Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവ്യയോട് ദേഷ്യപ്പെട്ട ദിലീപ്

dileep-kavya-photoshoot-video

ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ നായകനുംനായികയായി തു‍‍ടങ്ങിയ യാത്രയാണ് കാവ്യയുടെയും ദിലീപിന്റെയും സൗഹൃദം. തെങ്കാശിപ്പട്ടണത്തിൽ നിന്ന് മീശമാധവനിലേക്കും തിളക്കത്തിലേക്കും സദാനന്ദന്റെ സമയത്തിലേക്കും അങ്ങനെ അങ്ങനെ.... ഇപ്പോഴിതാ അടൂരിന്റെ പിന്നെയും വരെ എത്തി നിൽക്കുന്ന ഇരുപത് സിനിമകൾ. ഇപ്പോഴിതാ ഇരുവരുടെയും ‌സൗഹൃദത്തിലെ രസകരമായ നിമിഷങ്ങളും ഓർമകളും പങ്കുവക്കുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. അഭിമുഖത്തിന്റെ പ്രസ്കതഭാഗങ്ങൾ വായിക്കാം–

ഇത്രയും നല്ല ചങ്ങാതിമാർ എപ്പോഴെങ്കിലും പിണങ്ങിയിട്ടുണ്ടോ?

കാവ്യ– അതും തെങ്കാശിപ്പട്ടണത്തിന്റെ ലൊക്കേഷനിൽ ആയായിരുന്നു. ഒരു മോശം വാക്ക് അതിന്റെ അർഥമറിയാതെ വലിയ തമാശമട്ടിൽ ഞാന്‍ പറ‍ഞ്ഞു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് വലിയ കോമഡിയാണെന്ന മട്ടിൽ അവതരിപ്പിച്ചത്. എന്റെ വായിൽ നിന്ന് ആ വാക്കു വീണതും നാലഞ്ചുപേർ പാത്രവുമെടുത്ത് ഒാടുന്നതു കണ്ടു. ചിലർ മുഖം പൊത്തി ചിരിക്കുന്നു. മറ്റു ചിലർ ‍ഞെട്ടിത്തകർന്നു നോക്കുന്നു.

Dileep & Kavya Madhavan Vanitha Cover Shoot Video

എന്റെ നേരെ എതിർ‍ വശത്തിരുന്ന ദിലീപേട്ടന്‍ കണ്ണുരുട്ടി കാണിച്ചു, പക്ഷേ. അത് എനിക്ക് മനസ്സിലായില്ല. ചിരികേട്ട് കുറച്ചുപേര്‍ വന്നു. അവരോടും ഇതിനേക്കാൾ ഉറക്കെ ഞാൻ ആ കോമഡി അടിച്ചു. ഇത്തവണ ദിലീപേട്ടൻ എനിക്കു മാത്രം കേൾക്കാവുന്ന രീതിയിൽ ‘മിണ്ടാതിരിക്ക് ’ എന്നു പറഞ്ഞു. പക്ഷേ, അടുത്ത കുറച്ചുപേരോട് ഞാൻ പിന്നെയും പറഞ്ഞപ്പോൾ ദേഷ്യപ്പെട്ട് ചാടി എഴുനേറ്റ് ദിലീപേട്ടന്‍ പറഞ്ഞു, ‘മിണ്ടാതിരിക്കനല്ലേ പറഞ്ഞത്. ഒരിക്കൽ ഒരു കാര്യം ചെയ്യരുെതന്നു പറഞ്ഞാൽ അതു ചെയ്യരുത്.’

ഞാൻ ഞെട്ടിപ്പോയി. എല്ലാവരുടേയും മുന്നിൽ വച്ച് ചീത്തവിളിച്ചത് വലിയ നാണക്കേടും സങ്കടവുമായി. പിന്നെ കുറച്ചു നാളേയ്ക്ക് ഞാൻ മിണ്ടിയില്ല. പക്ഷേ, അതു കഴിഞ്ഞ് ഞാൻ പറ‍ഞ്ഞവാക്കിന്റെ ശരിക്കുള്ള അർഥം മനസ്സിലായപ്പോഴാണ് എന്തിനാണ് എന്നോട് ദേഷ്യപ്പെട്ടതെന്ന് മനസ്സിലായത്. ദിലീപേട്ടൻ നല്ലൊരു സുഹൃത്തായി മാറുകയായിരുന്നു. ഒരുപദേശമോ,സംശയമോ എന്തു ചോദിക്കാവുന്ന നല്ലൊരു ചങ്ങാതി.

dileep-kavya

ദിലീപ്– കാവ്യയുടെ അടുത്തുമാത്രമല്ല. എല്ലാ സുഹൃത്തുക്കളോടും ഞാനിങ്ങനെയാണ്. പെൺകുട്ടികൾ മറ്റുള്ളവർക്കുമുന്നിൽ സ്വയം അപഹാസ്യരാവുന്നത് എനിക്കിഷ്ടമല്ല. പരിചയക്കുറവില്ലാതെയാക്കാൻ തമാശപറയാറുണ്ട്. ഒാരോന്നു പറഞ്ഞ് പറ്റിക്കാറുണ്ട്. പക്ഷേ, അതുപോലല്ല ഒരാൾകൂട്ടത്തിനു മുന്നിൽ അപഹാസ്യയാവുന്നത്.ആ സ്ഥാനത്ത് അന്നു കാവ്യയല്ല, മറ്റേത് നടിയായിരുന്നെങ്കിലും ‍ഞാനങ്ങിനെയേ പെരുമാറൂ.

സിനിമയ്ക്കകത്തും പുറത്തും ഒരുപാടുപേരുടെ നല്ല സുഹൃത്താണു ഞാൻ. പലരും പലതും തുറന്നു പറയാറുമുണ്ട്. പക്ഷേ, അതൊന്നും ഞാൻ വഴി മറ്റൊരാളും അറിയില്ലെന്ന ഉറപ്പുള്ളതു കൊണ്ടാണ് അവർ എന്നോടു പറയാറുള്ളത്.

കുട്ടിക്കാലം മുതൽക്കേയുള്ള ഒാരോ ചെറിയ കാര്യവും സൂക്ഷിച്ചു വയ്ക്കുന്ന ആളാണ് കാവ്യ. ആ കൂട്ടത്തിൽ ദിലീപ് തന്നത് എന്തെങ്കിലും ഉണ്ടോ?

കാവ്യ– ബർത് ‍ഡേ ഗിഫ്റ്റായി തന്ന ഒരു പാവക്കുട്ടിയാണത്. ആ സമ്മാനം തന്ന സമയത്തെ ദിലീപേട്ടന്റെ മുഖം ഒാർക്കുമ്പോൾ എനിക്കിപ്പോഴും ചിരിവരും. ചക്കരമുത്തിന്റെ ലൊക്കേഷൻ. എന്റെ പിറന്നാൾ ദിവസം. എല്ലാവരും കൂടി പിറന്നാൾ ആഘോഷിക്കാൻ‌ തീരുമാനിച്ചു. ദിലീപേട്ടൻ അന്നു നല്ല തിരക്കിലായിരുന്നു. അതുകൊണ്ടു തന്നെ എനിക്കുള്ള ഗിഫ്റ്റ് വാങ്ങാനായ‌ി നടൻ നന്ദകുമാർ പൊതുവാളിനെ ദിലീപേട്ടൻ ഏല‍്‍പിച്ചു.

പാർട്ടി തുടങ്ങി. അതാ കൈയിൽ ഗിഫ്റ്റുമായി ദിലീപേട്ടൻ വരുന്നു. പിറന്നാൾ ആശംസകൾ പറയുന്നു. ഞാൻ ഗിഫ്റ്റ് വാങ്ങി. അതിന്റെ റാപ്പർ അഴിച്ചു. ഒരു മത്തങ്ങയുടെ രൂപം. എല്ലാവരും കൗതുകത്തോടുകൂടി നോക്കി നിൽക്കുമ്പോൾ അതു പെട്ടെന്നു തുറന്നു. അതില്‍ നിന്ന് ഉടുപ്പിടാത്ത ഒരു കുട്ടിയുടെ രുപമുള്ള പാവ പൊങ്ങിവന്നു ശബ്ദമുണ്ടാക്കി കറങ്ങിത്തുടങ്ങി, ഒരു നിമിഷം നിശബ്ദത, ഞാൻ നോക്കുമ്പോൾ ചമ്മിതളർന്നു നിൽക്കുന്ന ദിലീപേട്ടന്റെ മുഖമാണ് കാണുന്നത്. എല്ലാവരും കൂടി കളിയാക്കാന്‍ തുടങ്ങി. സത്യത്തിൽ ആ ഗിഫ്റ്റ് ദിലീപേട്ടൻ കണ്ടിരുന്നില്ല.  

ദിലീപ്– ഞാൻ ആൾക്കൂട്ടത്തിൽ നിൽക്കുന്ന നന്ദുവിനെ ഇപ്പോൾ കൊല്ലും എന്ന ഭാവത്തിൽ നോക്കുമ്പോൾ എങ്ങനുണ്ടെടാ നല്ലതല്ലേ എന്നമട്ടിൽ അവന്റെ ചിരി. ഗിഫ്റ്റ് റാപ് ചെയ്ത് വൃത്തിയായി വന്നിരിക്കുന്ന പാക്കറ്റ് അഴിച്ചു നോക്കിയില്ല. അതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്. പാവക്കുട്ടിയാടാ എന്ന വാക്കുവിശ്വസിച്ചു... ഇപ്പോൾ ഒാർക്കുമ്പോഴും ചമ്മൽ മാറിയിട്ടില്ല.

dileep-adoor-mg

ദിലീപ് നല്ലൊരു ചങ്ങാതിയാണെന്ന് എപ്പോഴാണ് കാവ്യ തിരിച്ചറിഞ്ഞത്?

കാവ്യ– തെങ്കാശിപ്പട്ടണം വരെ ദിലീപേട്ടനോട് ബഹുമാനം കലർന്ന ഒരകൽച്ചയായിരുന്നു. അത്ര സ്വാതന്ത്ര്യത്തോെട സംസാരിക്കില്ല. പക്ഷേ അത് ബ്രേക്ക് ചെയ്തത് എന്റെ പ്രണയത്തെക്കുറിച്ചു പറഞ്ഞിട്ടാണ്.

ദിലീപ്– ഹെന്റമ്മേ... ഇങ്ങനൊക്കെ പറഞ്ഞ് ആൾക്കാരെ കൺഫ്യൂഷനാക്കല്ലേ...അന്നും കാവ്യ പ്രണയത്തെക്കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോൾ ഇതുപോലൊന്നു ഞാൻ ഞെട്ടീതാണ്.

സെറ്റിൽ എല്ലാവരും കൂടിയിരുന്ന് പ്രണയാനുഭവങ്ങൾ സംസാരിക്കുന്നു. എനിക്കൊന്നൂല്ല എന്നു പറഞ്ഞ ഒഴിയാൻ നോക്കിയെങ്കിലും കാവ്യയുടെ മുഖം പറഞ‍്ഞുകൊണ്ടിരുന്നു, എന്തോ ഉണ്ടെന്ന്. മറ്റാരൊടും പറയില്ലെന്ന ഉറപ്പിന്മേൽ ഒടുവിൽ എന്നോടു മാത്രം പറഞ്ഞു ആ കഥ. പ്രണയവും മരണവും കണ്ണീരും സസ്പെൻസും എല്ലാമുള്ള ഒരു വലിയ കഥ. കേട്ടപ്പോള‍്‍ എനിക്ക് ശ്വാസം മുട്ടിപ്പോയി. സങ്കടം കൊണ്ടല്ല, ചിരി നിന്നിട്ടു വേണ്ടേ എനിക്കൊന്നു ശ്വാസമെടുക്കാൻ. .

കാവ്യ– ആദ്യ പ്രണയത്തെക്കുറിച്ച് വലിയ സങ്കടത്തില്‍ പറഞ്ഞ കാര്യം കേട്ട് ദിലീപേട്ടൻ തകർന്നു പോവുമെന്നാണ് കരുതിയത്. പക്ഷേ, ദിലീപേട്ടന്റെ പൊട്ടിച്ചിരി കേട്ട് ഞെട്ടിത്തകർന്നത് ഞാനായിരുന്നു.

എട്ടാംക്ലാസിൽ പഠിക്കുന്ന സമയം, വീടിനടുത്തുള്ള ചേച്ചിയാണ് എന്നോട് അവനെക്കുറിച്ച് പറഞ്ഞത്. എന്നെ നിശ്ബ്ദം പ്രണയിക്കുന്ന ഒരാൾ. തലശേരി സ്വദേശി. നാട്ടിൽ എവിടെ ഉദ്ഘാടനത്തിനു പോയാലും ഞാനറിയാതെ അവൻ എന്നെ പിന്തുടരുമത്രെ. എന്റെ എല്ലാ സിനിമയും കാണും, ഒാരോ ദിവസവും ആ ചേച്ചി വന്ന് അവനെക്കുറിച്ചു പറയും. ആദ്യം കേട്ടപ്പോൾ എനിക്ക് ഒന്നും തോന്നിയില്ലെങ്കിലും പിന്നീട് ഞാൻ അവന്റെ വിശേഷങ്ങൾക്ക് കാത്തിരിക്കാന്‍ തുടങ്ങി. ഉദ്ഘാടനങ്ങൾക്കു പോവുമ്പോൾ ഞാനിട്ട നീല ചുരിദാർ ഇഷ്ടപ്പെട്ടെന്നും മുടിയഴിച്ചിട്ടത് ഇഷ്ടമായില്ലെന്നും ഒക്കെ പറയുമ്പോള്‍ കൗതുകം കൂടി.

പക്ഷേ ആളെ ഞാൻ കണ്ടില്ല, ഫോട്ടോയും കണ്ടിട്ടില്ല. ‘ഒരിക്കൽ മുന്നില്‍ വന്നു നിൽക്കുമ്പോൾ കാവ്യയുടെ അദ്ഭുതം കാണാനാണത്രെ’ ഇങ്ങനെ മറഞ്ഞു നിൽക്കുന്നത്. ഒരു ദിവസം ഞാൻ ചേച്ചിയൊടു തീർത്തു പറഞ്ഞു. ഫോട്ടോ കാണിച്ചു തരണം, അവൻ തന്നില്ലെങ്കിൽ അവന്റെ ചിത്രമുള്ള കോളജ് മാഗസിൻ തരണം. പക്ഷേ പിറ്റെ ദിവസം ഞെട്ടിക്കുന്ന ആ വാർത്തയാണ് ചേച്ചി പറഞ്ഞത്, കഠിനമായ ഏതോ രോഗം മൂലം ആ ചെറുപ്പക്കാരൻ മരണമടഞ്ഞു. എന്റെ ആദ്യത്തെ പ്രണയം.. ഞാൻ തകർന്നു പോയി.

ദിലീപ്– കേൾക്കുമ്പോഴേ അറിയില്ലേ അതിലൊരു തട്ടിപ്പുണ്ടെന്ന്. ആ ചേച്ചി കാവ്യയുടെ സ്നേഹം പിടിച്ചു പറ്റാൻ ശ്രമിക്കുകയായിരുന്നു. കഥ ഉണ്ടാക്കി ഉണ്ടാക്കി പിടിക്കപ്പെടുമെന്നായപ്പോൾ ആ പയ്യനെ ‘കൊന്നു’ ‘‘മരിക്കുമ്പോഴും അവൻ പറഞ്ഞിരുന്നു. ഈ വിവരം കാവ്യ അറിയരുത്... ’’ ഇങ്ങനെയും പറഞ്ഞിട്ടുണ്ടാവും.

കാവ്യ– പിന്നിടാലോചിച്ചു നോക്കിയപ്പോൾ അതൊരു വലിയ തട്ടിപ്പായി എനിക്കു തോന്നി. ആ സംഭവമാണ് ദിലീപേട്ടൻ നല്ലൊരു ചങ്ങാതിയാണെന്ന വിശ്വാസം എനിക്കുണ്ടാക്കിയത്. നല്ല ചങ്ങാതിമാർക്കല്ലേ നമ്മളെ തിരുത്താനാവു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാന്‍....

Your Rating: