Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകനിലെ വില്ലന്‍

mohanlal-kishore

മോഹന്‍ലാലിന്‍റെ എക്കാലത്തെയും ബിഗ്ബഡ്ജറ്റ് ചിത്രമെന്ന വിശേഷണത്തോടെയാണ് പുലിമുരുകന്‍ എത്തുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ മൃഗങ്ങളോട് പടവെട്ടി ജീവിക്കുന്ന മുരുകന്‍ എന്ന സാധാരണക്കാരന്‍റെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് സൂചന. മോഹന്‍ലാലിന്റെ കരിയറിലെ എണ്ണപ്പെട്ട മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ ചിത്രത്തിലേത്. ശാരീരികാധ്വാനം ഏറെ ആവശ്യമുള്ള സിനിമയ്ക്കായി മോഹൽലാലും കടുത്ത പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. പുലിയുമായുള്ള ഏറ്റുമുട്ടല്‍ രംഗങ്ങളായിരിക്കും ചിത്രത്തിന്‍റെ ഹൈലേറ്റ്.

ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് , തെലുങ്ക് താരം കിഷോര്‍ ആണ്. ചിത്രത്തില്‍ ഒരു ഫോറസ്റ്റ് ഓഫീസര്‍ ആയാണ് അദ്ദേഹം എത്തുന്നത്. മുന്‍പ് പത്മകുമാര്‍ സംവിധാനം ചെയ്ത ജയറാം ചിത്രമായ തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തില്‍ വില്ലനായിരുന്നു കിഷോര്‍. മമ്മൂട്ടി ചിത്രമായ അച്ഛാ ദിന്നിലും കിഷോര്‍ അഭിനയിച്ചിരുന്നു.

പ്രഭു ഉള്‍പ്പടെ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി അറുപതോളം പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ശിവാജി, അന്യന്‍, യന്തിരന്‍, ഐ പുറത്തിറങ്ങാനിരിക്കുന്ന ബാഹുബലി എന്നീ ചിത്രങ്ങളുടെയൊക്കെ ആക്ഷന്‍ കൈകാര്യം ചെയ്ത, തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലയേറിയ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന സിനിമയാണ് ഇത്.

പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും നിര്‍മാതാവ് ടോമിച്ചന്‍ മുളുപാടവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇരട്ട തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ തോമസിലെ ഉദയ് കൃഷ്ണയാണ് തിരക്കഥയൊരുക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ സ്വതന്ത്ര തിരക്കഥ കൂടിയാണ് ഇത്. ഗോപീസുന്ദറാണ് സംഗീതം. ഷാജിയാണ് ഛായാഗ്രഹണം.