Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കലി’യോടെ കരുത്തോടെ ദുൽക്കർ

dulquer-kali

കലി വരുന്ന വ്യക്തികളെ കണ്ടിട്ടുണ്ടോ? ശരിക്കും അടതാളത്തിൽ തുടങ്ങി ത്രിപുടതാളത്തിൽ ആഞ്ഞടിക്കുന്ന ചെണ്ടപോലെയാണ് കലികയറുന്നത്. ആ ചെണ്ടയുടെ താളം അതിമനോഹരമായിട്ടാണ് ദുൽഖർ സൽമാന് കലിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത്രത്തോളം കലിപ്പുള്ള ഒരു നായകനെ മലയാളസിനിമ കണ്ടിട്ടില്ലെന്നു തന്നെ പറയാം.

ഭരത്ചന്ദ്രനെപ്പോലെയോ, മംഗലശേരി നീലകണ്ഠനെപ്പോലെയോ, ജോസഫ് അലക്സിനെപ്പോലെയോ ഉള്ള അതിമാനുഷികനൊന്നുമല്ല ദുൽഖറിന്റെ സിദ്ദാർഥ്. സാധാരണ ഒരു ബാങ്ക്ജീവനക്കാരനാണ്. ഏതൊരാളുടെ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും കടന്നുവരാവുന്ന ദേഷ്യം അഥവാ കലി എന്ന ഭാവം ദുൽഖറിന്റെ കൈകളിൽ ഭദ്രമായിരുന്നു. കലിപിടിക്കുമ്പോഴുള്ള ഓരോ ഭാവവും കിറുകൃത്യം.

kali-movie

നമുക്ക് ചുറ്റുമുള്ള കലിപിടിക്കുന്നവരെ ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും കലി പ്രകടിപ്പിക്കാൻ അവർ എന്തൊക്കെയാണ് ചെയ്യുന്നതെന്ന്. അവരെപ്പോലെ തന്നെ അപ്രതീക്ഷിതമായിട്ടായിരിക്കും സിദ്ദാർഥിനും കലി വരുക. അതു നിസ്സാരകാര്യങ്ങൾക്ക്. ഭാര്യ അഞ്ജലി വണ്ടിയുടെ ഗിയർ മാറ്റുന്നത് തെറ്റിച്ചാൽ, സാധനങ്ങൾ സ്ഥാനം തെറ്റിയിരുന്നാൽ, ദോശ കരിഞ്ഞു പോയാൽ, ഉപ്പേരി ഭാര്യയൊന്ന് ശബ്ദത്തിൽ കൊറിച്ചാൽ, എന്തിന് പറയുന്നു ഒരു സൈക്കളുകാരന് അറിയാതെയൊന്ന് മുട്ടിയാൽപ്പോലും കലി കയറും. കലി കയറിയാൽപ്പിന്നെ അത് ഇറക്കിവെയ്ക്കാനുള്ള വഴികൾ സാധനങ്ങൾ എറിഞ്ഞുപൊട്ടിക്കും, ആക്സിലേറ്റർ ആവുന്നത്ര അമർത്തി പറത്തിവിടും, ബുക്കും പേനയുമെല്ലാം തട്ടിക്കളയും, എന്തിന് ചുമരിൽ തൂക്കിയ അലങ്കാര വസ്തുക്കൾ വരെ വലിച്ചുപറിച്ച് താഴെയിടും.

കലി പ്രകടിപ്പിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഇവർക്ക് കലി അടക്കുക എന്നുള്ളത്. കലി അടക്കാൻ ആരുമറിയാതെ ബാത്ത്റൂമിലെ കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് അലറും, കൈകൊണ്ട് സ്വന്തം ദേഹത്ത് താളം പിടിക്കും, കാലുകൾ ചലിപ്പിച്ചുകൊണ്ടേയിരിക്കും, അതിരൂക്ഷമായി നോക്കും. കലിയിലെ സിദ്ദാർഥിനെക്കാണുമ്പോൾ ചിലനേരമെങ്കിലും തോന്നും ഇയാൾക്ക് ഭ്രാന്താണോയെന്ന്. പക്ഷെ ഒരിക്കലുമല്ല. കലി പിടിക്കുന്നവർക്ക് നന്നായി അറിയാം ദുൽഖറിന്റെ കലി എത്രമാത്രം സ്വാഭാവികമാണെന്ന്. മലയാളത്തിൽ മമ്മൂട്ടിക്കഴിഞ്ഞാൽ കലിച്ച നടന് ദുൽഖർ തന്നെയാണെന്ന് നിസംശയം പറയാം.