Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേരാ നാം ഷാജിയുമായി കോട്ടയം നസീറും സിനിമയുടെ അണിയറയിലേയ്ക്ക്

kottayam-nazeer കോട്ടയം നസീർ

നാദിർഷായും കോട്ടയം നസീറും മലയാള ഹാസ്യ ലോകത്തെ മുടിചൂടാ മന്നന്മാരാണ്. രണ്ടുപേരും കോമഡി എന്ന ഒരേ പാതയിലൂടെ ​തോളോട് തോളുരുമ്മി ​സഞ്ചരിക്കുന്നവർ.​ കോട്ടയം നസീർ മിമിക്രിയിൽ തിളങ്ങിനിന്നപ്പോൾ നാദിർ ഷാ പാരഡി ഗാന രംഗത്താണ് ശ്രദ്ധേയനായത്. ഒടുവിൽ, നാദിർഷാ തന്റെ ചലച്ചിത്രാനുഭവങ്ങളുടെ ബലത്തിൽ ഒരു സിനിമ സംവിധാനം ചെയ്തു–അമർ അക്ബർ അന്തോണി. ചിത്രം ​തിയറ്ററുകളെ ഇളക്കിമറിച്ചു. വീണ്ടുമൊരു ചിത്രം–കട്ടപ്പനയിലെ ഋത്വിക് റോഷൻ– സംവിധാനം ചെയ്യാൻ അദ്ദേഹം തയ്യാറെടുക്കുകയും ചെയ്യുന്നു.

​എന്നാൽ, കോട്ടയം നസീർ സിനിമകളിൽ ചെറിയ ചെറിയ കഥാപാത്രങ്ങളവതരിപ്പിച്ച് കഴിഞ്ഞുകൂടി. ഇതോടൊപ്പം കോമഡി സ്റ്റേജ് ഷോകളിൽ സജീവവുമാകുന്നുമുണ്ട്. നാദിർഷായെ പോലെ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഉദ്ദേശ്യം തനിക്ക് തത്കാലത്തേയ്ക്ക് ഇല്ലെന്ന് ഇൗ മിമിക്രി രാജാവ് മനോരമ ഒാൺലൈനിനോട് വ്യക്തമാക്കുന്നു: 

​നാദിർഷായുടെ ചിത്രം വിജയിച്ചതോടെ ഒരു ചിത്രം സംവിധാനം ചെയ്യാൻ വേണ്ടി എന്നെത്തേടിയും ഒട്ടേറെ ഒാഫറുകൾ വരുന്നുണ്ട്. തത്കാലം വേണ്ടെന്നാണ് തീരുമാനം. മിമിക്രിയോടൊപ്പം സിനിമാ അഭിനയത്തിലും എഴുത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നത്. ഞാനൊരു ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. മേരാ നാം ഷാജി എന്നാണ് ചിത്രത്തിന്റെ പേര്. മേയ് പകുതിക്ക് ചിത്രീകരണം ആരംഭിക്കും. കഥയിലെ നായിക എന്നൊരു ചിത്രം മുൻപ് സംവിധാനം ചെയ്തിട്ടുള്ള ദിലീപാണ് മേരാ നാം ഷാജി ഒരുക്കുന്നത്.

സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിൽ ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥയാണിത്.  ദുബായിൽ ജോലി ചെയ്യുന്ന നുഫൈസ് ആണ് നിർമാണം. ഇദ്ദേഹം ചിത്രത്തിലെ പ്രധാന കഥാപാത്രമായ കൊച്ചിയിലെ ട്രാവൽ ഏജ​ന്റ് ​ ഷാജിയെയും അവതരിപ്പിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ ഗുണ്ടാ ഷാജിയെയാണ് ​ഞാൻ അവതരിപ്പിക്കുന്നത്. മൂന്നാമ​ൻ, കോഴിക്കോട്ടെ ‍‍ഡ്രൈവർ ഷാജി​യായി​ നോബിയും വേഷമിടുന്നു. വിദേശിയായ മുൻ മിസ് യൂണിവേഴ്സിനെയാണ് നായികാ കഥാപാത്രമായി പരിഗണിക്കുന്നത്. തമാശയും ആക്ഷനും സമാസമം ചേർത്ത അടിപൊളി എന്റർടൈനറായിരിക്കും മേരാ നാം ഷാജിയെന്ന് കോട്ടയം നസീർ പ്രേക്ഷകർക്ക് വാക്കു നൽകുന്നു.

​സിനിമയ്ക്ക് അണിയറയിൽ കോട്ടയം നസീർ പ്രവർത്തിക്കുന്നത് ഇതാദ്യമല്ല. വർഷങ്ങൾക്ക് മുൻപ് അദ്ദേഹം രചന നിർവഹിച്ചൊരു കായംകുളം കണാരൻ എന്നൊരു ചിത്രം പുറത്തിറങ്ങിയിരുന്നു. എന്നാൽ, ആരെങ്കിലും കാണുംമുൻപേ ചിത്രം തിയറ്ററുകൾ വിട്ടോടിയത് ചരിത്രം. സിനിമയിൽ കഴിവു മാത്രം പോരാ, ഭാഗ്യം കൂടിയുണ്ടെങ്കിലേ ഉയരങ്ങളിലെത്തൂ എന്ന് കോട്ടയം നസീർ വിശ്വസിക്കുന്നു:                                                              

