Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യയുടെ പ്രഖ്യാപനം കേട്ട് അന്തം വിട്ട പൃഥ്വി

jayasurya-prithvi

‘‘അടുത്തിടെ, മികച്ച നടനുള്ള നാലു പുരസ്കാരങ്ങൾ എനിക്കു കിട്ടി. പക്ഷേ, എല്ലാ പുരസ്കാരങ്ങളെക്കാളും വലിയ പുരസ്കാരമാണ് വനിതയുടേത്. കാരണം, ഇതു നാലോ അഞ്ചോ പേർ കൂടിയിരുന്നു നിശ്ചയിക്കുന്ന പുരസ്കാരമല്ല. കേരളത്തിലെ ലക്ഷക്കണക്കിനു പേർ ചേർന്നു സമ്മാനിക്കുന്ന ആദരവാണിത്’’–മികച്ച നടനുള്ള വനിത ഫിലിം അവാർഡ് സംവിധായകൻ ഗൗതം മേനോനിൽ നിന്നു സ്വീകരിച്ചു നടൻ പൃഥ്വിരാജ് പറഞ്ഞു. കഴക്കൂട്ടം രാജ്യാന്തരസ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിനു പേർ ആർപ്പുവിളികളോടെയാണു പൃഥ്വിരാജിന്റെ വാക്കുകൾ ശരിവച്ചത്. തിരുവനന്തപുരം മാത്രമല്ല, കേരളം സാക്ഷ്യംവഹിച്ച ഏറ്റവും മികച്ച താരസംഗമങ്ങളിലൊന്നായി സെറ–വനിത ഫിലിം അവാർഡ്.

ജനപ്രിയ നടനുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ നിവിൻ പോളി എത്തിയതു പ്രേമത്തിലൂടെ ഹിറ്റ് ആയ വെള്ളമുണ്ടും കറുത്ത ഷർട്ടുമണിഞ്ഞാണ്. പത്മപ്രിയയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയ നിവിനെ കാത്തു വലിയൊരു സമ്മാനം വേദിയിലുണ്ടായിരുന്നു. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ കാണികളുടെ മനം കവർന്ന തമ്പാനൂരിലെ ചുമട്ടുതൊഴിലാളിയും ഗായകനുമായ സുരേഷ്. ഇത്രയും വലിയ വേദിയിൽ ആദ്യമായാണു നിൽക്കുന്നതെന്നു പറഞ്ഞ സുരേഷ് പക്ഷേ, മുത്തെ പൊന്നെ പിണങ്ങല്ലേ എന്ന പാട്ടുപാടിയപ്പോൾ കാണികളും കൂടെപ്പാടി. തന്റെ സിനിമകൾക്ക് ഏറ്റവും കൂടുതൽ കാണികളുള്ളത് തിരുവനന്തപുരത്താണെന്നു നിവിൻ പറഞ്ഞതോടെ ആരാധകർ ഡബിൾ ഹാപ്പി.

മികച്ച നടനുള്ള പുരസ്കാരം സമ്മാനിക്കാൻ അപ്രതീക്ഷിതമായാണു ഗൗതം മേനോൻ വേദിയിലെത്തിയത്. പത്മനാഭന്റെയും ആറ്റുകാലമ്മയുടെയും ലാലേട്ടന്റെയും നാട്ടിൽ വച്ചു പുരസ്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നു പൃഥ്വിരാജ് പറഞ്ഞപ്പോൾ സദസ് ആർത്തുവിളിച്ചു. തന്റെ കുടുംബം മുഴുവൻ അവാർഡ് നിശയ്ക്കെത്തിയ കാര്യവും പൃഥ്വി എടുത്തുപറഞ്ഞു. കഴക്കൂട്ടം സൈനിക് സ്കൂളിൽ പഠിച്ചിരുന്നപ്പോൾ മതിലുചാടി മഹാദേവ തിയറ്ററിൽ നിന്നു സിനിമ കണ്ട കാര്യവും പൃഥ്വി ഓർത്തെടുത്തു.

prithvi-mamta

മികച്ച നടിക്കുള്ള സ്പെഷൽ പെർഫോമൻസ് അവാർഡ് റിമ കല്ലിങ്കലിനു നടി തപ്സി കൈമാറി. മികച്ച നടനുള്ള സ്പെഷൽ പെർഫോമൻസ് ഏറ്റുവാങ്ങിയ നടൻ ജയസൂര്യ അവാർഡ് തുക വി.ഡി. രാജപ്പന്റെ കുടുംബത്തിനു കൈമാറി. കൂട്ടുകാരൻ കൂടിയായ പൃഥ്വിരാജിനു നല്ലൊരു പാരയും വച്ചാണു ജയസൂര്യ വേദി വിട്ടിറിങ്ങിയത്–തുടർച്ചയായ ഹിറ്റുകൾക്കു സമ്മാനമായി പൃഥ്വി പൊങ്കാലയിടാനെത്തുന്നവർക്കെല്ലാം 5000 രൂപ വീതം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന ജയസൂര്യയുടെ പ്രഖ്യാപനം കേട്ടു പൃഥ്വി അന്തം വിട്ടിരുന്നു. കാണികൾ കാത്തിരുന്ന താരം അപ്പോഴാണെത്തിയത്. ഷോയുടെ തുടക്കം മുതൽ സണ്ണി സണ്ണി എന്ന് ആർത്തുവിളിച്ചിരുന്ന യുവാക്കൾക്കു മുന്നിലേക്ക് ചടുലമായ നൃത്തവുമായി താരം അവതരിച്ചു.

prithvi-aju

തലസ്ഥാനത്തെ ജനങ്ങളുടെ സ്നേഹത്തെ വാഴ്ത്തിയാണു താരങ്ങൾ വേദിയിലെത്തിയത്. തിരുവനന്തപുരവുമായുള്ള ബന്ധം മിക്ക താരങ്ങളും ഓർമിച്ചു. കയ്യടികളോടെയാണു സദസ് ആ വാക്കുകൾക്കു നന്ദി പറഞ്ഞത്. ഇത്രയും വലിയ വേദിയിൽ, ഇത്രയും താരങ്ങളെത്തിയ താരനിശയ്ക്ക് തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത് ആദ്യമായിട്ടായിരുന്നു.

മലയാളസിനിമയിലെ യുവതലമുറ ഒന്നടങ്കം താരനിശയ്ക്കെത്തിയപ്പോൾ, തമിഴിൽ നിന്നു ഹൻസികയും തപ്സിയും ബോളിവുഡിൽ നിന്നു യുവാക്കളുടെ ഹരമായ സണ്ണി ലിയോണും ബിപാഷ ബസുവും സരീൻഖാനും, കൂടെ ക്രിക്കറ്റ് താരം ശ്രീശാന്തും കോരിത്തരിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി കാണികളുടെ കയ്യടി നേടി.

ഒഎൻവിക്കു ആദരമർപ്പിച്ചാണു പരിപാടികൾ തുടങ്ങിയത്. ആദ്യ അവാർഡ് ഏറ്റുവാങ്ങിയത് തിരുവനന്തപുരത്തുകാരനായ പുതുമുഖ സംവിധായകൻ ജോൺ വർഗീസ് ആയിരുന്നു.

nivin

തിരുവനന്തപുരത്തെ സിനിമയായ അടി കപ്യാരെ കൂട്ടമണിക്കായിരുന്നു അവാർഡ്. വിപിൻ മോഹൻ ആണു പുരസ്കാരം സമ്മാനിച്ചത്. മികച്ച ക്യാമറാമാനുള്ള പുരസ്കാരം ജോമോൻ ടി. ജോണിന് എസ്. കുമാർ സമ്മാനിച്ചു.

നടി നൈല ഉഷയും തൈക്കൂടം ബ്രിഡ്ജ് ഗായകൻ സിധാർഥ് മേനോനുമായിരുന്നു അവതാരകർ. മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ചലച്ചിത്ര അക്കാദമി അധ്യക്ഷൻ രാജീവ് നാഥ് റഫീക് അഹമ്മദിനു സമ്മാനിച്ചു. മികച്ച ഗായികയ്ക്കുള്ള സമ്മാനം വൈക്കം വിജയലക്ഷ്മിക്കു പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയ കയ്യടി അവർ വേദിയിൽ നിന്നിറങ്ങുന്നതുവരെ നീണ്ടു. എം.ജി. ശ്രീകുമാറാണ് പുരസ്കാരം സമ്മാനിച്ചത്. എം.ജി. ശ്രീകുമാറുമൊത്തു നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ എന്ന ഗാനവും വിജയലക്ഷ്മി പാടി. ഇരുവരും ചേർന്നു പാട്ടിന്റെ താളത്തിലുള്ള വിശേഷം പറച്ചിലിനും കാണികളുടെ കയ്യടി കിട്ടി.

ഏറെനാളുകൾക്കു ശേഷം, നടി ജോമോൾ വേദിയിലെത്തിയതു മികച്ച സംവിധായകനുള്ള പുരസ്കാരം രാജേഷ് മുരുകേശനു സമ്മാനിക്കാനായിരുന്നു. എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയിൽ പൃഥ്വിരാജിന്റെ ഉമ്മയായി അഭിനയിച്ച ലെനയ്ക്കു മികച്ച സഹനടിക്കുള്ള പുരസ്കാരം സമ്മാനിച്ചതു പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ.

sunnyvanitha

മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ് തുടർച്ചയായി രണ്ടാം വർഷവും അജു വർഗീസ് സ്വന്തമാക്കി. നടനും നിർമാതാവുമായ വിജയ് ബാബുവാണു സമ്മാനിച്ചത്. കാൻസറിനെ പുഞ്ചിരിയോടെ നേരിട്ടു മടങ്ങിയെത്തിയ നടി മംമ്ത മോഹൻദാസിന്റെ ചടുലമായ നൃത്തം കാണികൾ വിസ്മയത്തോടെയാണു കണ്ടിരുന്നത്. മികച്ച വില്ലനുള്ള പുരസ്കാരം നെടുമുടി വേണുവിനു സമ്മാനിച്ചതു നടൻ മണിയൻപിള്ള രാജുവായിരുന്നു.

സദസ് ആരവങ്ങളോടെ കാത്തിരുന്ന സായി പല്ലവിക്കു മികച്ച പുതുമുഖനടിക്കുള്ള പുരസ്കാരം സമ്മാനിച്ചതു നടി ഹണി റോസ് ആയിരുന്നു. പ്രേമം പുറത്തിറങ്ങി ഒരു വർഷത്തോളമായിട്ടും ഇപ്പോഴും അലയടിക്കുന്ന മലയാളികളുടെ സ്നേഹത്തിനു നന്ദി പറയാൻ മലർ മറന്നില്ല. പുതുമുഖ നായകർക്കുള്ള പുരസ്കാരം പ്രേമത്തിലെ ശബരീഷും കൃഷ്ണശങ്കറും ഷറഫുദീനും നടി അർച്ചന കവിയിൽ നിന്ന് ഏറ്റുവാങ്ങി. ഗിരിരാജൻ കോഴിയുടെ അറബി ഡയലോഗ് ഷറഫുദീൻ വേദിയിൽ അവതരിപ്പിച്ചപ്പോൾ സദസ് ഇളകിമറിഞ്ഞു.

മികച്ച നൃത്തസംവിധായകനുള്ള പുരസ്കാരം അമർ അക്ബർ അന്തോണിയിലെ ദിനേശ് മാസ്റ്റർക്കു സമ്മാനിച്ച നടൻ രവീന്ദ്രൻ, വേദിയിൽ പഴയ നൃത്തച്ചുവടുകൾ മറന്നിട്ടില്ലെന്നു തെളിയിച്ചു. മികച്ച ഗായകനുള്ള പുരസ്കാരം വിധു പ്രതാപിൽ നിന്ന് ഏറ്റുവാങ്ങിയ വിജയ് യേശുദാസ് കാണികളെ അമ്പരിപ്പിച്ചതു പാട്ടിനു പിന്നാലെ തമിഴ്ചിത്രം മാരിയിലെ ഡപ്പാംകൂത്തിനു സ്റ്റൈലൻ ചുവടുകൾ വച്ചായിരുന്നു.

vanitha-award

മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം സലിം അഹമ്മദിനു രാമചന്ദ്രബാബു സമ്മാനിച്ചു. തപ്സിയുടെ ഹൈ എനർജി ഡാൻസിനൊപ്പം സദസും നൃത്തമാടി. ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള പുരസ്കാരം കെപിഎസി ലളിതയ്ക്കു നടൻ നെടുമുടി വേണു സമ്മാനിച്ചപ്പോൾ സദസ് എഴുന്നേറ്റു നിന്ന് ആദരമർപ്പിച്ചു. ലൈഫ് ടൈം അവാർഡു തന്നു തന്നെ ഒഴിവാക്കരുതെന്നും നിവിൻ പോളിയുടെയും അജുവിന്റേയുമൊക്കെ അമ്മയായി അഭിനയിക്കാൻ മോഹമുണ്ടെന്നും കെപിഎസി ലളിത പറഞ്ഞു. പരസ്പരം കളിയാക്കിയും പ്രശംസിച്ചും ഇരുവരും കാണികളെ കയ്യിലെടുത്തു.

മികച്ച താരജോഡിക്കുള്ള പുരസ്കാരത്തിനു ദിലീപ് എത്താതിരുന്നതിനെ കളിയാക്കി മംമ്ത പറഞ്ഞു–ആരാണു ഏറ്റവും നല്ല കൺട്രിയെന്ന് ഇപ്പോൾ മനസ്സിലായില്ലേ? ടു കൺട്രീസിന്റെ നിർമാതാവു കൂടിയായ രഞ്ജിത്തും ഭാര്യ ചിപ്പിയും ചേർന്നാണു പുരസ്കാരം മംമ്തയ്ക്കു സമ്മാനിച്ചത്. ചികിൽസയുടെ ദുരിതങ്ങൾക്കിടയിലും തമാശ നിറഞ്ഞ കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ച മംമ്തയുടെ അർപ്പണം മറ്റു താരങ്ങൾക്കു മാതൃകയാണെന്നു രഞ്ജിത് പറഞ്ഞു.

മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നടൻ സണ്ണി വെയ്നിൽ നിന്നു പ്രേമത്തിന്റെ നിർമാതാവു കൂടിയായ അൻവർ റഷീദ് ഏറ്റുവാങ്ങി. ജനപ്രിയ നടിക്കുള്ള പുരസ്കാരം നമിത പ്രമോദിനു സമ്മാനിച്ചതു നടി അഭിരാമി.

sai-parvathi

പിന്നാലെ, ബോളിവുഡിന്റെ രോമാഞ്ചമായ ബിപാഷ ബസു ഉശിരൻ നൃത്തവുമായെത്തി. മികച്ച സംവിധായകനുള്ള പുരസ്കാരം ആർ.എസ്. വിമലിനു സമ്മാനിച്ചതു സിബി മലയിൽ. മനോരമയിലും വനിതയിലും മനോരമ ന്യൂസിലും പത്രപ്രവർത്തകനാകാൻ ശ്രമിച്ചിട്ടു നടക്കാത്തതിന്റെ നിരാശ മനോരമ കുടുംബത്തിൽ നിന്നുള്ള അവാർഡ് കിട്ടിയതോടെ തീർന്നുവെന്ന് വിമൽ പറഞ്ഞു. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം എന്നു നിന്റെ മൊയ്തീനു വേണ്ടി നിർമാതാക്കളായ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത്, രാഗി തോമസ് എന്നിവർ രാജസേനനിൽ നിന്ന് ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള പുരസ്കാരം നടി മേനകയിൽ നിന്ന് ഏറ്റുവാങ്ങിയ നടി പാർവതി, അകാലത്തിൽ അന്തരിച്ച നടി കൽപനയ്ക്ക് ആദരാഞ്ജലിയർപ്പിച്ചു.

sunny

അഞ്ചുമണിക്കൂറോളം കണ്ണിമചിമ്മാതെ താരങ്ങളെ പ്രോൽസാഹിപ്പിച്ചുകൊണ്ടിരുന്ന കാണികൾ ക്ഷീണിച്ചുതുടങ്ങിയപ്പോഴാണ് സാക്ഷാൽ റിമി ടോമി വേദിയിലെത്തിയത്. പാട്ടും നൃത്തവും തമാശകളുമായി കാണികളെ കയ്യിലെടുത്ത റിമി, ഗൗരവത്തിലിരുന്ന പൃഥ്വിരാജിനെ വരെ വേദിയിലെത്തിച്ചു പാട്ടുപാടിച്ചു. താരനിശ തീർന്നപ്പോൾ പാതിരാവായെങ്കിലും, താരങ്ങളെ അടുത്തുകാണാനും സെൽഫിയെടുക്കാനും അപ്പോഴും ആരാധകർ തിരക്കുകൂട്ടുന്നുണ്ടായിരുന്നു.

മോഹൻലാലിന്റെ ശബ്ദം; ഒഎൻവിക്ക് ദൃശ്യാർച്ചന

വനിത ഫിലിം അവാർഡ് വേദിയിൽ മലയാളത്തിന്റെ പ്രിയകവി ഒ.എൻ.വി. കുറുപ്പിന് ആദരം. ഒഎൻവിക്ക് ആദരാഞ്ജലിയേകി സ്റ്റേഡിയത്തിലെ പതിനായിരങ്ങൾ മൗനം ആചരിച്ചു. ശേഷം, വേദിയിലെ കൂറ്റൻ എൽഇഡി സ്ക്രീനിൽ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ ശബ്ദത്തിൽ ഒഎൻവിക്കു ദൃശ്യാർച്ചന. ഒഎൻവിയുടെ കാവ്യലോകത്തെ പരിചയപ്പെടുത്തുന്ന ദൃശ്യാവതരണം കവിക്കു സ്വസ്തി നേർന്നാണു സമാപിച്ചത്. തുടർന്ന് ഒഎൻവിക്ക് ആദരമർപ്പിച്ചു രാജ്യാന്തരപ്രശസ്തനായ വയലിനിസ്റ്റ് മനോജ് ജോ‍ർജ് അദ്ദേഹത്തിന്റെ ഗാനങ്ങളെ കോർത്തിണക്കിയുള്ള പരിപാടി അവതരിപ്പിച്ചു. ആരെയും ഭാവഗായകനാക്കും, ഒരു ദലം മാത്രം, ആടിവാ കാറ്റേ, തുമ്പീ വാ, ഒരു വട്ടം കൂടിയെൻ തുടങ്ങിയ പ്രശസ്തമായ ഒഎൻവിയുടെ ഗാനങ്ങൾ വയലിനിൽ പുനർജനിച്ചു.

മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം കവി റഫീക് അഹമ്മദ് സമർപ്പിച്ചതും ഒ.എൻ.വി. കുറുപ്പിനായിരുന്നു. കവി എന്നതിലപ്പുറം മലയാളഭാഷയുടെയും സംസ്കാരത്തിന്റെയും അന്തസ്സുള്ള പ്രതീകമായിരുന്നു ഒഎൻവിയെന്നു റഫീക് അഹമ്മദ് പറഞ്ഞു.

Your Rating: