Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൽപ്പനയുടെ മരണവാർത്തയിൽ മനംനൊന്ത് ജഗതി

jagathy-kalpana

നടി കൽപ്പനയുടെ പെട്ടെന്നുണ്ടായ നിര്യാണത്തിൽ മനംനൊന്ത് ജഗതി ശ്രീകുമാർ. ഇന്നലെ രാവിലെ ജഗതിയുടെ മരുമകൻ ഷോൺ ജോർജാണു കൽപ്പന മരിച്ച വിവരം ആദ്യം അറിഞ്ഞത്. ഉടൻ തന്നെ പേയാട്ടുള്ള വീട്ടിലേക്ക് ഈ വിവരം വിളിച്ച് അറിയിച്ചു. ജഗതിയുടെ ഭാര്യ ശോഭ ഇതു ജഗതിയെ അറിയിക്കാനായി ടിവി ഓണാക്കി അതിന് മുന്നിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നു. എന്നാൽ ടിവിയിൽ ഫ്ലാഷ് കണ്ട ഉടൻ ശക്തമായി ജഗതി മുഖം വെട്ടിത്തിരിച്ചു, കൂടെ ടിവി നിർത്താനും ആംഗ്യം കാണിച്ചു.

മുഖത്തു കഠിനമായ ദുഃഖം തളംകെട്ടി. കിടക്കണമെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. രാവിലെ സുസ്മേരവദനനായിരുന്ന ജഗതി ഇന്നലെ മുഴുവൻ കനത്ത നൊമ്പരത്തിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മലയാള സിനിമയിൽ ഇന്നസെന്റ് – കെപിഎസി ലളിത ജോടിയെ പോലെ സിനിമാപ്രേമികൾക്കു പൊട്ടിച്ചിരിയുടെ പൂത്തിരി സമ്മാനിച്ച ജോടിയായിരുന്നു ജഗതി – കൽപ്പന. ഇവരുടെ തമാശ കൂട്ടുകെട്ട് ഒന്നിച്ചപ്പോഴൊക്കെ മലയാളികൾ കയ്യടിച്ചു സ്വീകരിച്ചു. ജഗതിക്കൊപ്പം തന്നെ അഭിനയപ്രതിഭയാൽ പിടിച്ചുനിൽക്കാൻ സാധിക്കുന്ന ഏക നടി കൽപ്പനയാണെന്നു തോന്നിപ്പിക്കാൻ ഈ ജോടിക്കു സാധിച്ചിരുന്നു.

jagathy-kalpana-image

സിനിമയിൽ ഭാര്യയും ഭർത്താവുമായിട്ടാണു കൂടുതലും പ്രത്യക്ഷപ്പെട്ടുള്ളതെങ്കിലും ജഗതിയുടെ വ്യക്തിജീവിതത്തിൽ കൽപ്പന ഒരു മകളോ സഹോദരിയോ ആയിരുന്നതായി ബന്ധുക്കൾ ഓർക്കുന്നു. കൽപ്പന ജഗതിയെ കണ്ടിരുന്നതും ഗുരുസ്ഥാനത്തായിരുന്നു. ജഗതിയുടെ കുടുംബവുമായും നല്ല ബന്ധം കൽപ്പന പുലർത്തിയിരുന്നു. അതിനാൽ തന്നെ ജഗതിക്കും കുടുംബത്തിനും കൽപ്പനയുടെ മരണം ഏറെ ഞെട്ടലുണ്ടാക്കുന്നതാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.