Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ. സുരേന്ദ്രന്റേത് ഒരു അതിഭീകര വീഴ്ചയല്ല: ജോയ് മാത്യു

surendran-joy കെ.സുരേന്ദ്രൻ, ജോയ് മാത്യു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനിടെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് സംഭവിച്ച അബദ്ധം സോഷ്യൽമീഡിയ ആഘോഷമാക്കി മാറ്റിയിരുന്നു. ഈ വിഷയത്തിൽ തന്റെ നിലപാട് തുറന്നുപറഞ്ഞ് ജോയ് മാത്യു. തർജ്ജമ ചെയ്യുന്നവർക്ക് പലപ്പോഴും തെറ്റുകൾ സംഭവിക്കാറുണ്ടെന്നും അതൊരു വലിയ പാതകമായി തോന്നുന്നില്ലെന്നും ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം–

സാറേ ...സാറേ ....സർ.......സാാാാാാർ

പരിഭാഷയാണോ പ്രശ്നം ? ഉത്തരേന്ത്യയിൽ നിന്നും കെട്ടിയെഴുന്നള്ളുന്ന നേതാക്കൾ ഇവിടെവന്നു പ്രസംഗിക്കുമ്പോൾ തര്ജ്ജമ ചെയ്യുന്ന പലർക്കും പലപ്പോഴും പരിഭാഷിക്കുന്നത് തെറ്റാറുണ്ട് ,അതൊരു വലിയ പാതകമായി എനിക്ക് തോന്നുന്നില്ല .പ്രത്യേകിച്ചും പ്രാസംഗികനും പരിഭാഷകനും മുന്നോട്ടു വെക്കാനുള്ളത് ഒരേ ആശയംതന്നെ ആയ സ്ഥിതിക്ക് , മാത്രവുമല്ല പ്രസ്തുത ആശയം എന്താണെന്നു കേൾക്കുന്നവനു ഊഹിക്കാവുന്നതിനാൽ പ്രത്യേകിച്ചും. മുൻകൂട്ടി എഴുതി തയ്യാറാക്കി തർജ്ജമാക്കാരനെ പ്രസംഗം എൽപ്പിക്കാത്ത കാലത്തോളം -

സുരേന്ദ്രൻ ഇപ്പോൾ മാത്രമല്ല ഇതിന് മുൻപും പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തിയ ദേഹവുമാണ് -സമ്മേളന നഗരിയിലെ തിരക്കും ബഹളവും ( ദൃശ്യങ്ങൾ കാണുന്നവർക്ക് അത് മനസ്സിലാകും ) ഇത്തരം തെറ്റുകൾവെച്ചു ഒരാളെ പരിഹസിക്കാം പക്ഷെ അത് ഒരു അതിഭീകര വീഴ്ചയായി കൊണ്ടാടുവാൻ മാത്രമുണ്ടോ ?

മുൻപ് പ്രമുഖ മാധ്യമപ്രവർത്തകന്റെ കാര്യത്തിൽ ഞാൻ പറഞ്ഞകാര്യം തന്നെ ആവർത്തിക്കട്ടെ ,അയൽക്കാരന്റെ വീഴ്ച കാണുന്നതിൽ അതിയായി സന്തോഷിക്കുന്ന മലയാളി മനോരോഗമാണിത് .ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു ദില്ലിയിലെത്തിയ നമ്മുടെ ഒരു നേതാവ് സഭ മാറി രാജ്യസഭയിൽ ഘോരം ഘോരം പ്രസംഗിച്ചു അംബരപ്പിച്ച ചരിത്രം പുതിയ കുട്ടികൾക്കറിയില്ല എന്ന് തോന്നുന്നു.

ഞാൻ അത്ഭുതപ്പെടുന്നത് ഇതിലൊന്നുമല്ല ,ഉത്തരേന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ മാത്രമുള്ള ഹിന്ദിയെ ദേശീയ ഭാഷയായി അടിച്ചേൽപ്പിച്ച സ്ഥിതിക്ക് നമ്മൾ തിരഞ്ഞെടുത്തു അങ്ങ് ദില്ലിയിലോട്ട് അയക്കുന്ന നമ്മുടെ ജനപ്രതിനിധികൾ ( ഇത് എല്ലാ പാര്ട്ടിയിലുമുള്ളവർക്ക്‌ ബാധകമാണ് ) എന്ത് ഹിന്ദിയിലായിരിക്കും നമ്മുടെ കാര്യങ്ങൾ അവിടെ അവതരിപ്പിക്കുക ?

അറിഞ്ഞിടത്തോളം ജനപ്രധിനിധികൾ പറയുന്ന അവരുടെ മാതൃഭാഷ പരിഭാഷപ്പെടുത്തുവാൻ സർക്കാർ ഉദ്യോസ്തന്മാരുണ്ടത്രേ ....അപ്പോൾ പരിഭാഷക്കാർ ,അവർ മാത്രമാണ് നമുക്ക് രക്ഷകരായുള്ളൂ ,സായ്പ്‌ സ്ഥലം വിട്ടിട്ടും സ്പീക്കറെ നോക്കി നമ്മുടെ പണ്ഡിതശിരോമണികൾക്കൊന്നും ഇത്രയും കാലമായിട്ടും പരിഭാഷ കണ്ടെത്താൻ കഴിയാത്ത ഒരു വാക്കായ "സാറേ സാറേ " എന്ന് ഇപ്പോഴും നിലവിളിക്കുന്ന പ്രധാനമന്ത്രി അടക്കമുള്ളവരെ കാണുബോൾ സുരേന്ദ്രന്റെ വീഴ്ച് ഒരു ഞൊണ്ടൽ പോലുമാകുന്നില്ല . (കഴിയുമെങ്കിൽ നമുക്ക് സാർ എന്ന വാക്കിനു പറ്റിയ ഒരു മലയാള വാക്ക് കണ്ടുപിടിച്ചു നമ്മുടെ നാടിനെ നാണക്കേടിൽ നിന്നും രക്ഷിച്ചാലോ ?) ജോയ് മാത്യു പറയുന്നു.