Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരുന്നു കാത്തിരുന്നു കാഞ്ചനമാലയുടെ മോഹത്തിനു പുതിയ മേൽക്കൂര

kanjanamala-12.jpg.image.784.410 മുക്കത്ത് നിർമാണം പുരോഗമിക്കുന്ന ബി.പി മൊയ്തീൻ സേവാമന്ദിറിനു സമീപം ഡയറക്ടർ കാഞ്ചന കൊറ്റങ്ങൽ

കാത്തിരുന്നു കാത്തിരുന്ന് ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ തീരത്താണ് കാഞ്ചനമാല. മുക്കത്തുകാരുടെ പ്രിയപ്പെട്ട ബി.പി.മൊയ്തീൻ (മാൻകാക്ക) ഓർമയായിട്ട് നാളെ 34 വർഷം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ ഓർമകളുമായി ഇന്നും കഴിയുന്ന കാഞ്ചനമാലയുടെ മോഹങ്ങളും സ്വപ്നങ്ങളും കേന്ദ്രീകരിച്ച ബി.പി.മൊയ്തീൻ സേവാമന്ദിർ കെട്ടിടത്തിന്റെ നിർമാണവും പുരോഗമിക്കുന്നു.

kanchanamala

സേവാമന്ദിറിന് സ്വന്തമായി അനുയോജ്യമായ കെട്ടിടം നിർമിക്കുന്നതിന് നാട്ടുകാരും സേവാമന്ദിർ പ്രവർത്തകരും ശ്രമങ്ങൾ ഊർജിതമാക്കുന്നതിനിടയിലായിരുന്നു ദേവദൂതനെപ്പോലെ മലയാളികളുടെ പ്രിയ നടൻ ദിലീപ് കാഞ്ചനമാലയുടെയും സേവാമന്ദിറിന്റെയും കഥകൾ മാധ്യമങ്ങളിൽ നിന്നറിഞ്ഞ് സഹായ ഹസ്തവുമായി എത്തിയത്. സേവാമന്ദിറിന്റെ ആദ്യഘട്ടത്തിലുള്ള ഒന്നാം നിലയുടെ നിർമാണം ദിലീപ് ഏറ്റെടുക്കുകയായിരുന്നു. 30 ലക്ഷത്തോളം രൂപ ചെലവിലാണ് ആദ്യഘട്ട നിർമാണം. കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമവും ദിലീപ് തന്നെ നേരിട്ടെത്തി നിർവഹിച്ചു.

ഓണത്തോടനുബന്ധിച്ച് നി‍ർമാണം പൂർത്തിയാക്കാമെന്നാണു പ്രതീക്ഷ. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ അഗതികൾ ഉൾപ്പെടെയുള്ളവർക്കായുള്ള വൃദ്ധസദനവും വിശാലമായ ലൈബ്രറിയും പ്രവർത്തിക്കും. മറ്റ് നിലകളിലായിരിക്കും ഓഡിറ്റോറിയവും വിവിധ സന്നദ്ധ സംഘടനകളുടെ ആസ്ഥാനവുമെല്ലാം. വനിതകൾക്കുള്ള വിവിധ തൊഴിൽ പരിശീലന കേന്ദ്രങ്ങളും സേവാമന്ദിറിൽ പ്രവർത്തിക്കും.

kanchanamala-letter

1982 ജൂലൈ 15ന് ഇരുവഞ്ഞിപ്പുഴയുടെ കൊടിയത്തൂർ തെയ്യത്തുംകടവിലൂണ്ടായ തോണി അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടയിലായിരുന്നു മൊയ്തീൻ മുങ്ങിപ്പോയത്. ധീരതക്കുള്ള രാഷ്ട്രപതിയുടെ മരണാനന്തര ബഹുമതിയും ലഭിച്ചു. മുക്കത്തെ ബലിയമ്പ്ര തറവാട്ടിൽ പിറന്ന മൊയ്തീൻ മുക്കത്തെയും കോഴിക്കോട്ടെയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. ജീവിതത്തിലെ സാഹസികത പോലെ മൊയ്തീന്റെ കാഞ്ചനമാലയുമായുള്ള പ്രണയവും അക്കാലത്ത് ശ്രദ്ധേയമായിരുന്നു. ആർ.എസ് .ബിമലിന്റെ ‘എന്ന് നിന്റെ മൊയ്തീൻ’ സിനിമയിലൂടെയാണ് മൊയ്തീന്റെ കഥ മുക്കത്തിന്റെ അതിരുകൾ കടന്നത്.

1985ൽ ആണ് മൊയ്തീന്റെ മാതാവ് അരീപറ്റ മണ്ണിൽ ഫാത്തിമയുടെയും പി.ടി.ഭാസ്കര പണിക്കരുടെയും സഹായത്തോടെ ബി.പി.മൊയ്തീൻ സേവാമന്ദിറിന് തുടക്കം കുറിച്ചത്. 18,000 പുസ്തകങ്ങളുള്ള ബി.പി.മൊയ്തീൻ സ്മാരക ലൈബ്രറിയും പ്രവർത്തിച്ചിരുന്നു. ഇവയ്ക്കെല്ലാം പുതിയ മേൽക്കൂരയൊരുങ്ങുകയാണ്. ഇപ്പോൾ മാളിക കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മുറിയിൽ നിന്ന് ബി.പി.മൊയ്തീൻ സേവാമന്ദിറിന്റെ സ്വന്തം സ്മാരകത്തിലേക്കുള്ള ദൂരവും ദിനങ്ങളും കുറഞ്ഞ് കൊണ്ടേയിരിക്കുന്നു. സ്വപ്ന സാഫല്യത്തിലേക്കുള്ള കാഞ്ചനമാലയുടെ കാത്തിരുപ്പിന്റെ ദൈർഘ്യവും.