ഒരു ചിത്രം പരാജയപ്പെട്ടാൽ ആ ചിത്രത്തിന്റെ സംവിധായകനെ മറ്റുള്ളവർ തിരിഞ്ഞുനോക്കുക അപൂർവം. വീഴ്ചയിൽ നിന്ന് എണീൽക്കാൻ കാലം കുറേ എടുത്തേക്കാം. അതുകൊണ്ടാണ് എഴുത്തിൽ ശ്രദ്ധയൂന്നാമെന്ന് കരുതിയത്. താരങ്ങളെയും സംവിധായകനെയുമൊക്കെ നോക്കി ആളുകൾ സിനിമ കാണുന്ന കാലമൊക്കെ പോയി. പ്രമയേത്തിലും അവതരണത്തിലും പുതുമകളുണ്ടെങ്കിലേ ഇന്ന് ചിത്രം വിജയിക്കുകയുള്ളൂ. സിനിമയോടൊപ്പം മിമിക്രിയിലും ഏറെ പരിവർത്തനങ്ങൾ സംഭവിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു:

​പണ്ട് കലാഭവൻ, ഹരിശ്രീ, ഒാസ്കാർ തുടങ്ങിയ ട്രൂപ്പുകളാണ് മിമിക്രി ഷോ അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇന്നിത് കോട്ടയം നസീർ ഷോ,  നാദിർഷാ ഷോ, നവാസ് ഷോ എന്നിങ്ങനെ വ്യക്തിഗത ഷോയായി മാറി. ഇത്തരം പരിപാടികൾ വിജയിപ്പിക്കാൻ കഠിന പ്രയത്നവും വേണ്ടി വരുന്നു. ഏതൊരു ഷോയും ആദ്യത്തെ ഒരു മണിക്കൂർ പുതുമകൾ കാട്ടിയേക്കും. പിന്നീട്, പഴയ പടിയാകും. ഒടുവിൽ എങ്ങനെയെങ്കിലും ഷോ ഒന്നു അവസാനിപ്പിച്ചേക്കാം എന്ന അവസ്ഥയിലേയ്ക്കുമെത്തം. ഷോ നടക്കുന്ന സ്റ്റേജുകളുടെ പൊലിമയും അടുത്തകാലത്ത് ഗൾഫിലേതിനെ കവച്ചുവയ്ക്കും വിധം കണ്ണഞ്ചിപ്പിക്കുന്നതായി. സ്റ്റേജിന് പിന്നാമ്പുറത്ത് എൽഇ‍ഡി സ്ക്രീൻ സ്ഥാപിച്ചും ശബ്ദക്രമീകരണത്തിൽ ഹൈടെക് വിദ്യകൾ ഏർപ്പെടുത്തിയും പ്രേക്ഷകരെ വശീകരിക്കാനാണ് ശ്രമം. ഇതോടെ ഷോയ്ക്ക് ചെലവ് കൂടുകയും ഷോകളുടെ എണ്ണം കുറയുകയുമാണ് സംഭവിക്കുന്നത്. അടുത്തിടെ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ മിമിക്രിയിൽ കളിയാക്കിയതിൽ അദ്ദേഹത്തിന് വിഷമമുണ്ടായി എന്നറിഞ്ഞപ്പോൾ കോട്ടയം നസീർ ഉടൻ മന്ത്രിയെ വിളിച്ച് മാപ്പ് പറഞ്ഞു:    

നമ്മൾ കാരണം ആർക്കെങ്കിലും വിഷമമുണ്ടായി എന്നറിഞ്ഞാൽ അത് മാറ്റാൻ മാപ്പു പറയുന്നതിൽ‌ ഒരു തെറ്റുമില്ല. തിരുവഞ്ചൂർ സംഭവം എന്റെ മിമിക്രി ജീവിതത്തിലെ ആദ്യത്തേതാണ്. വിഷമമുണ്ടാക്കുന്ന തരത്തിൽ ഞാൻ ആരെയും മിമിക്രിയിൽ അവതിപ്പിക്കാറില്ല. കെ.കരുണാകരനാണ് കേരള രാഷ്ട്രീയത്തിൽ ഏറ്റവും അധികം മിമിക്രിക്കാർ അനുകരിച്ച നേതാവ്. എന്നാൽ, ഒരിക്കലും അദ്ദേഹം അതിൽ വിഷമം പ്രകടിപ്പിച്ചിട്ടില്ല.

​കാൽ നൂറ്റാണ്ടിലേറെയായിയ മിമിക്രി കലാരംഗത്തുള്ള കോട്ടയം നസീർ 1994ലാണ് ചലച്ചിത്ര മേഖലയിലേയ്ക്ക് പ്രവേശിച്ചത്. ബാലുകിരിയത്ത് സംവിധാനം ചെയ്ത മിമിക്സ് ആക് ഷൻ 500 എന്ന ചിത്രത്തിലൂടെ. ഏറ്റവും ഒടുവിൽ അഭിനയചിച്ചത് അടുത്തിടെ അന്തരിച്ച രാജേ പിള്ളയുടെ അവസാന ചിത്രം വേട്ട. പുറത്തിറങ്ങാനുള്ള ഒട്ടേറെ ചിത്രത്തിൽ അപ്രധാനമല്ലാത്ത വേഷത്തിൽ കോട്ടയം നസീറിനെ കാണാം.

Your Rating: