Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിയാതെ പോകരുത് മണിയുടെ ഈ സഹായങ്ങൾ

mani-baby

കലാഭവൻ മണി ഏവരുടെയും നെഞ്ചിലെ കെടാനാളമായിരുന്നു. അതിനുള്ള ഏകതെളിവായിരുന്നു ഇന്നലെ ചാലക്കുടിയിൽ കണ്ടതും. പ്രമുഖരായ പലർക്കും അവസാനമായി ഒരു നോക്കു കണ്ട് ആദരാഞ്ജലി അർപ്പിക്കാൻ സാധിക്കാതെ മടങ്ങേണ്ടി വന്നു. അത്രയ്ക്കും സാധാരണക്കാർ അവരുടെ മണിച്ചേട്ടനെ കൈയിലെടുത്തുവെന്നു സാക്ഷ്യപ്പെടുത്തുന്നു ഇന്നലെ കണ്ട ജനസഞ്ചയം. ചാലക്കുടിയിൽ എത്താൻ കഴിയാതെ പ്രാർഥനയിൽ ആത്മാവിന് നിത്യശാന്തി നേർന്നതാകട്ടെ പതിനായിരങ്ങളാകാം. വിശപ്പിന്റെ വേദന അറിഞ്ഞവനു മാത്രമേ വിശക്കുന്നവന്റെ വേദനയും മനസിലാകൂ... അതേ... ആ വേദന ഏറ്റവും നന്നായി തന്നെ മനസിലാക്കിയ ഒരാളു തന്നെയായിരുന്നു കലാഭവൻ മണി. അതുകൊണ്ടു തന്നെയാണ് എന്തു സഹായം ചോദിച്ച് മണിയുടെ അടുത്തെത്തിയാലും നിറയെ ഭക്ഷണവും കൊടുത്തു മാത്രം മടക്കി അയച്ചിരുന്നതും.

man-fans

ചെറിയ സഹായങ്ങൾ ചെയ്യുന്നതു പോലും വാർത്തകളാകുന്ന നിലവിലത്തെ സാഹചര്യത്തി ഒരു പേജിൽ ഒതുങ്ങാത്തതു കൊണ്ടാണോ അതോ ദിവസവും വാർത്തകൾ നൽകേണ്ടി വരുന്നതു കൊണ്ടാണോ എന്നറിയില്ല, അതോ മണിക്ക് ഇതൊന്നും ലോകത്തെ അറിയിക്കാൻ താൽപര്യമില്ലാത്തതു കൊണ്ടോ... പലപ്പോഴും അദ്ദേഹം നൽകിയിരുന്ന സഹായങ്ങൾ അവരല്ലാതെ മൂന്നാമതൊരാൾ അറിയാതെ പോയത്. അത്തരത്തിലൊരു സഹായത്തിന്റെ കഥയാണ് തിരുവനന്തപുരത്തെ ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാഭവൻ മണി സേവനസമിതിക്കും പറയാനുള്ളത്.

തിരുവനന്തപുരം നഗരത്തിന്റെ തിരക്കുകളിൽ നിന്ന് അകന്നു കഴിയുന്ന ചെറിയൊരു പട്ടണമാണ് ആറ്റിങ്ങൽ. ഇതിലുമുപരി ഈ പട്ടണത്തിനു പരിസരങ്ങളിൽ താമസിക്കുന്നതും വെറും സാധാരണക്കാരായ ആളുകളും. ഇവരിൽ പലർക്കും പറയാനുള്ളതും മണിയുടേതു പോലെ തന്നെ ചുട്ടുപൊള്ളുന്ന ജീവിതകഥകളും. അതുകൊണ്ടു തന്നെ ഇവിടെ കലാഭവൻ മണിയെ പോലുള്ള ഒരു വ്യക്തിയുടെ പേരിലുള്ള സേവനസമിതിക്കും അതിനെക്കാളേറെ പ്രസക്തിയുമുണ്ടാകുന്നു.

mani-fans

മണി ചേട്ടൻ നൽകിയ പ്രചോദനത്തിൽ നിന്നാണ് ഇങ്ങനെയൊരു സമിതി ഉണ്ടായതെന്ന് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന അജിൽ മനോരമ ഓൺലൈനോടു പറഞ്ഞു. അഞ്ചു വർഷമായി ഈ സമിതി പ്രവർത്തനം ആരംഭിച്ചിട്ട്. കോരാണി അംബേദ്കർ സ്കൂളിലെ കുട്ടികൾക്കായി ഭക്ഷണം വയ്ക്കാനുള്ള പാത്രങ്ങൾ, പഠനോപകരണങ്ങൾ, കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്താനായി സ്കൂളിൽ മരം നടുക തുടങ്ങിയ കാര്യങ്ങൾ ചെയ്തു.

chalakudi-mani

ഈ സ്കൂളിന്റെ സാമ്പത്തികമായ കാര്യങ്ങളെല്ലാം ചെയ്തത് മണിച്ചേട്ടൻ ആണ്. അതുപോലെ അപകടങ്ങളിൽ പെടുന്നവരെ സഹായിക്കാനായി രണ്ട് ആംബുലൻസ് സർവീസ്, റോഡ് അപകടങ്ങൾ തടയാനായി ആറ്റിങ്ങൽ പൊലീസിന്റെയും നഗരസഭയുടെയും സഹായത്തോടെ മാമത്ത് ബൈപ്പാസിൽ തന്നെ ഒരു ഓഫീസും പ്രവർത്തിക്കുന്നുണ്ട്. എല്ലാ വർഷവും സമൂഹ വിവാഹം നടത്തി വരുന്നു. സംരക്ഷണത്തിന് ആരുമില്ലാത്ത കുട്ടികളെ ദത്തെടുത്തു വളർത്തുന്നുണ്ട്.

വലിയ സാമ്പത്തിക സഹായം വേണ്ട രോഗികൾക്കും ലക്ഷങ്ങൾ ചെലവാക്കി ശസ്ത്രക്രിയയും ചികിത്സയും ചെയ്യേണ്ടി വരുന്ന കുട്ടികളുടെയും മുഴുവൻ ചെലവുകളും വഹിച്ചിരുന്നതും മണിച്ചേട്ടൻ തന്നെയായിരുന്നു. ഇവിടെ ഒരു ഇടനിലക്കാരന്റെ പങ്കു മാത്രമേ തനിക്കു വഹിക്കേണ്ടി വന്നിട്ടുള്ളുവെന്ന് അജിൽ പറയുന്നു. ഏകദേശം 200 ഓളം പേർ സേവാസമിതിയുടെ സംരക്ഷണയിൽ കഴിയുന്നുണ്ട്. സമിതിയുടെ പ്രവർത്തനം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ചേട്ടൻ..... വാക്കുകൾ കിട്ടാതെ അജിൽ വിതുമ്പുന്നു.

mani-fans-association

ചേട്ടൻ ജീവിച്ചിരുന്നെങ്കിൽ പാവപ്പെട്ടവരായ ആളുകൾക്ക് വലിയൊരു ആശ്വാസമാകുമായിരുന്നു. കഷ്ടപ്പെടുന്നവരെ നമ്മളെക്കൊണ്ട് കഴിയുന്ന വിധത്തിൽ സഹായിക്കണം. അവരുടെ നേരേ ഒരിക്കലും നമ്മുടെ കണ്ണുകളും ചെവികളും അടച്ചു പിടിക്കരുത്. കഷ്ടപ്പാടിന്റെ പേരിൽ ഒരു കുട്ടിക്കു പോലും വിദ്യാഭ്യാസം ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുത്. നമുക്കു ചുണ്ണുമുള്ളവർ നന്നായെങ്കിൽ മാത്രമേ നമ്മളും നന്നാകൂ, അടുത്തുള്ളവൻ ഒരു നേരത്തെ ആഹാരത്തിനായി കേഴുമ്പോൾ നമ്മൾ കഴിച്ചില്ലെങ്കിലും അവന്റെ വിശപ്പകറ്റുക, അപ്പോൾ നമ്മുടെ വയറും നിറയും...

mani-ambulance

ചേട്ടൻ എന്നോടു എപ്പോഴും പറയാറുള്ള കാര്യങ്ങളാണ് ഇതൊക്കെ. ചേട്ടൻ മനസിൽ താലോലിച്ച സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ ഇനി സേവാസമിതിയിലൂടെ ഞങ്ങൾ ഫലവത്താക്കും. അതുകണ്ട് അങ്ങ് സ്വർഗത്തിലിരുന്ന് ങ്യാ ഹാ.... എന്റെ പിള്ളേർ ചെയ്യുന്നതു കണ്ടോ എന്നു പറഞ്ഞ് സ്വതസിദ്ധമായ ശൈലിയിൽ ചേട്ടൻ ചിരിക്കുന്നുണ്ടാകും, സന്തോഷിക്കുന്നുണ്ടാകും. വീണ്ടും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നുണ്ടാകും. അതു മാത്രം മതി ഇനി ഞങ്ങൾക്ക്. ഞങ്ങളിലൂടെ ചേട്ടൻ വീണ്ടും എത്തും.

related stories
Your Rating: