Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽക്കറിനേക്കാള്‍ സന്തോഷം മമ്മൂട്ടിയ്ക്ക്: കെ. മധു

k-madhu-mammootty

മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ ദുൽക്കർ സൽമാനെ അഭിനന്ദിച്ച് സംവിധായകൻ കെ. മധു. അച്ഛനെപ്പോലെ വളർന്നു വലിയ നടനാകും ദുൽക്കറെന്നും ഓരോ മലാളിക്കൊപ്പവും ഞാനും അതു സ്വപ്നം കാണുന്നുവെന്നും കെ. മധു പറയുന്നു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം–

ഇത് മമ്മൂട്ടിയുടെ മകൻ.

ഇന്നലെ 2015- ലെ മികച്ച നടനായി ദുൽക്കർ സൽമാനെ തിരഞ്ഞെടുത്തതിന്റെ പിന്നാലെ ഒരു ചാനൽ ക്യാമറക്ക്‌ മുന്നിൽ സന്തോഷം പങ്കിടുന്ന ദുൽക്കറിനെ കണ്ടു. അഭിമാനം തോന്നിയ നിമിഷം. അയാളുടെ വാക്കുകൾ ലാളിത്യത്തിന്റെ പര്യായമായി മാറുന്ന നിമിഷങ്ങൾ. വാപ്പചിക്ക് കിട്ടിയ ഒട്ടനവധി അവാർഡുകൾക്കിടയിൽ ഇതുകൂടി എന്ന് ദുൽക്കർ പറയുമ്പോൾ വലുതായതു ശ്രീ. മമ്മൂട്ടിയാണ്. ഇങ്ങനെയൊരു നടനെ മലയാളത്തിനു സമ്മാനിച്ചതിന്.

ഓർമ്മകൾ വീണ്ടും പിന്നിലേക്ക്‌. ഞാൻ സഹോദര തുല്യം സ്നേഹിക്കുന്ന ശ്രീ. മമ്മൂട്ടിക്ക് ആദ്യത്തെ സ്റ്റേറ്റ് അവാര്ഡ് ലഭിച്ച ദിവസംകൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തി അഭിനന്ദനങ്ങൾ അറിയിച്ചപ്പോൾ ആ മുഖത്തു വിടർന്ന പുഞ്ചിരി.. അതേ ചിരിയാണ് ഇന്നലെ ദുൽക്കറിന്റെ മുഖത്തും കണ്ടത്. പിന്നീടൊരിക്കൽ ഇതേ ചിരി ഞാൻ ശ്രീ. മമ്മൂട്ടിയുടെ മുഖത്ത് കണ്ടു. തനിക്കൊരു ആൺ കുഞ്ഞു- ദുൽക്കർ- പിറന്നന്ന് സന്തോഷം എന്‍റെ ലൊക്കേഷനിൽ പങ്കിട്ടപ്പോൾ.

ഒരുമിച്ചു വർക്ക് ചെയ്യുന്നവർ എന്ന നിലയിൽ ശ്രീ. മമ്മൂട്ടിയുടെ വീട്ടിൽ നിത്യ സന്ദർശകനായി എത്തുമ്പോഴൊക്കെ ദുൽക്കറിന്റെ വളർച്ചയുടെ പല ഘട്ടങ്ങൾ കണ്ടു. ഇന്നയാൾ വളർന്നു നടനായി.. അവാർഡിനർഹാനായി. ഇവിടെയിരുന്നു കൊണ്ട് ഞാൻ കാണുന്നുണ്ട് ദുൽക്കറിന്റെ വാപ്പചിയുടെ മുഖത്തെ പുഞ്ചിരി.. തനിക്കു അവാർഡു ലഭിച്ചതിനേക്കാൾ കൂടുതൽ ആ പിതാവ് സന്തോഷിക്കുന്നുണ്ടാവാം. ഉണ്ട്.. തീർച്ച..

ഒരു നല്ല മനുഷ്യനെ ഒരു നല്ല നടനാകാൻ കഴിയു. പുറമേ പരുക്കൻ എന്ന് ചിലരൊക്കെ പറഞ്ഞാലും ഉള്ളിന്റെയുള്ളിൽ ശ്രീ. മമ്മൂട്ടി നന്മ നിറഞ്ഞ ഒരാളാണ്.. ആ നന്മ മകനുമുണ്ട്.. ആ കുടുംബത്തിന്റെ ഷെൽഫിലേക്ക്‌ അച്ഛനോടൊപ്പം ഈ മകനും അവാർഡുകൾ കൂട്ടിവെക്കും.ഒപ്പം ആ മകൻ അച്ഛനെപ്പോലെ വളർന്നു മഹാനടനാകും. ‌ ഓരോ മലയാളിക്കൊപ്പവും ഞാനും അത്‌ സ്വപ്നം കാണുന്നു.. ദുൽക്കറിനു ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.. ആ കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു. കെ. മധു പറഞ്ഞു.