Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാഭവൻ മണിയുടെ മരണം സിബിഐ അന്വേഷിക്കും

kalabhavan-mani-3

കലാഭവൻ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാൻ ഡിജിപി ശുപാർശ ചെയ്തു. ശുപാർശ കേന്ദ്രസർക്കാരിന് കൈമാറി. ഇതു സംബന്ധിച്ച വിജ്ഞാപനവും പുറത്തിറക്കി.

മണിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. മണിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിൽ ഉറച്ചുനിൽക്കുന്നതായി രാമകൃഷ്ണൻ മുഖ്യമന്ത്രിയെ അറിയിച്ചു. നടപടിയെടുക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്.

മണിയുടെ മരണത്തിലെ ദുരൂഹത നീക്കുന്നതിന്റെ ഭാഗമായി മണിയുടെ ആന്തരികാവയവങ്ങളും രക്ത സാംപിളും ഹൈദരാബാദിലെ കേന്ദ്ര ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. തുടർന്ന് ശരീരത്തിൽ കീടനാശിനി ഇല്ലെന്നും മെഥനോൾ മാത്രമാണുള്ളതെന്നും കേന്ദ്രലാബിലെ രാസപരിശോധനാഫലം വ്യക്തമാക്കി. എന്നാൽ മണിയുടെ മരണത്തിൽ ഗൂഡാലോചന നടന്നതായി വിശ്വസിക്കുന്നുണ്ടെന്ന് തന്നെയായിരുന്നു കുടുംബം പറഞ്ഞിരുന്നത്.

മാര്‍ച്ച് ആറിന് കൊച്ചിയിലെ സ്വകാര്യ ആശു​പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മണി മരിച്ചത്. രക്തത്തില്‍ മെഥനോളിന്റെ അംശം കണ്ടതിനാല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.കാക്കനാട് റീജണല്‍ കെമിക്കല്‍ അനലൈസേഴ്‌സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങളില്‍ കീടനാശിനിയായ ക്ലോര്‍പൈറിഫോസിന്റെ അംശം കണ്ടതോടെ മരണത്തില്‍ ദുരൂഹത ഉയരുകയായിരുന്നു.

സ്വാഭാവിക മരണമല്ലെന്നും മണി ആത്മഹത്യ ചെയ്യില്ലെന്നും വ്യക്തമാക്കി മണിയുടെ കുടുംബാംഗങ്ങള്‍ പരാതിയുമായെത്തി. മണിയുടെ സുഹൃത്തുക്കളും സഹായികളും ബന്ധുക്കളുമടക്കമുള്ളവരെ പോലീസ് പലവട്ടം ചോദ്യം ചെയ്തു. സിബിഐ അന്വേഷണത്തിൽ കേസിന് കാര്യമായ പുരോഗതി ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് മണിയുടെ കുടുംബാംഗങ്ങൾ. 

related stories