Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാജൻ കുര്യനെ അനുസ്മരിച്ച് ജോയ് മാത്യു

joy-sajan

സിനിമയുടെ ചിത്രീകരണത്തിനിടെ അതിശൈത്യം മൂലം ലഡാക്കിൽവച്ച് മരണമടഞ്ഞ സംവിധായകൻ സാജൻ കുര്യനെ അനുസ്മരിച്ച് ജോയ് മാത്യു. ബിബ്ളിയോ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സാജന്റെ ജീവൻ നഷ്ടപ്പെടുന്നത്.

മൈനസ് 24 ഡിഗ്രിയായിരുന്നു ലഡാക്കിലെ താപനില. അതിശൈത്യം മൂലം തളര്‍ന്നുവീണ സാജനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ജോയ് മാത്യു കഴിഞ്ഞ ദിവസമാണ് ചിത്രീകരണത്തിന് ശേഷം ലഡാക്കിൽ നിന്ന് തിരിച്ചെത്തിയത്.

സിനിമയോടുള്ള അഗാധ പ്രണയം നിറഞ്ഞ ഒരാളായിരുന്നു സാജനെന്നും അതു തന്നെയാണ് അദ്ദേഹത്തിലേക്ക് തന്നെ അടുപ്പിച്ചതെന്നും ജോയ് മാത്യു പറയുന്നു. സാജനെ അനുസ്മരിച്ച് ജോയ് മാത്യു എഴുതിയ കുറിപ്പ് വായിക്കാം.

‘സാജൻ കുര്യൻ ......

മരണം മുൻപും എനിക്ക് മുന്നിലൂടെ ഘോഷയാത്ര നടത്തിയിട്ടുണ്ട് . ഇത്തവണ അത് കാശ്മീരിലെ ലഡാക്കിലായിരുന്നു .തണുത്തുറഞ്ഞ ഹിമവൽ ഭൂമിയിലൂടെ യാത്രതിരിച്ചപ്പോൾ ഞാൻ ഉടക്കിയിരുന്നു ,എന്റെ വിസമ്മതം പ്രകടിപ്പിച്ചിരുന്നു .പക്ഷെ സിനിമയോടുള്ള അഗാധ പ്രണയം നിറഞ്ഞ ആ ചെറുപ്പക്കാരന്റെ കണ്ണുകൾ കണ്ടപ്പോൾ ഞാൻ എന്റെ വാദം പിൻവലിച്ചു.

location

സമുദ്രനിരപ്പിൽ നിന്നും പതിനാലായിരം അടി ഉയരത്തിലേക്ക് പോകണം , ഇന്ത്യാ-ചൈന അതിർത്തിയായ pangong lake ഷൂട്ട് ചെയ്യണം ,അവിടെനിന്നും നിലാച്ചന്ദ്രനെ തന്റെ ക്യാമറയിൽ ആവാഹിക്കണം എന്നൊക്കെയുള്ള ആഗ്രഹങ്ങളുടെ ഒരു ആകാശം ആ ചെറുപ്പക്കാരന്റെ കണ്ണുകളിൽ ഞാൻ കണ്ടു .അങ്ങിനെ പാൻ ഗോങ്ങ് തടാകത്തിന്റെ നീല നിശബ്ദതയിൽ ശ്വസിക്കാൻ വിമ്മിഷ്ടപ്പെട്ടു ഞങ്ങൾ അയാളുടെ ആഗ്രഹം നിവർത്തിച്ചു പണിയെടുത്തു ;തിരിച്ചുപോന്നു. പക്ഷെ ഞങ്ങൾ അറിയാതെ ഒരാൾകൂടി അവിടെ നിന്നും ഞങ്ങളോടൊപ്പം കൂടി ,ഞങ്ങളാരും അറിഞ്ഞില്ല ,അയാളുടെ തണുപ്പുമാത്രം ഞങ്ങൾ അനുഭവിച്ചു ... ആളെ ഞങ്ങളാരും കണ്ടില്ല .പക്ഷേ അയാൾ ഞങ്ങൾ എല്ലാവരേയും കണ്ടു ,ഒടുവിൽ അയാൾക്ക്‌ ഇഷ്ടപ്പെട്ട ഒരാളെ അയാൾ കൊണ്ടുപോയി ,നിശബ്ദനീല തടാകത്തിന്റെ തണുപ്പിലേക്ക് , മരണത്തിലേക്ക് .... സാജൻ കുര്യനെ എനിക്ക് കേവലം പത്തു ദിവസത്തെ പരിചയമേ ഉള്ളൂ ,സിനിമയോടുള്ള അയാളുടെ അഗാധ പ്രണയം എന്നെ അയാളിലേക്കടുപ്പിച്ചു ,പൂർത്തിയാകാതെപോയ ആ ചെറുപ്പക്കാരന്റെ BIBLIO എന്നാസിനിമയിൽ ഞാൻ പറയുന്ന ,എന്നെക്കൊണ്ട് പറയിക്കുന്ന വാക്കുകൾ മരണം ചുവയ്ക്കുന്നതാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു അതിങ്ങിനെയാണ്

Me : Did You find something ?

Stranger : No

Me : so we have to cross the river

sranger : (Silence)

Me : is there any other possibilities to find him ?

സ്വപ്‌നങ്ങൾ പൂർത്തിയാകും മുൻപ് നീല നിശബ്ദതയിലേക്കു തിരിച്ചു നടന്ന പ്രിയ സാജൻ ,നിന്റെ ഓർമ്മകൾക്ക് മുൻപിൽ എന്റെ നിശബ്ദത കൂടി.....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.