Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലി കേരളത്തിൽ ലാഭം, തമിഴ്‌നാട്ടിൽ വൻനഷ്ടം

kabali-loss

ബോക്സ്ഓഫീസില്‍ സൂപ്പർഹിറ്റായി മാറിയെങ്കിലും രജനികാന്തിന്റെ കബാലി നഷ്ടമായിരുന്നെന്ന് റിപ്പോർട്ട്. തമിഴ്നാട്ടിലെ വിതരണക്കാർക്ക് ചിത്രം മൂലം 20 ശതമാനം നഷ്ടം സംഭവിച്ചെന്നാണ് ഏറ്റവും പുതിയ വാർത്ത.

68 കോടി രൂപയ്ക്കായിരുന്നു കബാലിയുടെ വിതരണാവകാശം ജാസ് സിനിമാസ് തമിഴ്നാട്ടിൽ സ്വന്തമാക്കിയത്. (ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2വിന്റെ വിതരണാവകാശം ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കെ എന്റർടെയ്ൻമെന്റ് സ്വന്തമാക്കിയത് 45 കോടി രൂപയ്ക്കും.) കബാലി ഇത്ര വലിയ തുകയ്ക്ക് വിൽക്കാൻ കാരണം തന്നെ നിർമാതാവായ താനുവിന്റെ പിടിവാശിയായിരുന്നു. വിതരണം സ്വന്തമാക്കിയ ജാസ് സിനിമാസ് തമിഴ്നാട്ടിലെ മറ്റുവിതരണക്കാര്‍ക്ക് ചിത്രം വലിയ തുകയ്ക്ക് കൊടുക്കുകയും ചെയ്യും.

കബാലിയിലൂടെ നഷ്ടമായ വിതരണ തുക താനു തന്നെ തിരിച്ചു തരണമെന്ന നിലപാടിലാണ് ഇപ്പോൾ വിതരണക്കാർ. മാത്രമല്ല കബാലിയുടെ ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ വിതരണക്കാര്‍ക്ക് കനത്ത നഷ്ടം വരുത്തിവച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്‍.

റിലീസിന് മുന്നേ കബാലി വാരിയത് 223 കോടി

കർണാടകയിൽ നിർമാതാവ് റോക്ലിൻ വെങ്കിടേഷ് പത്ത് കോടി രൂപക്കാണ് വിതരണം ഏറ്റെടുത്തത്. 15.5 കോടി മുടക്കിയാണ് ഹിന്ദിയിൽ ഫോക്സ് സ്റ്റാർ ഇന്ത്യ വിതരണാവകാശം സ്വന്തമാക്കിയത്. ആദ്യ ദിവസം അഞ്ചുകോടി രൂപ കളക്ഷന്‍ നേടി. എന്നാല്‍ പിന്നീട് ചിത്രത്തിന് അഭിപ്രായം മോശമായപ്പോള്‍ തിയറ്ററുകളില്‍ ആളുകള്‍ കയറാതായി. ഹിന്ദിയിൽ ചിത്രം വലിയ നഷ്ടമായിരുന്നു.

കേരളത്തില്‍ കബാലി വിതരണം ചെയ്തത് മോഹന്‍ലാല്‍ ആയിരുന്നു. മോഹന്‍ലാല്‍ 7.5 കോടി രൂപയ്ക്കാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. കബാലി കേരളത്തില്‍ ലാഭം നേടിയെന്നാണ് റിപ്പോർട്ട്.

സിനിമ റിലീസ് ചെയ്യുന്നതിന് മുൻപേ ചിത്രം വാരിക്കൂട്ടിയത് 223 കോടി രൂപയാണ്. എന്നാല്‍ ഇങ്ങനെയൊരു ബിസിനസ് നടക്കുമ്പോൾ നഷ്ടം പറ്റുന്നത് വിതരണക്കാർക്ക് മാത്രമാണ്. നേരത്തെ ലിങ്ക, കൊച്ചടൈയാൻ എന്നീ ചിത്രങ്ങളിലൂടെ വമ്പൻ നഷ്ടമായിരുന്നു ഇവർക്ക് സംഭവിച്ചത്. തുടർന്ന് നിരാഹാരം കിടന്നാണ് വിതരണക്കാർക്ക് തങ്ങൾക്ക് നഷ്ടം വന്ന തുക തിരികെ നേടിയത്.