Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ധിഖിന്റെയും ലാലിന്റെയും ചിത്രത്തിൽ ജയസൂര്യ

siddique-jayasurya

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിലെ ലാലിനു പിന്നാലെ സിദ്ധിഖും നിർമ്മാണ രംഗത്തേക്ക്. സിദ്ധിക്കിന്റെ സിനിമാ നിര്‍മാണ കമ്പനി-എസ് ടാക്കീസ്- നിലവിൽ വന്നു.

കമ്പനി നിർമ്മിക്കുന്ന ആദ്യ രണ്ട് ചിത്രങ്ങളും പ്രഖ്യാപിച്ചു. ഈ വർഷം സെപ്റ്റംബറിൽ ആരംഭിക്കുന്ന ആദ്യ ചിത്രത്തിൽ ജയസൂര്യയും അടുത്ത വർഷം ആരംഭിക്കുന്ന ചിത്രത്തിൽ ദിലീപുമാണ് നായകൻമാർ. രണ്ടു ചിത്രങ്ങളും തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നതും സിദ്ധിഖ് തന്നെ. ജെൻസോ ജോസ് ആണ് എസ് ടാക്കീസിൽ സിദ്ധിഖിന്റെ പങ്കാളി. എയ്ഞ്ചല്‍ മരിയ സിനിമാസിനു വേണ്ടി ഷൈജു ലോറന്‍സ്, റാണി ഷൈജു എന്നിവർ ആദ്യ രണ്ടു ചിത്രങ്ങളിലും നിർമ്മാണ പങ്കാളിയാവും. ഇനിയുള്ള തന്റെ സിനിമകളെല്ലാം എസ് ടാക്കീസിന്റെ കൂടി നിർമ്മാണ പങ്കാളിത്തോടെയാവുമെന്ന് സിദ്ധിഖ് വ്യക്തമാക്കി.

‘പൂർണമായും സിനിമ നിർമ്മാണത്തിന്റെ ഭാഗമാവുന്നതിന്റെ ഭാഗമാണ് ഈ കമ്പനി. ഇപ്പോൾ സംവിധായകൻ എന്ന നിലയിൽ സിനിമ പൂർത്തിയായി കഴിയുമ്പോൾ ചെലവ് സംബന്ധിച്ച് നിർമ്മാതാവ് പറയുന്ന കണക്ക് വിശ്വാസിക്കുക മാത്രമേ നിവൃത്തിയുള്ളൂ. പലപ്പോഴും ഇങ്ങനെ നിർമ്മാണ ചെലവ് കൂടുമ്പോൾ പഴി സംവിധായകനാണ്. പരമാവധി നിയന്ത്രണമൊക്കെ പാലിച്ചിട്ടും ചെലവ് കൂടിയെന്നു കേൾക്കുമ്പോൾ നമുക്കൊരു അസ്വസ്ഥതയാണ്. സ്വന്തമായി സിനിമ നിർമ്മിക്കുമ്പോൾ ആലോചന ഘട്ടം മുതൽ തന്നെ സാമ്പത്തിക കാര്യങ്ങൾ കൂടി പ്ലാൻ ചെയ്യാം. ഓരോ ഘട്ടത്തിലും ചെലവിന്റെ കാര്യമെല്ലാം കൃത്യമായി മനസിലാക്കാനും നിയന്ത്രിക്കാനുമെല്ലാം കഴിയും. നിർമ്മാണം ഒരു റിസ്ക്കുള്ള പണിയാണെങ്കിലും സിനിമയിൽ അതും ഏറ്റെടുക്കാൻ തയ്യാറാവണമല്ലോ’-സിദ്ധിഖ് പറഞ്ഞു.

ജയസൂര്യ നായകാനാവുന്ന അടുത്ത ചിത്രത്തിനായുള്ള എഴുത്തിന്റെ തിരക്കിലാണ് സിദ്ധിഖിപ്പോൾ. യുവനിരയിലെ പുതിയ താരങ്ങളായിരിക്കും മറ്റ് അഭിനേതാക്കളെന്നു സിദ്ധിഖ് പറഞ്ഞു. കണ്ണൂരിലും മംഗലാപുരത്തുമായി ചിത്രീകരിക്കുന്ന ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിനത്തെും. അതിനു ശേഷമാവും ദിലീപ് നായകനാവുന്ന ചിത്രത്തിന്റെ നിർമ്മാണ ജോലികൾ ആരംഭിക്കുക. സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിലെ അഞ്ച് സൂപ്പർ ഹിറ്റുകൾക്കു ശേഷം മലയാളത്തിൽ ആറും തമിഴിൽ നാലും ഹിന്ദിയിലും തെലുങ്കിലുമായി ഓരോ സിനിമകളും സിദ്ധിഖ് സംവിധാനം ചെയ്തു. 1993ൽ പുറത്തിറങ്ങിയ കാബൂളിവാലയ്ക്കു ശേഷം സംവിധാനത്തിലെ സിദ്ധിഖ് ലാൽ കൂട്ടുകെട്ട് വേർപിരിഞ്ഞതിനു പിന്നാലെ ലാൽ നിർമ്മാണ രംഗത്തേക്കു കടന്നിരുന്നു. ലാൽ നിർമ്മിച്ച ഹിറ്റ്ലർ, ഫ്രണ്ട്സ് എന്നീ സിനിമകളും സിദ്ധിഖ് തന്നെയാണ് സംവിധാനം ചെയ്തതെങ്കിലും സിനിമയിലെത്തി 27 വർഷത്തിനു ശേഷമാണ് അദ്ദേഹം നിർമ്മാണ രംഗത്തേക്കു കടക്കുന്നത്.

സിദ്ധിഖ് സിനിമയ്ക്ക് ശേഷം ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ജയസൂര്യ തന്നെയാണ് നായകൻ. സച്ചിയാണ് തിരക്കഥ എഴുതുന്നത്.

ജയസൂര്യ പറയുന്നു–

എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിദ്ധിഖ് - ലാൽ ചിത്രം ചെയ്യുക എന്നത് ,ആ ഒരു പ്രാർത്ഥന കാരണം ദൈവത്തിന് കിടക്കപ്പൊറുതി കൊടുക്കാത്ത കൊണ്ടും അങ്ങനെ ഒരു അവസരം പുള്ളി തന്നു.

സിദ്ധിക്ക സംവിധാനം ചെയ്യുന്ന ,അദ്ദേഹത്തിൻറെ പ്രൊഡക്ഷൻ കമ്പനിയിലൂടെയുള്ള ആദ്യ ചിത്രം ഇന്ന് കമ്മിറ്റ് ചെയ്തു . അത് കഴിഞ്ഞ് വീട്ടിൽ വന്ന് കയറിയപ്പോൾ ലാലേട്ടന്റെ കോൾ , ഘനഗംഭീര ശബ്ദത്തിൽ നീ എവിടെയാ എന്നും ചോദിച്ചു , ഞാൻ വീട്ടിലാ ലാലേട്ടാ ...

ദേ വരണടാ എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു , അങ്ങനെ ലാലേട്ടൻ വന്ന് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ കഥയും പറഞ്ഞു ,കഥ സച്ചിയുടെതാണ് , അങ്ങനെ സിദ്ധിക്കയുടെയും ലാലേട്ടന്റെയും സിനിമകൾ ഒരേ ദിവസം കമ്മിറ്റ് ചെയ്തു ,സത്യം പറഞ്ഞാൽ അത് ശരിക്കും ഒരു അത്ഭുതമായി തോന്നി . "എന്തായാലും ഇത് വരെ കാണാത്ത ദൈവത്തിന് നന്ദി"

Your Rating: