Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലത്ത് ജീവൻ പൊലിഞ്ഞവർക്കു വേണ്ടി എന്റെ ഈ വിഷു: ഹരിശ്രീ അശോകൻ

harisree-ashokan

വിഷു സന്തോഷത്തിന്റെ പ്രതീകമാണ്. എന്നാൽ ഇത്തവണ തന്റെ വിഷുവിന് കൊല്ലത്ത് വെടിക്കെട്ടപ്പകടത്തിൽ മരിച്ചവരുടെ മുഖമായിരിക്കുമെന്ന് നടൻ ഹരീശ്രീ അശോകൻ. ഒാരോ ദുരന്തം വരുമ്പോഴും നമ്മൾ അതിനെക്കുറിച്ച് ചർച്ചകൾ നടത്തും. നിയമം ലംഘിച്ചവരെ രക്ഷിക്കാൻ ശ്രമിക്കും. ഇതാണ് ഇത്തവണയും നടക്കുന്നത്.

ഉത്സവങ്ങളിലെ വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും നിർത്തണമെന്നാണ് എന്റെ അഭിപ്രായം. ഉഗ്രശേഷിയുള്ള പടക്കങ്ങളുടെ വിൽപന സർക്കാർ നിരോധിക്കണം. ഇത് ലഭിക്കുന്നതുകൊണ്ടാണല്ലോ ആളുകൾ വാങ്ങുന്നത്. തൃശൂർ പൂരം പോലെയുള്ള വലിയ ഉത്സവങ്ങൾക്ക് തൊണ്ണൂറ്റി രണ്ടോളം ആനകളെയാണ് എഴുന്നള്ളിക്കുന്നത്. അവിടുത്തെ തിക്കും തിരക്കും എല്ലാവർക്കും അറിയാമല്ലോ? ഒരാനയ്ക്ക് മദമിളകിയാൽ എത്ര ജീവനുകൾ പോകും?

ആനയെ നിരോധിച്ചാലും വെടിക്കെട്ടു നിരോധിച്ചാലുമെല്ലാം പണവും രാഷ്ട്രീയവുമുപയോഗിച്ച് സ്വാധീനം ചെലുത്തി നിരോധനങ്ങളെ മറികടക്കാൻ ശേഷിയുള്ളവർ നമുക്കിടയിലുണ്ട്. അതു കൊണ്ട് തന്നെ കൊല്ലം പരവൂർ അപകടത്തിന് കാരണമായവർക്കു വേണ്ടിയാണ് ഞാൻ പ്രാർഥിക്കുന്നത്. മരിച്ചവർ എന്തായാലും പോയി. അതിന് കാരണക്കാരയവർക്ക് ഇനിയെങ്കിലും നല്ല ബുദ്ധിതോന്നിക്കണേ എന്നാണ് എന്റെ പ്രാ‍ർഥന.

വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തോടൊപ്പമാണ് എന്റെ ഇത്തവണത്തെ വിഷു. വലിയ ആഘോഷമൊന്നുമില്ല. ആഘോഷം എന്ന പേരു പറയുമ്പോൾ തന്നെ വെടിക്കെട്ടിൽ മരിച്ചവരുടെ കുടുംബത്തിന്റെ അവസ്ഥയാണ് മനസിൽ വരിക. വിഷുവിന് എന്റെ വീട്ടിലും പടക്കങ്ങൾ വാങ്ങാറുണ്ട്. കൂടുതലും ലാത്തിരിയും പൂത്തിരിയുമൊക്കെയായിരിക്കും. ഉഗ്രശേഷിയുള്ളതൊന്നും വാങ്ങാറില്ല.

വെള്ളമടിച്ചിട്ട് വണ്ടിയോടിച്ചാൽ ഇവിടെ ആയിരമോ രണ്ടായിരമോ കൊടുത്ത് ഒതുക്കാം. എന്നാൽ ‍25,000രൂപയാക്കിയാൽ വെള്ളമടിച്ച് വണ്ടിയോടിക്കാൻ എല്ലാവരും ഒന്ന് ഭയക്കും. ഗൾഫ് നാടുകളിലെ ശിക്ഷ ഇവിടെയും വേണം. കൈകൊണ്ടു തെറ്റുചെയ്താൽ കൈവെട്ടണം. നമ്മുടെ നാട്ടിൽ ജയിലിൽ പോലും മൊബൈൽ ഫോൺ ലഭിക്കുന്ന സ്ഥിതിയാണ്.

ഞാൻ അഭിനയിച്ച പുലിവാൽ കല്ല്യാണം എന്ന സിനിമയിൽ പടക്കത്തിന്റെ ഭവിഷ്യത്തുകൾ കാണിക്കുന്നുണ്ട്. അതൊരു സിനിമ മാത്രമാണ്. സിനിമയിൽ പലതും കാണിക്കും എന്ന് എല്ലാവരും പറയും. പക്ഷേ സിനിമയിൽ നിന്നും പലതും പഠിക്കുന്നുണ്ട്. സന്ദേശങ്ങൾ നൽകുന്ന സിനിമകൾ കുറവാണെന്നു മാത്രം.

എല്ലാവരും പറയും വെടിമരുന്ന് നിർമാണവും ഉപജീവനമാർഗമാണെന്ന്. അങ്ങനെയുള്ളവർ അതിന്റെ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ജോലി ചെയ്യട്ടെ. അല്ലാതെ മറ്റുള്ളവരെ ഉപജീവനമാർഗത്തിന്റെ പേരിൽ കൊല്ലുകയല്ല വേണ്ടത്. ഹരിശ്രീ അശോകൻ പറഞ്ഞു.