരക്കേടില്ലാത്ത വിജയം നേടിയതോടെ ദിലീപ് എന്ന മിമിക്രിക്കാരൻ പയ്യൻ മെല്ലെ സിനിമാതാരമായി മാറുകയായിരുന്നു.

dileep-actor

എന്നും ദിലീപിനു മികച്ച വേഷങ്ങൾ നൽകിയിട്ടുള്ള ലോഹിതദാസ് സല്ലാപം എന്ന തിരക്കഥ ഒരുക്കിയപ്പോൾ ദിലീപ് അതിൽ നായകനായി മാറി. സുന്ദർദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മഞ്ജുവിനൊപ്പം ദിലീപ് നടിച്ചു. സൂപ്പർഹിറ്റ് വിജയങ്ങളുടെ തുടക്കം ഈ ചിത്രത്തിൽ നിന്നായിരുന്നു. മലയാളത്തിലെ മിക്ക നടിമാരും ആദ്യം നായികയായത് ദിലീപിനോടൊപ്പമാണ്. മഞ്ജു, കാവ്യ, നവ്യ, ദിവ്യ, മീര, നിത്യ, ജ്യോതിർമയി, മന്യ, ഭാവന, അഖില ഇങ്ങനെ എല്ലാവരും... നടിമാരുടെ ഭാഗ്യനായകനായി ദിലീപ് മാറി.

ഇടക്കാലത്ത് നല്ല ചിത്രങ്ങളുടെ ഏഴയലത്തുപോലും ദിലീപ് വരുന്നില്ലെന്നായിരുന്നു ഒരു പരാതി. എന്നാൽ ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’യിലൂടെ ദിലീപ് ആ ആരോപണവും കെട്ടുകെട്ടിച്ചു. നല്ല ചിത്രത്തിൽ നല്ല അഭിനയവും കാഴ്ചവച്ച് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാർഡും പോക്കറ്റിലിട്ട് കൂളായി ഒരു പോക്ക്. അപ്പോഴും മുഖത്ത് ആ ചിരിയുണ്ട്. ദിലീപിന്റെ ബോഡിഗാർഡായി കൂടെയുള്ള ആ ചിരി. ഈ ചിരിയിലാണ് എതിരാളികൾ പോലും നിരായുധരായി പോവുന്നത്.

dileep-meesamadhavan

സാധാരണ മിമിക്രിക്കാരനായി തുടങ്ങി മിമിക്രി കലർന്ന അഭിനയത്തിലൂടെ കടന്നുചെന്ന് യഥാർഥ അഭിനയം കാഴ്ചവച്ച് ദിലീപ് പടവുകൾ കയറുമ്പോൾ ആരും അദ്ഭുതപ്പെട്ടു പോവും. ദിലീപിനു കഴിയില്ലെന്നു കരുതിയതെല്ലാം ദിലീപ് ഒന്നൊന്നായി കീഴടക്കുകയാണ്. മായാമോഹിനിയിൽ സ്ത്രീ വേഷത്തിൽ ദിലീപ് എത്തിയപ്പോൾ അതു മിമിക്രിയാണെന്നു പറഞ്ഞ് ദിലീപിന്റെ തിളക്കം കുറയ്ക്കാൻ ശ്രമമുണ്ടായി. എന്നാൽ ഏതു വേഷവും തനിക്ക് ഇണങ്ങുമെന്നാണു ദിലീപ് തെളിയിച്ചത്. തനിക്ക് കഴിയില്ലെന്നു മറ്റുള്ളവർ പറഞ്ഞിരുന്ന കാര്യങ്ങൾ ഒന്നൊന്നായി ചെയ്തുകാണിക്കുകയാണു ദിലീപ് ചെയ്തത്. മായാമോഹിനിയിൽ സ്ത്രീവേഷത്തിനു വേണ്ടി സ്വയം ഡബ് ചെയ്ത് ദിലീപ് തന്റെ കഴിവുകൾ പ്രകടമാക്കുന്നു. മികച്ച നടന്മാരുടെ കൂട്ടത്തിൽ ഒരു കസേര വലിച്ചിട്ട് ദിലീപ് ഇരിക്കുകയാണ്. 2002ൽ കുഞ്ഞിക്കൂനനും 2005ൽ ചാന്തുപൊട്ടിനും ജൂറിയുടെ പ്രത്യേക പുരസ്കാരം മാത്രമാണ് ദിലീപിനെ തേടി വന്നത്.

അഭിനയം, നിർമാണം, ബിസിനസ് ഈ രംഗത്തെല്ലാം ദിലീപ് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. കൈനിറയെ ചിത്രങ്ങളുമായി പ്രേക്ഷകർക്കൊപ്പം ജനപ്രിയനായകൻ മുന്നേറുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.