Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കുഞ്ഞ് വെള്ളം കുടിച്ചത് രണ്ടു ദിവസം! മൂന്നാം ക്ലാസുകാരിയുടെ സാഹസികത

abeni

അബനിയെ നമുക്ക് പരിചയം ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’യിലെ അമ്പിളിയായാണ്. വിമാനത്തിൽ കയറാൻ മോഹിച്ച അയ്യപ്പദാസാണ് സിനിമയിലെ നായകനെങ്കിലും അവന്റെ വാലുപോലെ പിന്നാലെനടക്കുന്ന അമ്പിളിയാണ് ക്ലൈമാക്സിലെ സ്റ്റാർ. മുഴുവൻ സമയവും ചിത്രംവരച്ചിരിക്കുന്ന കുത്തിയൊഴുകുന്ന കുറിഞ്ഞിപ്പുഴയിലേക്ക് കാലുതെന്നി വീണുപോകുന്ന അമ്പിളിയാകാൻ കുറച്ചൊന്നുമല്ല അബനി കഷ്ടപ്പെട്ടത്. തിരുവനന്തപുരത്തെ വീട്ടിൽ അവധി ദിവസത്തിന്റെ സന്തോഷത്തിനിടെ അബനി ആദി എന്ന മൂന്നാംക്ലാസുകാരി ഷൂട്ടിങ്ങിന്റെ രസങ്ങളും ത്രില്ലും പങ്കുവക്കുന്നു....

ദൂരേ ദൂരേ... പാറിപ്പോകണ കിളിയേ...

ആതിരപ്പള്ളിയിലാണ് സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത്. രണ്ടാമത്തെ ഷൈഡ്യൂൾ പൂർത്തിയായ ദിവസമാണ് അബനി വെള്ളത്തിൽ വീഴുന്ന സീൻ സിനിമയിലുണ്ടെന്ന് അറിയുന്നതെന്ന് അമ്മ അരുണ പറയുന്നു. ‘‘മോൾ വെള്ളത്തിൽ വീഴുന്ന ഷോട്ട് ഉണ്ടെന്ന് ആദ്യം അറിയില്ലായിരുന്നു. മറ്റുള്ളവർ നീന്തൽ പഠിക്കുന്ന സീനിൽ പോലും മോൾ കരയ്ക്കിരിക്കുന്നേ ഉള്ളൂ. രണ്ടാമത്തെ ഷെഡ്യൂളിൽ ചെല്ലുമ്പോഴാണ് വെള്ളത്തിൽ വീഴുന്ന സീനുണ്ടെന്ന് അറിയുന്നത്. അതോടെ മോളെ നീന്തൽ പഠിപ്പിച്ചു. വെള്ളത്തിനോട് പേടിയുണ്ടെങ്കിൽ മാറിക്കോട്ടെ എന്നാണ് കരുതിയത്. പക്ഷേ, ക്ലൈമാക്സ് സീൻ എന്താണ് എന്നറിഞ്ഞതോടെ ഞാൻ കരച്ചിലും നിലവിളിയുമായി. രണ്ടാഴ്ച നേരേ ചൊവ്വേ ഉറങ്ങിയിട്ടു പോലുമില്ല. മോൾക്ക് പേടിക്കാനുള്ള ബുദ്ധിയില്ലാത്തോണ്ട് അവൾ കൂൾ കൂൾ ആയി നിന്നു. പുഴയിൽ നിന്ന് എടുത്തുകൊണ്ട് വന്നപ്പോൾ മൂക്കിലും വായിലും വെള്ളം കയറി എന്നുപറഞ്ഞ് ചിണുങ്ങിയതല്ലാതെ അവൾ കുലുങ്ങിയതേയില്ല.’’

abeni-1

‘‘അച്ഛൻ കൂടെ നിൽക്കുന്നതാണ് എന്റെ ധൈര്യം. അമ്മയെ അങ്ങോട്ട് കൊണ്ടുപോയില്ല. അമ്മ വന്നാൽ എന്നെ വെള്ളത്തിൽ ഇറങ്ങാൻ സമ്മതിക്കില്ലല്ലോ. അച്ഛ്നും ആകെ പേടിച്ചാണ് നിന്നത്. ആശുപത്രിയിൽ കിടക്കുന്ന സീനൊക്കെ നേരത്തേ എടുത്തിരുന്നു. പുഴയും കുത്തിയൊഴുകുന്ന വെള്ളവും കണ്ടതോടെ ചെറിയ പേടി തോന്നി. പക്ഷേ, കയറൊക്കെ കെട്ടിയല്ലേ ഒഴുകിപ്പോകുന്ന സീൻ എടുത്തത്. ആദ്യത്തെ ദിവസം മുഴുവൻ വെള്ളത്തിൽ ഒഴുകുന്ന സീനാണ് എടുത്തത്. രാവിലെ മുതൽ വെള്ളത്തിൽ കിടന്ന് കാലും കൈയുമൊക്കെ മരവിച്ചു. മഴയത്ത് ഇറങ്ങി കഴിക്കുന്ന ശീലമൊക്കെ ഉള്ളതുകൊണ്ട് പനിയൊന്നും പിടിച്ചില്ല.

kpac-song.jpg.image.784.410

രണ്ടാമത്തെ ദിവസമാണ് രുദ്രാക്ഷ് ചേട്ടൻ വന്ന് രക്ഷിക്കുന്ന സീൻ എടുത്തത്. തല എപ്പോഴും പൊക്കി പിടിക്കണമെന്ന് സിദ്ധു അങ്കിൾ (സംവിധായകന്‍ സിദ്ധാർഥ്) പറഞ്ഞിരുന്നു. ഒഴുകിപ്പോകുമ്പോൾ കല്ലിലോ മറ്റോ തല തട്ടിയാലോ. പക്ഷേ, കാലും കൈയും നടുവുമൊക്കെ കല്ലിൽ മുട്ടിമുട്ടി ഭയങ്കര വേദനയായിരുന്നു. ഇപ്പോഴും ചിലപ്പോൾ വേദനയുണ്ട്.’’ ക്ലൈമാക്സിലെ സാഹസികതയൊക്കെ എത്ര സിംപിള്‍ എന്ന മട്ടിൽ അബനി ചിരിക്കുന്നു. പക്ഷേ, പുഴയിലിറങ്ങാനോ കുളിക്കാനോ പാടില്ല എന്ന് സിനിമയുടെ ആദ്യം കാണിക്കുന്ന ബോർഡ് ശരിക്കും അവിടെ സ്ഥാപിച്ചിട്ടുള്ളതാണ് എന്നറിയുമ്പോഴേ സീനിലെ അപകടം നമുക്ക് മനസ്സിലാകൂ.

വാനം മേലേ... ചിറകേറിപ്പോകാം...

അബനിയുടെ അച്ഛൻ ആദി ബാലകൃഷ്ണൻ പരസ്യചിത്ര സംവിധായകനാണ്. ആദിയുടെ സുഹൃത്താണ് സംവിധായകൻ സിദ്ധാർഥ് ശിവ. ഒരു ദിവസം വീട്ടിലെത്തിയ സിദ്ധാർഥ് പടം വരച്ചുകൊണ്ട് പറന്നുനടന്ന അബനിയെ ശ്രദ്ധിച്ചു. പോകാൻ നേരം ഒരു ചോദ്യം, ‘മോൾ അഭിനയിക്കുമോ?’ ആദി നിർമിച്ച ഒരു പരസ്യത്തിൽ രണ്ടുവർഷം മുമ്പ് അബനി അഭിനയിച്ചിരുന്നു. ആ വിഡിയോ സിദ്ധാർഥിന് കാണിച്ചുകൊടുത്തു. ‘‘കുറച്ചുദിവസം കഴിഞ്ഞപ്പോൾ സിദ്ധുവിന്റെ വിളി വന്നു, എറണാകുളത്ത് ഓഡിഷന് ചെല്ലണം. മോൾക്ക് ലുലു മാളിൽപോകാൻ വലിയ ഇഷ്ടമാണ്. ട്രിപ്പ് പോകുന്ന മൂഡിലാണ് ഞങ്ങൾ ചെന്നത്. സ്റ്റുഡിയോയിൽ സുധീഷേട്ടനും രുദ്രാക്ഷും ഇവരുടെ മൂത്ത ചേട്ടനായി അഭിനയിക്കുന്ന മാധവും ഉണ്ടായിരുന്നു. അവളെ അകത്തുവിട്ട് കുറച്ചുസമയം കഴിഞ്ഞപ്പോൾ ചാക്കോച്ചൻ (കുഞ്ചാക്കോ ബോബൻ) വന്നു. പിന്നാലെ എല്ലാവരും കൂടി ഹാപ്പിയായി വന്നുപറഞ്ഞു മോളെ സെലക്ട് ചെയ്തു എന്ന്.’’ ആദി പറയുന്നു.

aben1 അച്ഛന്‍ ആദി ബാലകൃഷ്ണനും അമ്മ അരുണയ്ക്കുമൊപ്പം അബനി

‘‘കുറേനാൾ കഴിഞ്ഞും വിളി വന്നില്ല. പിന്നെ ഒരു ദിവസം ഉദയായുടെ പുതിയ സിനിമയിലേക്ക് കുട്ടികളെ വിളിച്ച് പരസ്യം കണ്ടു. നമ്മളെ വിട്ടിട്ടുണ്ടാകും എന്നോർത്തു. ഷൂട്ടിന് ചെല്ലാൻ പറഞ്ഞു വിളി വന്നപ്പോൾ പിന്നെയും ത്രില്ലടിച്ചു. പെരുമ്പാവൂരിലെ ലൊക്കേഷനിലേക്ക് ചെല്ലുമ്പോൾ പോലും കഥാപാത്രത്തെ പറ്റി ഒന്നും അറിയില്ലായിരുന്നു.’’ അബനിയുടെ അമ്മ അരുണ പറയുന്നു.

പോകാം ദൂരേ... ചിറകേറിപ്പോകാം...

സിനിമയുടെ ആദ്യത്തെ ഷോട്ട് എടുത്തത് അബനിയെ വച്ചാണ്. ഒരു ചെറിയ കുട്ടിയുടെ തലമുടി ചീകുന്നു. അത് ഓക്കെയായതോടെ സംവിധായകനും ക്രൂവും ഹാപ്പിയായി. പക്ഷേ, കുറച്ചുകഴിഞ്ഞതോടെയാണ് സീൻ മാറിയതെന്ന് ആദി പറയുന്നു. ‘‘ചൂടും വെയിലും സഹിക്കാതെ മോൾ കരയാൻ തുടങ്ങി. വലിയ ബാനറിന്റെ മടങ്ങിവരവ് ആഘോഷിക്കപ്പെടേണ്ട സിനിമയാണ്, മോൾ കരഞ്ഞു കുളമാക്കിയതോടെ ഷൂട്ടിങ് മുടങ്ങുന്ന അവസ്ഥയായി. മടങ്ങിപ്പോകാം എന്നു തന്നെ കരുതി. പക്ഷേ, അടുത്ത ഷോട്ട് അവൾ ഗംഭീരമാക്കി. അച്ഛന്റെ ഷർട്ടിൽ നിന്ന് കാശ് അടിച്ചുമാറ്റുന്ന സീനാണ്. അത് നന്നാക്കിയതോടെ അവളും ഹാപ്പിയായി. പിന്നെ അവൾ ഒരു ഷോട്ടിലും കരഞ്ഞില്ല. ക്യാമറ ഓൺ ആയ്ൽ പിന്നെ മോൾക്ക് ബാധ കയറുമെന്നു പറഞ്ഞാണ് അരുണ കളിയാക്കുന്നത്. പിന്നെ അവസാന ദിവസം വരെ മോൾ നല്ല സന്തോഷത്തോടെ ഷൂട്ടിങ്ങിന് സഹകരിച്ചു. ക്ലൈമാക്സിൽ പിന്നെ ഞങ്ങളാണ് പേടിച്ചത്.’’

kpac-team.jpg.image.784.410

കണ്ണെത്താ ദുരത്ത്... ഒന്നമ്പിളി നീയും പോരുന്നോ...

പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന അബനിയുടെ വലിയ ഫാൻ കൂട്ടുകാരി മഹാലക്ഷ്മിയാണ്. ‘‘കൂട്ടുകാർക്കൊക്കെ സിനിമ ഇഷ്ടമായി. നല്ല രസമുണ്ടെന്നാ പറഞ്ഞത്. മഹാലക്ഷ്മിയാണ് ഏറ്റവും കൂടുതൽ കൺഗ്രാജുലേറ്റ് ചെയ്തത്. ഇപ്പോൾ സങ്കടത്തിലാ ഞാൻ. മഹാലക്ഷ്മി ട്രാൻസ്ഫർ വാങ്ങി പോകുകയാണ്. മേഘയും നക്ഷത്രയും ശ്രീനന്ദയും ആതിര സുദർശ‌നും അഞ്ജന ശ്രീനിവാസനുമൊക്കെ സിനിമ കണ്ട് നന്നായി എന്നുപറഞ്ഞു. പുതിയ കുറേ ഓഫറുകളുണ്ട്. ഒന്നും ഓക്കെ പറഞ്ഞിട്ടില്ല. അഭിനയിക്കാൻ തന്നെയാണ് മോഹം. ഇഷ്ടവുമാണത്.’’ അബനി പറയുന്നു.

തിരുവനന്തപുരത്ത് മെറൂൺ എന്ന പേരിൽ പരസ്യനിർമാണ സ്ഥാപനം നടത്തുന്ന ആദി പ്രണയകഥ എന്ന സിനിമ സംവിധാനം െചയ്തിട്ടുമുണ്ട്. അടുത്ത സിനിമയുടെ തയാറെടുപ്പുകളിലാണ് ആദി. അരുണ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് അസിസ്റ്റന്റായിരുന്നു. ഇപ്പോൾ ഫ്രീലാൻസ് മാധ്യമപ്രവർത്തക.