Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ സൂപ്പർതാരങ്ങൾക്ക് എതിരല്ല: എം എ നിഷാദ്

m-a-nishad

മലയാളസിനിമയിലെ താര രാജക്കാന്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ എംഎ നിഷാദ് രംഗത്തെത്തിയെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ അത് തീർത്തും തെറ്റാണെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ച് ഉണ്ടാക്കിയ വ്യാജ വാർത്തകളാണ് ഇതെന്നും എം എ നിഷാദ് മനോരമ ഓൺലൈനോട് പറഞ്ഞു. മലയാള സിനിമയില്‍ ഒരു സംഘം ചെറുപ്പക്കാര്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ മലയാള സിനിമയിലെ ചില തമ്പുരാക്കന്മാർക്ക് അതിൽ സുരക്ഷിതത്വമില്ലായ്മ ഉണ്ടെന്നായിരുന്നു നിഷാദിന്റെ പ്രസ്താവന. തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നിഷാദ് എഴുതിയ കുറിപ്പിലെ ഒരു ഭാഗം മാത്രമായിരുന്നു ഇത്.

ഈ പ്രസ്താവനയിലെ തമ്പുരാക്കന്മാര്‍ എന്ന വാക്കാണ് സൂപ്പർതാരങ്ങളെന്ന രീതിയിൽ ചില മാധ്യമങ്ങൾ വളച്ചൊടിച്ചത്. ‘മമ്മൂട്ടി, മോഹൻലാല്‍, പൃഥവിരാജ് തുടങ്ങിയ താരങ്ങൾ എപ്പോഴും പുതിയ തലമുറയെ പിന്തുണക്കുന്നവരാണെന്നും എന്നും മലയാളസിനിമയ്ക്ക് നല്ല സംഭാവനകളാണ് അവർ നൽകുന്നതെന്നും നിഷാദ് പറയുന്നു.

മലയാളസിനിമയിലെ ചില സത്യങ്ങൾ മാത്രമാണ് കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നതെന്നും അതിൽ പറഞ്ഞിരിക്കുന്നത് മലയാളസിനിമയിലെ തന്നെ മറ്റുചില തമ്പുരാക്കന്മാരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുൽസിത ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം അപവാദപ്രചരണങ്ങൾ, പറഞ്ഞ കാര്യം മാറ്റിപറയില്ലെന്നും അക്കാര്യത്തിൽ ആരെയും ഭയന്നു നടക്കുന്ന ഒരാളല്ല താനെന്നും നിഷാദ് പറയുന്നു.

എം എ നിഷാദിന്റെ കുറിപ്പ് വായിക്കാം–

അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ..സുഹൃത്തുക്കളുടെയും,അഭ്യുദയാകാംക്ഷികളുടെയും,കാത്തിരിപ്പിന് വിരാമമിടാൻ സമയമായി എന്ന് തോന്നി തുടങ്ങിയിട്ട് കുറച്ച് നാളായി ....കാര്യങ്ങളൊന്നു നേരെയാവട്ടെ എന്ന് ഞാനും വിചാരിച്ചു...എങ്കിലും എന്റെ സിനിമ ജീവിതത്തിൽ ഒരു ഗ്യാപ്പ് വന്നൂ എന്ന് സുഹൃത്തുക്കൾ പറയുമ്പോളൊന്നും അത്ര കാര്യമാക്കിയില്ലാ എന്നുളളതാണ് സത്യം..

സിനിമ എനിക്ക് എന്നും ഒരു പാഷൻ മാത്രമാണ്...അതുകൊണ്ട് തന്നെ ആരെയും താങ്ങി വണങ്ങി സിനിമ ചെയ്യാൻ തുനിഞ്ഞിട്ടുമില്ല.. ഇനിയും അങ്ങനെ തന്നെ..അഹങ്കാരി എന്ന പട്ടം അലങ്കരിക്കാൻ നിർബന്ധിതനാവുകയും ചെയ്തു, അതിൽ വിഷമമില്ല, ആരോടും പരിഭവവുമില്ല, എന്റെ ശരികളിലൂടെ മാത്രം സഞ്ചരിച്ചേ ശീലവുമുളളൂ...സിനിമ ഒരു മായിക പ്രപഞ്ചം തന്നെ,അതുകൊണ്ടാണല്ലോ രാഷ്ട്രീയത്തിലുളളത് പോലെ കുതികാൽ വെട്ടും,സ്വജന പക്ഷപാതവും ഇവിടെയുമുളളത്..പക്ഷെ ഒരു വ്യത്യാസമുണ്ട് ''സിനിമയിൽ ''കയറിയെന്നും ''രാഷ്ട്രീയ ''ത്തിൽ ഇറങ്ങിയെന്നുമാണ് പറയപ്പെടുന്നത്...സിനിമയിൽ കേറാൻ ഒരോരുത്തരും ആഗ്രഹിക്കുന്നത് അതു കൊണ്ടാണ്...ഞാൻ മനപ്പൂർവ്വം വരുത്തിയ ഗ്യാപ്പ് ഒന്നുമല്ല, ശ്രമിച്ചില്ല അത്രതന്നെ..

സാമൂഹിക പ്രതിബദ്ധതയുളള നല്ല സിനിമകളുടെ (പകൽ ,വൈരം, നഗരം) ഭാഗമാകാനും, ബെസ്റ്റ് ഓഫ് ലക്ക് പോലെ മോശം,ചിത്രങ്ങളും ചെയ്തിട്ടുണ്ട്..പക്ഷെ രസം അതല്ല, ഒരു സംവിധായകൻ ഒരു മോശം, ചിത്രം ചെയ്താൽ അല്ലെങ്കിൽ അയാളുടെ ചിത്രം പരാജയപ്പെട്ടാൽ ചെയ്ത നല്ല ചിത്രങ്ങൾ മറന്നുകൊണ്ട് മോശം ചിത്രത്തിന്റെ പേരിൽ അയാൾ ക്രൂശിക്കപ്പെടുകയും വിമർശന ശരങ്ങളാൽ മുറിവേൽക്കുകയും ചെയ്യും..ഇത് സംവിധായകരുടെ മാത്രം വിധിയാണ്..ഒരു സിനിമ പരാജയപ്പെട്ടാൽ പഴി മുഴുവനും സംവിധായകന് വിജയിച്ചാലോ പിതൃത്ത്വം ഏറ്റെടുക്കാൻ ഒരുപാട് പേർ..

അവിടെയും പലപ്പോഴും സംവിധായകൻ വിസ്മരിക്കപെടാറുണ്ട്..ഒരു തത്ത്വജ്ഞാനി പറഞ്ഞ വാക്കുകൾ ഓർമ്മവരുന്നൂ ''Success is a bastard and failure is an Orphan''...പരാജയപ്പെടുന്നവൻ ഇവിടെ അനാഥനാണ്,അത് പലപ്പോഴും സംവിധായകനാണ് ...സിനിമ മാറിക്കാണ്ടിരിക്കുകയാണ്,കാലാനുസൃതമായ മാറ്റം കണ്ടില്ല എന്ന് നടിക്കുന്നതും ശരിയല്ല..പുതിയ ആശയങ്ങൾ,കാഴ്ച്ചപ്പാടുകൾ,ഒരു സംഘം ചെറുപ്പക്കാർ വിപ്ളവകരമായ മാറ്റങ്ങൾ ഈ രംഗത്ത് കൊണ്ടു വന്നൂ.. ന്യൂ ജനറേഷൻ എന്ന് പറഞ്ഞ് അവരെ മാറ്റിനിർത്താനോ,നെറ്റിചുളിച്ച് നോക്കാനോ എനിക്കാവില്ല...സിനിമയിലെ ചില തമ്പുരാക്കന്മാർക്ക് സുരക്ഷിതത്വമില്ലായ്മ ഉണ്ടായിട്ടുണ്ടെങ്കിൽ അതവരുടെ കുഴപ്പമാണ്...

സിനിമ കൂട്ടായ്മയുടെ വിജയമാണ്, ആത്യന്തികമായി സംവിധായകന്റ്റെ കലയും...സിനിമയ്ക്ക് ഏറ്റവും ആവശ്യം താരങ്ങളല്ല,നല്ല കഥയാണ്..കഥയും,അതിലെ കഥാപാത്രവുമാണ് ഒരാളെ താരമാക്കുന്നത്...തിരക്കഥയാണ് സൂപ്പർ സ്റ്റാർ...ഒരു നല്ല കഥ കിട്ടുക എന്നുളളത് തന്നെയാണ് ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യം...
മൂന്നുവർഷത്തെ ഇടവേളക്ക് ശേഷം ഞാൻ സിനിമ ചെയ്യാൻ തീരുമാനിച്ചത് അത്തരം രണ്ട് കഥകൾ കിട്ടിയത് കൊണ്ടാണ്.. Suneesh Varanad എന്റ്റെ സുഹൃത്ത് മാത്രമല്ല,ഒരു സഹോദര തുല്ല്യനാണ്..ഒരുപാട് കഥകൾ ഞങ്ങൾ തമ്മിൽ ചർച്ച ചെയ്തിട്ടുണ്ട് ,ഇപ്പോൾ ഇന്ന് വാരനാട്ടിലെ സുനീഷിന്റ്റെ വീട്ടിൽ വെച്ച് പുതിയ സിനിമയുടെ പ്രാരംഭ ജോലികൾ ആരംഭിക്കുമ്പോൾ കലർപ്പില്ലാത്ത സൗഹൃദത്തിന്റ്റ ഒരു ''സിനിമ സെൽഫി''ആകാമെന്ന് കരുതി...

NB..ആരോടും പരാതിയോ,പരിഭവമോ ഇല്ല പ്രത്യേകിച്ച് സുഹൃത്തുക്കൾ ആണെന്ന് നടിച്ച് പാര പണിയുന്നവരോടും,അസൂയാലുക്കളോടും...പിന്നെ... നല്ല ''ഇസ്തിരിയിട്ട് ''തന്നെയാണ് വസ്ത്രം ധരിക്കാറ്,അതിന്റ്റെ മുകളിൽ ''തേക്കാൻ'' വരരുതെന്ന് സാരം.... 

Your Rating: