Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂജ്യത്തിനും വിലയുണ്ടെന്ന് ജയസൂര്യയ്ക്ക് മനസിലാക്കിത്തന്ന സരിത

jayasurya-family

പന്ത്രണ്ടാം വിവാഹവാർഷികദിനത്തിൽ ഭാര്യ സരിതയ്ക്ക് ജയസൂര്യയുടെ പ്രണയക്കുറിപ്പ്. സരിതയെ ആദ്യമായി പരിചയപെടുമ്പോള്‍ താൻ വെറും വട്ടപൂജ്യം ആയിരുന്നുവെന്നും ആ പൂജ്യത്തിനും വിലയുണ്ടെന്ന് തന്നെ തിരിച്ചറിയിച്ചത് സരിതയാണെന്നും ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ പറയുന്നു.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

പൂജ്യത്തെ സ്‌നേഹിച്ച പെണ്‍കുട്ടി..

നിന്നെ പരിചയപെടുമ്പോള്‍ ഞാന്‍ വെറും വട്ടപൂജ്യം ആയിരുന്നു.. ആ പൂജ്യത്തിനും വിലയുണ്ടെന്ന് എന്നെ തിരിച്ചറിയിച്ചത് നീയാണ്. ആ തിരിച്ചറിവുകള്‍ക്ക് ഇന്ന് പ്രായം 12. ഈശ്വരാ ഇത്രപെട്ടെന്ന് 12 വര്‍ഷം കടന്നു പോയോ, എന്ന തോന്നല്‍ തന്നെയാണ് നീ എനിക്ക് തന്ന എറ്റവും വലിയ സമ്മാനം. (നിനക്ക് അങ്ങനെ തന്നെയാണോ എന്ന് എനിക്കറിയില്ല)

എന്റെ സുഹൃത്ത് എന്ന നീ, എന്റെ പ്രണയിനി ആയി മാറിയപ്പോഴും എന്റെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു ഇവള്‍ ഏതെങ്കിലും ഒരു ദിവസം എന്നോട് വിളിച്ചു പറയും, 'ജയാ എന്റെ കല്യാണം ഉറപ്പിച്ചു നമുക്ക് എല്ലാം മറക്കാം, ഇനി എന്നെ വിളിക്കരുത്' എന്ന് (അല്ല അതാണല്ലോ നാട്ടുനടപ്പ്). പക്ഷെ ആ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്, എന്റെ കണക്കുകൂട്ടലുകള്‍ ശരിയാക്കാനായി എന്റെ ജീവിതത്തിലേക്ക് നീ വന്നു കയറിയപ്പോഴാണ് ജീവിതത്തിന് ഇത്രയും സൗന്ദര്യം ഉണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞത്.

'ദൈവത്തിന്റെ ആനന്ദാശ്രുക്കളാണ് മക്കളായി ഭൂമിയില്‍ ജന്മമെടുക്കുന്നത്'. നിന്നെക്കാള്‍ കരുത്ത് എനിക്കാണ് എന്ന അഹങ്കാരം എനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഒമ്പത് മാസം നീ വയറ്റില്‍ ചുമന്നു കൊണ്ട് നടന്ന ആ കരുത്തിന്റെ മുന്‍പില്‍ എന്റെ കരുത്ത് ഒന്നുമല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു... സ്ത്രീകളെ കൂടുതല്‍ ബഹുമാനിക്കാന്‍ ഞാന്‍ പഠിച്ചു.

ആദിക്ക് ഇപ്പൊ 10 വയസ്സായി, വേദക്ക് നാലും, മക്കള്‍ എത്ര വലുതായാലും അച്ഛന് മക്കള്‍ എന്നും ചെറുത് തന്നെയാണ് അതുപോലെ മക്കളുടെ മുന്‍പില്‍ അച്ഛന്‍ ചെറുതാകാതിരിക്കാനുള്ള പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കാന്‍ ഞാനും ശ്രമിക്കാറുണ്ട്, ശ്രദ്ധിക്കാറുണ്ട്... ഈ 12 വര്‍ഷങ്ങള്‍ പോലെ ഇനിയും സുന്ദരമായി എങ്ങനെ മുന്നോട്ട് പോകാം എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചപ്പോള്‍ എന്റെ ഹൃദയം എന്നോട് പറഞ്ഞ വാക്കുകള്‍ ഇതാണ്..... 'ഒരിക്കലും നിന്നിലെ സുഹൃത്തിനെ നശിപ്പിക്കരുത്, അവരെ അംഗീകരിക്കുന്നതില്‍ നിന്നും, അവരെ മനസ്സിലാക്കുന്നതില്‍ നിന്നും നീ അകന്നു പോകരുത്...'

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.