Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പ്രേമം’ പകർത്തിയവർ ഇപ്പോൾ എവിടെ? ജോയ് മാത്യു

joy-mathew

ലീല സിനിമയുെട വ്യാജൻ മൂലം നിർമാതാവിന് സംഭവിച്ച നഷ്ടം കുറച്ച് കാണരുതെന്നും അത് ലോകമെമ്പാടുമുള്ള സിനിമാസ്നേഹികളോടുള്ള ക്രൂരതയായി വേണം കാണുവാനെന്നും ജോയ് മാത്യു പറയുന്നു. വ്യാജ പതിപ്പുകാരെ പിടിക്കുവാനും നിയമ നടപടിയെടുക്കുവാനും നിയമത്തിൽ വ്യവസ്ഥയുണ്ട് എന്ന് ആഭ്യന്തരമന്ത്രിയും നിയമവും പറയുമ്പോൾ തന്നെ ഇവർക്കൊക്കെ രക്ഷപ്പെടാൻ നിയമത്തിന്റെതന്നെ പഴുതുകളും ഉണ്ടെന്നുള്ളതാണ് സത്യമെന്നും പ്രേമം സിനിമയുടെ വ്യാജൻ പകർത്തിയവർ ഇപ്പോൾ എവിടെയെന്നും അദ്ദേഹം ചോദിക്കുന്നു.

ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം–

സിനിമാക്കാർക്ക് നടപ്പിൽ വരുത്താവുന്ന ചില "നല്ല കാര്യങ്ങൾ "

മലയാള സിനിമ എക്കാലവും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് വിതരണത്തെ സംബന്ധിക്കുന്ന പ്രശ്നം. മറ്റേത് ഉൽപ്പന്നവുമെന്ന പോലെ സിനിമയുടേയും എൻഡ് പോയിന്റ് വിതരണക്കാരനിലാണ്. നൂറു ദിവസം ഓടിയ സിനിമകൾക്ക് പോലും നഷ്ടത്തിന്റെ കണക്കു നിർമാതാക്കൾക്ക് നൽകുന്നവരാണ് അധികവും (ഇതിനു ചുരുക്കം ചില അപവാദങ്ങൾ ഉണ്ട് എന്നും പറഞ്ഞുകൊള്ളട്ടെ).

ഇന്ത്യക്കകത്ത് ഇതാണ് സ്ഥിതി. ലോകത്തെമ്പാടും പരന്നുകിടക്കുന്ന ലക്ഷക്കണക്കിനു പ്രേക്ഷർക്ക് മലയാള സിനിമ കാണിക്കുവാൻ വിദേശത്തെ സിനിമാ വിതരണരംഗത്തെ ചില കുലപതികൾക്കെ പറ്റൂ. അല്ലെങ്കിൽ സിനിമയുടെ ഡി.വി.ഡി യോ സി.ഡി യോ ഇറങ്ങണം. ഇന്റർനെറ്റ്‌ സാധ്യതകൾ ഉപയോഗപ്പെടുത്തി കേരളത്തിൽ റിലീസ് ചെയ്യുന്ന ദിവസം തന്നെ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് സിനിമ കാണുവാൻ സാധിക്കുന്ന വിപ്ലവകരമായ സാധ്യതയാണ് രഞ്ജിത്തിന്റെ "ലീല "എന്ന സിനിമയിലൂടെ സാധ്യമായത്.

ഇത് ഒരു ചരിത്രമാണ്. അതെസമയം വിതരണരംഗത്തെ മാഫിയകൾക്ക് കനത്ത പ്രഹരവും. പ്രേക്ഷകർ എന്ത് കാണണം എന്ന് തീരുമാനിക്കുന്ന മുതലാളിത്തത്തിനു അതെ നാണയത്തിൽ കൊടുക്കാവുന്ന പ്രഹരം. വിദേശത്തുള്ള സാധാരണക്കാരായ പ്രേക്ഷർക്ക് തിയറ്ററിൽ പോയി സിനിമകാണുന്നതിനേക്കാൾ സമയ-സാബത്തിക -ഇന്ധന ലാഭവും എന്നാൽ മലയാളി മലയാളിക്കുതന്നെ പാരവെക്കും എന്ന അടിസ്ഥാന തത്വത്തെ അടിവരയിട്ടുറപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.

തങ്ങൾ അതി ബുദ്ധിമാന്മാരാണ് എന്ന് കാണിക്കാൻ അവസരം കാത്തിരിക്കുന്ന അൽപന്മാരായ മലയാളി കമ്പ്യൂട്ടർ ജീവികൾ "ലീല "ഇന്റർനെറ്റ് റിലീസ് സമയത്തുതന്നെ കോപ്പി ചെയ്യുകയും വ്യാജ കോപ്പികൾ നെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് "ലീല" എന്ന സിനിമയുടെ നിർമാതാവിന് സംഭവിച്ച വൻ നഷ്ടം മാത്രമായി കുറച്ചുകാണരുത്, മറിച്ചു ലോകമെമ്പാടുമുള്ള സിനിമാസ്നേഹികളോടുള്ള ക്രൂരതയായി വേണം കാണുവാൻ.

ഇനിയും ഒരു നിർമാതാവ് ഇത്തരം സാഹസത്തിന് മുതിരുമോ ? ചതിച്ചത് "ലീല"യുടെ നിർമാതാവിനെയല്ല എകാന്തരും പ്രവാസികളുമായ ലക്ഷക്കണക്കിനു മലയാളി സിനിമാസ്വാദകരെയാണു. വ്യാജ പതിപ്പുകാരെ പിടിക്കുവാനും നിയമ നടപടിയെടുക്കുവാനും നിയമത്തിൽ വ്യവസ്ഥയുണ്ട് എന്ന് ആഭ്യന്തരമന്ത്രിയും നിയമവും പറയുമ്പോൾ തന്നെ ഇവർക്കൊക്കെ രക്ഷപ്പെടാൻ നിയമത്തിന്റെതന്നെ പഴുതുകളും ഉണ്ടെന്നുള്ളതാണ് സത്യം.

'പ്രേമം എന്ന സിനിമയും അതുയർത്തിയ പുകിലും ഇപ്പോൾ എവിടെപ്പോയ് മറഞ്ഞു ? വിപ്ലവത്തിന് നേതൃത്വം കൊടുക്കുന്നതും മലയാളി അതിന് കടക്ക് കത്തിവെക്കുന്നതും മലയാളി -വെറുതെയല്ല നാം നന്നാവാത്തത്.

വ്യാജ സിനിമാ പതിപ്പ് നെറ്റിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസിനു പോകുന്നതിലും നല്ലത് , അവരുടെ പ്രൊഫൈൽ നോക്കി നാട്ടിലെ അവനെയോ അവന്റെ നാട്ടിലെ ബന്ധുക്കൾക്കോ "നല്ലരീതിയിൽ" ഒന്ന് കണ്ടാൽ സംഗതി ക്ലീനാവും എന്നാണു എന്റെ ഒരു ഇത്.

വലിയ ബാങ്കുകൾ പോലും ക്രെഡിറ്റ് കാർഡ് സംഖ്യ പിരിക്കാൻവരെ ഇത്തരം രീതിയാണത്രെ ഉപയോഗപ്പെടുത്തിയത് ,അവർക്കെന്താ നിയമത്തിന്റെ വഴി അറിയാഞ്ഞിട്ടാണോ ? സിനിമകാർക്കാണോ ഇതിനൊക്കെ പ്രയാസം ? കോപ്പി ഉണ്ടാക്കുന്ന ഒരുത്തനു ഒരു സാംപിൾ കൊടുത്തു നോക്കൂ ,അതോടെ ഈ പണി നിർത്തും. ചില കാര്യങ്ങൾക്ക് ഇത്തരം "നല്ല രീതികൾ ' എത്രമാത്രം ഉപകാരപ്രദമാണെന്നു നോക്കൂ ..

Your Rating: