Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകന്റെ വേർപാടിൽ തേങ്ങി ഈ അമ്മമാർ

mani-new

ഉപേക്ഷിച്ചു പോയ മക്കളെക്കാൾ കൂടുതൽ കലാഭവൻ മണിയെ സ്നേഹിച്ച ഒരുകൂട്ടം അമ്മമാർ ഇന്നലെ വിങ്ങിക്കരഞ്ഞു. ആലപ്പുഴ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ശാന്തിമന്ദ‍ിരത്തിലെ അന്തേവാസികളായ ഇരുപതോളം അമ്മമാരുടെ മാനസപുത്രനായിരുന്നു കലാഭവൻ മണി.

നാലു വർഷം മുൻപത്തെ ലോക വൃദ്ധദിനത്തിലാണ് ശാന്തിമന്ദിരത്തിലെ അമ്മമാരുടെ ഒരേയൊരാഗ്രഹം മലയാള മനോരമയിലൂടെ ലോകമറിഞ്ഞത്. എന്താണ് അവശേഷിക്കുന്ന ആഗ്രഹമെന്നു ചോദിച്ചപ്പോൾ പെറ്റുവളർത്തിയ മക്കളെ കാണണമെന്നായിരുന്നില്ല അവർ പറഞ്ഞത് – കലാഭവൻ മണിയെ ഒരു നോക്കു കണ്ടശേഷം കണ്ണടയ്ക്കണം എന്നായിരുന്നു. നാടൻപാട്ടു പാടുകയും തമാശ പറയുകയും നിഷ്കളങ്കമായി പൊട്ടിക്കരയുകയും ചെയ്യുന്ന തനി നാടൻ പെരുമാറ്റമായിരുന്നു ഈ അമ്മമാരുടെ പ്രിയപ്പെട്ട മകനായി കലാഭവൻ മണിയെ മാറ്റിയത്. മനോരമ വാർത്ത വായിച്ച് ഈ അമ്മമാരുടെ സ്നേഹത്തെക്കുറിച്ച് അറിഞ്ഞെങ്കിലും ഉടനടി ഓടിയെത്താൻ കലാഭവൻ മണിക്കു കഴിഞ്ഞില്ല.

പക്ഷേ, അമ്മമാരുടെ ആഗ്രഹം മനസ്സിൽ സൂക്ഷിച്ച മണി നാലു മാസത്തിനു ശേഷം ശാന്തി മന്ദിരത്തിലെത്തി. ഒപ്പം അവർക്കു വയറു നിറയെ ഭക്ഷണവും ധരിക്കാനുള്ള വസ്ത്രങ്ങളും കരുതിയിരുന്നു. അമ്മമാരെച്ചേർത്തു പിടിച്ച് അവർ ആഗ്രഹിച്ച പാട്ടുകൾ പാടിക്കൊടുത്തായിരുന്നു കലാഭവൻ മണി സ്നേഹം പങ്കുവച്ചത്. അപ്പോൾ മണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

‘ഉമ്പായിക്കൊച്ചാണ്ട്യേ, പ്രാണൻ കത്തണുമ്മാ, പടല പൊട്ടിച്ച് പാപ്പംണ്ടാക്കണുമ്മ... എന്നു മണി പാടിയപ്പോൾ സരോജനിയമ്മയെന്ന അന്തേവാസിയുടെ കാഴ്ച വറ്റിയ കണ്ണുകൾ കണ്ണീരണിഞ്ഞ‍ു. പഠിക്കാൻ പോകാൻ നിവൃത്തിയില്ലാതെ അച്ഛന്റെ പാളത്തൊപ്പിവച്ച് മണി പ‍ാടത്തേക്കിറങ്ങിയ കഥകളെല്ലാം അമ്മമാർക്കറിയാം. ആരു കാണാനെത്തിയാലും അവർ ഈ കഥകൾ പങ്കുവയ്ക്കുകയും ചെയ്യും. വെറ‍ുതേയിരിക്കുമ്പോഴും തനിച്ചായിപ്പോകുന്നുവെന്നു തോന്നുമ്പോഴുമെല്ലാം ഇവർ പരസ്പരം പറഞ്ഞിരുന്നതു കലാഭവൻ മണിയുടെ കഥകളായിരുന്നു. അമ്മമാരുടെയെല്ലാം സ്നേഹവും ആശീർവാദവും വാങ്ങി, വീണ്ടും വരാമെന്നുറപ്പു നൽകിയാണ് അന്നു കലാഭവൻ മണി ശാന്തിമന്ദിരത്തിന്റെ പടിയിറങ്ങിയത്. മണിയെക്കുറിച്ചുള്ള ഓർമകളുടെ കണ്ണീരുപ്പു മാത്രമാണ് ഓർമവറ്റിത്തുടങ്ങിയ ശാന്തിമന്ദിരത്തിലെ അമ്മമാർക്ക് ഇനി ബാക്കിയുണ്ടാകുക.

related stories
Your Rating: