Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത് പാർവതിയുടെ ആഗ്രഹമായിരുന്നു: കാഞ്ചനമാല

parvathi-kanchana പാര്‍വതി, കാഞ്ചനമാല

മുക്കത്തെ പെണ്ണിന്റെ കഥപറഞ്ഞ ചിത്രം കാണാൻ, തന്റെ ജീവിതം കാണാൻ ഒടുവിൽ‌ കാഞ്ചനമാലയെത്തി. കഥാപാത്രത്തിലൂടെ വെള്ളിത്തിരയിൽ താനായി മാറിയ പാർവതിയുടെ കൈപിടിച്ചായിരുന്നു അവരെത്തിയത്. കണ്ണീരുപ്പുള്ള ജീവിതം ജീവിച്ചു തീർക്കുന്ന കാഞ്ചനമാലയും വെള്ളിത്തിരയിൽ ആ ജീവിതത്തെ അഭിനയിച്ചു പ്രതിഫലിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ പാർവതിയും ഒരേ ഫ്രെയിമിലൊരുമിച്ചു വന്ന ദൃശ്യം സന്തോഷം നൽകുന്നുവെന്നതിൽ തെറ്റില്ല.

എന്തിനായിരുന്നു കാണില്ലെന്ന് വാശിപിടിച്ച സിനിമ കാണുവാൻ എത്തിയതെന്നു ചോദിച്ചപ്പോൾ കാഞ്ചനമാല പറഞ്ഞത് ഇത്രമാത്രം. അത് അവളുടെ ആഗ്രഹമായിരുന്നു. അത്രേയുള്ളൂ. കൂടുതലൊന്നും ചോദിക്കരുത്. എനിക്കൊന്നും പറയാൻ കഴിയില്ല. സിനിമയെ കുറിച്ചുയർന്ന വിവാദങ്ങൾ ഏറെ വേദനിപ്പിച്ചു. താൻ പറയാത്തതാണ് പലയിടത്തും അച്ചടിച്ചു വന്നത്. വ്യാഖ്യാനങ്ങളിലൂടെ എന്റെ വാക്കുകൾ കടന്നു പോയപ്പോൾ ഇപ്പോഴുള്ള മുറിവുകൾക്കുമേൽ മറ്റൊരു മുറിവായി അത്. ഇനിയൊന്നിനുമില്ല. രോഗവും ജീവിതാനുഭവങ്ങളും എനിക്കേറെയുണ്ട്. ഒന്നും പറയാൻ ശക്തിയില്ല. കാഞ്ചനമാല പറഞ്ഞു.

തന്നെ കാണാൻ വരുന്ന ചെറുപ്പക്കാരോടൊക്കെ ഒരു കാര്യം ചോദിക്കാറുണ്ടെന്നു കാഞ്ചനമാല– മുത്തശ്ശനോടും മുത്തശ്ശിയോടും സംസാരിക്കാൻ സമയം കണ്ടെത്താറുണ്ടോ? പരിഗണന കിട്ടാതെ വേദനിക്കുന്ന വയോജനങ്ങളുടെ എണ്ണം കൂടുന്നുവെന്നും കാഞ്ചനമാല പറഞ്ഞു.സിനിമ വന്നതിനു ശേഷം ഏറെ മാറ്റങ്ങളുണ്ടായി. എല്ലാവരുടെയും സ്നേഹം ഏറ്റുവാങ്ങുന്നു, പക്ഷേ ആരാധകക്കൂട്ടം മൂലം സേവന പ്രർത്തനങ്ങൾക്കു തടസ്സം നേരിടുന്ന വസ്ഥയുണ്ട്‌– കാഞ്ചനമാല പറഞ്ഞു.

ഒരു വിഷമം കൂടി അവർ‌ പങ്കുവച്ചു– ‘‘ഹൃദ്രോഗിയാണ്, മാനസികസമ്മർദം പാടില്ല എന്നു ഡോക്ടർ പറ‍ഞ്ഞിട്ടും കേസു നടത്തേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. സത്യം എന്റെ ഭാഗത്തായിട്ടും പര്യാപ്തമായ തെളിവുകൾ നൽകാൻ സാധിക്കാതിരുന്നതിനാൽ ദുഃഖത്തിലായ സംഭവങ്ങളുമുണ്ട്. പക്ഷേ പോരാടേണ്ട കാര്യങ്ങൾക്ക് അതു ചെയ്തല്ലേ മതിയാകൂ.’

എന്നു നിന്റെ മൊയ്തീനെന്ന ചിത്രം മുക്കത്തെ കാഞ്ചനമാലയുടെയും അവളുടെ മൊയ്തീന്റെയും കഥയായിരുന്നു. മതത്തിനപ്പുറമുള്ള മനുഷ്യ ബന്ധങ്ങളുടെയും കാഞ്ചനമാലയുടെ പകരംവയ്ക്കാനില്ലാത്ത കാത്തിരിപ്പിന്റെയും ചിത്രമായിരുന്നു അത്. മനോഹരമായ ചലച്ചിത്ര കാവ്യം തന്നെയായിരുന്നു ആർ എസ് വിമൽ മലയാളത്തിനു സമ്മാനിച്ചത്. പക്ഷേ ചിത്രം പുറത്തിറങ്ങിയതിനു ശേഷം നടന്ന വിവാദങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. കാഞ്ചനമാലയുടെ ജീവിതവും ചിത്രത്തിനോട് അവർ സ്വീകരിച്ച നിലപാടുകളും ഏറെ ചർച്ച ചെയ്യപ്പെട്ടു. കാഞ്ചനമാലയുടെ ജീവിതം പോലും ചോദ്യം ചെയ്യപ്പെട്ടു അവിടെ.

ഒടുവിൽ ചിത്രത്തിൽ കാഞ്ചനമാലയായി വേഷമിട്ട പാർവതിയുടെ ആഗ്രഹ പ്രകാരം ചിത്രം കാണാനെത്തുമ്പോൾ ആ വിവാദങ്ങൾക്ക് ശമനമാകുമെങ്കിലും വിവാദങ്ങൾ അവരുടെ മനസിൽ വലിയ വേദനയുണ്ടാക്കിയെന്ന യാഥാർഥ്യം കൂടുതൽ തെളിഞ്ഞുനിൽക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.