Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീർത്തിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

keerthi-house ചെന്നൈയിലെ കീര്‍ത്തി സുരേഷിന്റെ വീട്

ചെന്നൈ പ്രളയത്തിന്റെ ഭീകരാവസ്ഥയും തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരിതവും കാണിച്ച് കീർത്തി സുരേഷിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. വീട്ടിൽ വെള്ളം കയറിയതിന്റെ ചിത്രവും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

കീർത്തിയുടെ വാക്കുകളിലേക്ക്....‘കുടുംബത്തോടൊപ്പം തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരിതം വാക്കുകൾക്ക് അതീതമാണ്. തൊട്ടടുത്ത ദിവസത്തെ ശസ്ത്രക്രിയയ്ക്കായി മുത്തശ്ശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അമ്മയായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. ഒന്നിലധികം ആളുകളെ ആശുപത്രിയിൽ നിർ്തതാനും അധികൃതർ അനുവദിച്ചിരുന്നില്ല. അതിനാൽ അമ്മാവൻമാർക്ക് തിരികെ വീട്ടിലേക്ക് പോരേണ്ടി വന്നു. അവർ തിരിച്ചെത്തി ഏതാനും മിനിട്ടുകൾ കഴിയുന്നതിനു മുന്നേ തന്നെമഴ ശക്തി പ്രാപിക്കുകയും വീട്ടിൽ വെള്ളം കയറുകയും ചെയ്തു. ഞങ്ങൾ ഓരോ മുറിയിലും കയറി പ്രധാന രേഖകളും സാധനങ്ങളും പെറുക്കി എടുക്കാനുള്ള തിരക്കിലായിരുന്നു. അപ്പോൾ തന്നെ ഏകദേശം മുട്ടോളം വെള്ളം നിറഞ്ഞിരുന്നു. കുറച്ച് നിമിഷങ്ങൾക്കകം വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടു.

Keerthi Suresh on IFFK 2015 | Manorama Online

ഇൻവെർട്ടറിന്റെ സഹായത്തോടെ ആഹാരവും വസ്ത്രങ്ങളും കിട്ടാവുന്ന സാധനങ്ങളും പെറുക്കി മുകളിലത്തെ നിലയിലേക്കു മാറി. പിന്നീട് മെഴുകുതിരിവെട്ടത്തിലാണ് കഴിഞ്ഞുകൂടിയത്. രണ്ടു ദിവസം വീട്ടിൽ നിന്നു പുറത്തിറങ്ങാൻ സാധിക്കാതെ അവിടെ അകപ്പെട്ടിരിക്കുകയായിരുന്നു. അപ്പോഴേക്കും അവിടം ഒരു ദ്വീപ് പോലെ ആയിക്കഴിഞ്ഞു. ടെറസിൽ കയറിയപ്പോൾ നൂറുകണക്കിന് ആളുകൾ മെട്രോയിലെത്താനായി വെള്ളപ്പൊക്കത്തിനിടയിലൂടെ നീങ്ങുന്നതു കാണാമായിരുന്നു. ഏറ്റവും വേദന തോന്നിയത് ഒരു നവജാത ശിശുവിനെയും എടുത്തുകൊണ്ട് അതിന്റെ അമ്മ പോകുന്നത് കണ്ടപ്പോഴാണ്. മുതിർന്നവർക്കു പിന്നാലേ കുട്ടികൾ പായുന്ന രംഗം മനസിൽ നിന്നു മായുന്നില്ല. പ്രായമായവർ വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോട വളരെ ശ്രദ്ധിച്ച് സാവധാനം നടന്നു നീങ്ങുന്നു. ആരെയും സഹായിക്കാൻ പറ്റാത്ത ഇതു പോലെ ഒരു നിമിഷം ജീവിത്തിൽ ഇതാദ്യം.

രാത്രിയായതോടെ നെറ്റ്്വർക്കുകളും നിശ്ചലമായി. ഏറ്റവും അവസാനമായി എനിക്ക് അമ്മയിൽ നിന്നു കിട്ടയ സന്ദേശം ആശുപത്രിയുടെ ജനറേറ്റർ റൂമിൽ വെള്ളം കയറിയതിനാൽ ശസ്ത്രക്രിയ മാറ്റിവച്ചു എന്നതായിരുന്നു. തൊട്ടടുത്ത ദിവസം ഒരു സുഹൃത്തിന്റെ സഹായത്തോടെ ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി. ബന്ധുവിന്റെ വീട്ടിൽ വച്ച് അമ്മയെ കണ്ടുമുട്ടിയ ശേഷമാണ് ആശ്വാസമായത്.

ആശുപത്രിയിലെ അവസ്ഥയെക്കുറിച്ച് അമ്മ പറഞ്ഞ വാക്കുകൾ അസഹനീയമായിരുന്നു. രണ്ടു ദിവസം ശരിയായ ആഹാരം ലഭിച്ചില്ല. അവർ നൽകിയത് അഞ്ച് ബിസ്കറ്റും രണ്ടു ഗ്ലാസ് പാലുമാണ്. കുടിക്കാൻ വെള്ളമില്ല. അമ്മ പട്ടിണി കിടക്കുകയായിരുന്നു. ആശുപത്രിക്കു പുറത്തുള്ള കടയിൽ നിന്നും എന്തെങ്കിലും കഴിക്കാൻ കിട്ടുമോയെന്ന് നോക്കിയപ്പോൾ ലഭിച്ചത് ബിസ്കറ്റും ചോക്കളേറ്റും വാട്ടർ ബോട്ടിലും മാത്രമായിരുന്നു.

ഇനി അവിടെ നിന്നാൽ രക്ഷപ്പെടുന്നതു തന്നെ പ്രയാസമാണെന്നു തോന്നിയപ്പോൾ അമ്മയും മുത്തശ്ശിയും കൂടി ആശുപത്രി വിടുകയായിരുന്നു. നെഞ്ചോളം വെള്ളത്തിലൂടെയായിരുന്നു യാത്ര. രണ്ടു കിലോമീറ്റർ നടന്നതിനു ശേഷമാണ് ടാക്സി ലഭിച്ചത്. ഇപ്പോൾ എനിക്കു തോന്നുന്നു ദൈവാനുഗ്രഹം കൊണ്ടാണ് അന്ന് ശസ്ത്രക്രിയ നടക്കാഞ്ഞതെന്ന്. അതു നടന്നിരുന്നെങ്കിൽ മുത്തശ്ശി ഐസിയുവിൽ അകപ്പെട്ടേനേ. പിറ്റേന്ന് ഞാൻ കണ്ട വാർത്ത എന്നെ ശരിക്കും ഞെട്ടിച്ചു. കാരണം ഇതേ ആശുപത്രിയിലാണ് 18 പേർ മരണത്തിനു കീഴടങ്ങിയത്.

ശേഷം രണ്ടു ദിവസം ഞങ്ങൾ കോളീഗിന്റെ വീട്ടിലാണ് താമസിച്ചത്. ഹോട്ടലിലൊന്നും ഒരു റും പോലും കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. ഇപ്പോൾ ഞങ്ങൾ സുരക്ഷിതരാണെന്നും താരം ഫെയ്സ് ബുക്കിൽ കുറിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.