Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്പട മുത്തേ ജയസൂര്യേ....

jayasurya

മലയാളത്തിലെ യുവനടൻമാരിലെ കമൽഹാസനെന്ന വിളിപ്പേരിന് ഏറ്റവും യോഗ്യൻ ജയസൂര്യയാണെന്നു പറയാം. സിനിമാ കരിയറിന്റെ തുടക്കം മുതൽ വ്യത്യസ്തമായ റോളുകൾ ചെയ്തു തന്റേതായ ഇടം കണ്ടെത്തി മുന്നേറുകയാണു മലയാളികളുടെ പ്രിയ ജയൻ. വാണിജ്യസിനിമകൾക്ക് ഒപ്പം സമാന്തര സിനിമകളുടെ ഭാഗമാകാനും ജയസൂര്യയ്ക്കു മ‌ടിയില്ല. നല്ല സിനിമയിൽ നായകനായി അല്ലെങ്കിൽ പോലും ഭാഗമാകാൻ ജയസൂര്യ കാണിക്കുന്ന ഉൽസാഹത്തിനുള്ള അംഗീകാരമാണ് ഇത്തവണ കേന്ദ്ര– സംസ്ഥാന സിനിമാ അവാർഡുകളിൽ ലഭിച്ച പ്രത്യേക ജൂറി പുരസ്കാരം. അവാർഡുകളുടെ തിളക്കത്തിൽ നിൽക്കുന്ന ജയസൂര്യയുടെ കരിയറിലൂടെ ഒരു ഓട്ടപ്രദക്ഷിണം.

∙മിമിക്രിയും ചാനൽ അവതരണവും

കോട്ടയം നസീറിനൊപ്പം മിമിക്രിവേദികളിൽ എത്തിയാണു ജയസൂര്യ തന്റെ കലാജീവീതത്തിനു തുടക്കം കുറിക്കുന്നത്. മിമിക്രിക്കൊപ്പം തന്നെ ചാനൽ അവതാരകനായും ജയസൂര്യ തിളങ്ങി. ഇതിൽ ജഗതി വെഴ്സസ് ജഗതി എന്ന പരിപാടി ജയസൂര്യയെ ശ്രദ്ധേയനാക്കി. ചില സീരിയലുകൾക്കും ഇക്കാലത്ത് അദ്ദേഹം ശബ്ദം നൽകി.

Jayasurya imitates Mammootty, Mohanlal, Suresh Gopi and Dileep

∙സിനിമയിലേക്ക്

അവിടെ നിന്നു സിനിമയിലേക്ക് എത്തിയ ജയസൂര്യ, ആദ്യം മുഖം കാണിച്ചത് ദീലീപ്–കുഞ്ചാക്കോ ബോബൻ ചിത്രമായ ദോസ്തിലായിരുന്നു. ദിലീപിന്റെ ഇന്ററൊഡക്‌ഷൻ സീനിൽ ജയസൂര്യയും ഉണ്ടായിരുന്നു. പിന്നെ, വിനയൻ ചിത്രം ഊമപ്പെണ്ണിന് ഉരിയാടാ പയ്യനിൽ സംസാരിക്കാൻ കഴിയാത്ത നായകനായി ജയസൂര്യ മിന്നി. വില്ലനായി ഇന്ദ്രജിത്തും ചിത്രത്തിൽ ഉണ്ടായിരുന്നു. കാവ്യാമാധവനായിരുന്നു നായിക. പീന്നീടു സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, പുലിവാൽകല്യാണം തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ ഇരിപ്പിടം ഉറപ്പിച്ചു.

jaaysurya-old

∙ബ്യൂട്ടിഫുൾ ജയസൂര്യ

ബ്യൂട്ടിഫുൾ മുതൽ ഇങ്ങോട്ടു ജയസൂര്യയിലെ നടൻ മിന്നിത്തിളങ്ങി. തലയ്ക്ക് കീഴ്പ്പോട്ട് അനങ്ങാൻ സാധിക്കാതെ കിടക്കുന്ന കഥാപാത്രമായി ജയസൂര്യ ശരിക്കും ജീവീച്ചു. ശരീരം തളർന്നിട്ടും ജീവിതത്തെ പോസിറ്റീവായി കാണുന്ന കഥാപാത്രം പ്രേക്ഷകരെ ആഴത്തിൽ സ്വാധീനിച്ചു. ടി.വി. ചന്ദ്രന്റെ ശങ്കരനും മോഹനനും, ട്രിവാൻഡ്രം ലോഡ്ജ്, പിഗ്മാൻ, ഇംഗ്ലിഷ്, അപ്പോത്തിക്കിരി, സു സു സുധി വാല്മീകം ,ലുക്കാ ചുപ്പി തുടങ്ങിയ ചിത്രങ്ങൾ ജയസൂര്യ എന്ന നടന്റെ മാറ്റ് തെളിയിച്ചു.

jayasurya-angoor

∙വില്ലൻ ജയസൂര്യ

മറ്റു യുവനടൻമാരിൽ നിന്നു വ്യത്യസ്തമായി വില്ലനായും തിളങ്ങാൻ ജയസൂര്യയ്ക്കു സാധിച്ചു. ലാൽജോസിന്റെ വലിയ ഹിറ്റ്, ക്ലാസ്മേറ്റ്സിലെ സതീശൻ കഞ്ഞിക്കുഴി വില്ലനാണ്. ലാൽജോസിന്റെ അറബിക്കഥയിൽ നായകനെ പറ്റിക്കുന്ന ഒന്നാന്തരം ഫ്രോഡായാണു ജയസൂര്യ പ്രത്യക്ഷപ്പട്ടത്. പൃഥ്വിരാജ് നായകനായ കംഗാരുവിലും വില്ലനായിരുന്നു ജയൻ. കഞ്ചാവിനും മദ്യത്തിനും അടിമപ്പെട്ട കഥാപാത്രം ജയസൂര്യ മികവുറ്റതാക്കി. ഇതിനെയെല്ലാം കവച്ചു വയ്ക്കുന്ന പ്രകടനമാണു ജയസൂര്യ, ഫഹദ് നായകനായ ഇയ്യോബിന്റെ പുസ്തകത്തിൽ കാഴ്ച്ചവച്ചത്. കട്ടയ്ക്കു നിൽക്കുന്ന അതിഗംഭീര വില്ലനായിരുന്നു ഇയ്യോബ്ബിൽ ജയസൂര്യ.

PUNYALAN AGARBATHIS SONG AASHICHAVAN

∙ഗായകൻ ജയസൂര്യ, നിർമാതാവും

നടൻ എന്നതിലുപരി, ഒന്നാന്തരം പാട്ടുകാരൻ കൂടിയാണു ജയസൂര്യ. പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിലെ ‘ആശിച്ചവന് ആകാശത്തീന്ന് ആനേ കിട്ടി’ എന്ന ഗാനത്തോടെയായിരുന്നു തുടക്കം. പിന്നെ അമർ അക്ബർ അന്തോണി, പാവാട എന്നീ ചിത്രങ്ങളിലും ജയസൂര്യ ഗായകനായി. രഞ്ജിത്ത് ശങ്കറുമായി ചേർന്നു പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് ജയസൂര്യ നിർമാതാവിന്റെ വേഷം അണിഞ്ഞത്. ചിത്രം വലിയ വിജയം നേടുകയും ചെയ്തു. തുടർന്ന്, ഇപ്പോൾ ദേശീയ സംസ്ഥാന അവാർഡുകൾക്ക് അർഹമാക്കിയ സു സു സു​ധി വാല്മീകവും രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേർന്നു നിർമിച്ചതാണ്.

jayasurya-films

∙സൂപ്പർ താരങ്ങൾക്ക് ഒപ്പവും ജയസൂര്യ

മറ്റ് യുവതാരങ്ങളിൽ നിന്ന് വ്യത്യസ്തമായി സൂപ്പർതാരങ്ങളുമായി കൂടുതൽ സിനിമകളിൽ അഭിനയിച്ച ആളാണ് ജയസൂര്യ.ഇതിൽ മമ്മൂട്ടിയുമാണ് കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചത്. ബസ് കണ്ടക്ടർ, പരുന്ത്, ലൗഇൻ സിംഗപ്പൂർ, ദി ട്രെയിൻ എന്നീ ചിത്രങ്ങളിലാണ് ജയസൂര്യ മമ്മൂട്ടിക്ക് ഒപ്പം വേഷമിട്ടത്. മോഹൻ ലാലിന് ഒപ്പം കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലാണ് ജയസൂര്യഎത്തിയത്.ലാലിന് ഇതിൽ ഒരു അതിഥി വേഷമായിരുന്നു. സുരേഷ് ഗോപിയുമൊത്ത് സ്മാർട്ട് സിറ്റി, കിച്ചാമണി എംബിഎ, വൈരം തുടങ്ങിയ ചിത്രങ്ങളിൽ ജയസൂര്യ എത്തി.

Your Rating: