Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ ജി ജോർജ്; മുൻപേ പറന്ന ന്യൂജൻ !

k-g-george-1

ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനകൾക്കുള്ള 2016 ലെ ജെ.സി. ഡാനിയേൽ പുരസ്‌കാരം കെ.ജി. ജോർജിനു നൽകുമ്പോൾ ആദരിക്കപ്പെടുന്നതു മലയാള സിനിമ തന്നെയാണ്. എക്കാലത്തും മലയാള സിനിമാ പ്രേക്ഷകർക്കു മറക്കാനാവാത്ത പേരാണ് കെ.ജി. ജോർജ്. എഴുപതുകളിൽ മലയാളത്തിൽ പരീക്ഷണ സിനിമകളിലൂടെ നവഭാവുകത്വം പകർന്ന സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു ജോർജ്. മനുഷ്യമനസ്സിന്റെ വിഭ്രമജനകമായ തലങ്ങളെ അടയാളപ്പെടുത്തിയ ചിത്രങ്ങളിലൂടെ സൈക്കോളജിക്കൽ, മിസ്റ്ററി, ത്രില്ലറുകൾക്ക് മലയാളത്തിൽ പുതിയ ഭാഷ്യം നൽകി അദ്ദേഹം.

സ്വപ്നാടനം (1975) മുതൽ ഉൾക്കടൽ, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ഇരകൾ, ആദാമിന്റെ വാരിയെല്ല്, മറ്റൊരാൾ തുടങ്ങി ഇലവങ്കോട് ദേശം (1998) വരെ മൂന്നുപതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര സപര്യ.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിനു ശേഷം രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ ജോർജിന്റെ കന്നിച്ചിത്രം സ്വപ്നാടനം (1975) മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. നവസിനിമാ തരംഗം അലയടിച്ച എഴുപതുകളിൽ അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും കലാപരമായും വാണിജ്യപരമായും വിജയമായിരുന്നു. അക്കാലത്തു പൊതുസമൂഹത്തിനു ചിന്തിക്കാനാകുന്നതിനും അപ്പുറത്തുള്ള പ്രമേയങ്ങൾ ചലച്ചിത്രങ്ങളിലൂടെ ആവിഷ്കരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

k-g-george-movies

മലയാളസിനിമചരിത്രത്തിൽ വഴിത്തിരിവായ ചിത്രമാണ് ജോർജ് സംവിധാനം ചെയ്ത യവനിക (1982). ഭരത് ഗോപിയും മമ്മൂട്ടിയും തിലകനുമടക്കമുള്ള വലിയ താരനിര അണിനിരന്ന ചിത്രം. അവതരണമികവുകൊണ്ട് മലയാളത്തിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ ചിത്രങ്ങളിൽ ഒന്നായി ഇന്നും വാഴ്ത്തപ്പെടുന്ന യവനിക, തിലകന് ആദ്യ സംസ്ഥാന അവാർഡും നേടിക്കൊടുത്തു.
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ രാഷ്ട്രീയആക്ഷേപഹാസ്യ ചിത്രമായിരുന്ന പഞ്ചവടിപ്പാലം (1984), രാഷ്ട്രീയക്കാരുടെ കള്ളത്തരങ്ങളും അഴിമതിയുമൊക്കെ വെള്ളിത്തിരയിൽ പൊളിച്ചടുക്കിയ ചിത്രമാണ്.

നടി ശോഭയുടെ മരണം പശ്ചാത്തലമായി എടുത്ത ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്’ റിലീസിനു മുന്നേ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു കാലത്ത് ആകാശവാണിയുടെ ചലച്ചിത്ര ശബ്ദരേഖകളിലെ ജനപ്രിയ ചിത്രം കൂടിയായിരുന്നു ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്’. മനുഷ്യമനസ്സിലെ വയലൻസിന്റെ മനഃശാസ്ത്രമാണ് ‘ഇരകൾ’ എന്ന ചിത്രം പറഞ്ഞത്. മലയാള സിനിമ എങ്ങനെ കാലത്തിനു മുൻപേ സഞ്ചരിച്ചിരുന്നു എന്നു മനസ്സിലാകണമെങ്കിൽ ജോർജിന്റെ സിനിമകൾ കണ്ടു നോക്കുക.

ഒൻപതു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും അദ്ദേഹം നേടി. സംവിധാനരംഗത്തുനിന്നു പിൻവാങ്ങിയപ്പോഴും സിനിമ മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. മലയാള സിനിമയിലെ ടെക്‌നീഷ്യന്മാരുടെ കൂട്ടായ്മയായ മാക്ടയുടെ സ്ഥാപക ചെയർമാനായിരുന്ന ജോർജ്, സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ നേതൃത്വവും വഹിച്ചിരുന്നു. തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്ര മേളയെ ജനകീയമാകുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

ഒക്ടോബര്‍ 15ന് പാലക്കാട്ടു നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം കെ.ജി. ജോർ‌ജിനു സമ്മാനിക്കും.