Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനിലിന്റെ മയ്യയിലൂടെ മധു വീണ്ടും ബോളിവുഡിൽ

maiya അനിൽ, മധു

മലയാളത്തിന്റെ പ്രിയ നടൻ മധു ഒരിക്കൽക്കൂടി ബോളിവുഡിലേക്ക്. ബീനാ ഉണ്ണിക്കൃഷ്ണൻ നിർമിച്ച് അനിൽ സംവിധാനം ചെയ്യുന്ന ‘മയ്യാ’ എന്ന ചിത്രത്തിലൂടെയാണ് ഒരിക്കൽക്കൂടി മധു ഹിന്ദിയിൽ ​എത്തുന്നത്.

അമിതാഭ് ബച്ചന്റെ ആദ്യചിത്രം എന്ന ഖ്യാതിയിലറിയപ്പെടുന്ന കെ.എ.അബ്ബാസിന്റെ ‘സാഥ് ഹിന്ദുസ്ഥാനി’യാണു മധു അഭിനയിച്ച ​ആദ്യ ഹിന്ദിചിത്രം. 1969ലാണ് ഇതു പുറത്തിറങ്ങിയത്. ‘നിണമണിഞ്ഞ കാൽപാടുകളിൽ’ തുടങ്ങി ഏതാണ്ട് അൻപതിലധികം മലയാള സിനിമകളിൽ മധു അപ്പോഴേക്കും അഭിനയിച്ചു കഴിഞ്ഞിരുന്നു.

സാഥ് ഹിന്ദുസ്ഥാനിക്കുശേഷം വൈകാതെ ‘മേരേ സജ്ന’ എന്ന മറ്റൊരു ഹിന്ദി ചിത്രത്തിൽ അഭിനയിക്കാൻ മധു കരാറായി. ഷൂട്ടിങ് ഏറെ മുന്നോട്ടു പോകുകയും ചെയ്തു. എന്നാൽ മലയാള സിനിമയുടെ ഷൂട്ടിങ് വേഗം ഹിന്ദി സിനിമയുടെ ചിത്രീകരണത്തിന് ഇല്ലായിരുന്നു. അത് ഒച്ചിഴയുന്നതുപോലെ ഇഴയാൻ തുടങ്ങിയപ്പോൾ ആ ചിത്രം പാതിവഴിയിൽ മധു ഉപേക്ഷിച്ചു. നിർമാതാക്കൾ ഭീഷണിപ്പെടുത്തിയെങ്കിലും മധു വഴങ്ങിയില്ല. ഒടുവിൽ കഥയിൽ ​അൽപം മാറ്റം വരുത്തി അജിത് എന്ന നടനെ പകരക്കാരനായി ഇറക്കിയാണ് ആ സിനിമ അവർ പൂർത്തിയാക്കിയത്. മധു അഭിനയിച്ച രംഗങ്ങൾ പൂർണമായും ഒഴിവാക്കിയുമില്ല.

MAIYA #2 Trailer

പിന്നീട് 2005ൽ ആണ് മധു അഭിനയിച്ച ഒരു ഹിന്ദി ചിത്രം പുറത്തുവന്നത്. സായ് പരഞ്ജ പൈ സംവിധാനം ചെയ്ത ‘ചാഡു ബാബു’ ആയിരുന്നു അത്. ടൈറ്റിൽ റോളിൽ തന്നെയായിരുന്നു ഇക്കുറി അഭിനയം.

ഇപ്പോൾ ‘മയ്യ’ എന്ന ഹിന്ദി ചിത്രത്തിൽ മധു അഭിനയിക്കാൻ പ്രധാന കാരണം കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടതു കൊണ്ടു മാത്രമല്ല. ഐറിസ് ഗ്രീൻ ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്ന ബീനാ ഉണ്ണിക്കൃഷ്ണൻ അദ്ദേഹത്തിന്റെ അ‌ടുത്ത ബന്ധു കൂടിയായതു കൊണ്ടാണ്. താന്ത്രിക് ചിത്രകലയിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ബീന, മധുവിന്റെ ഇളയച്ഛന്റെ മകളുടെ മകളാണ്.
മലയാളത്തിൽ അനേകം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അനിലി‍ന്റെ ചിത്രത്തിൽ ആദ്യമായാണു മധു അഭിനയിക്കുന്നത്.

ഹരിദ്വാറിലും, പ്രയാഗിലും, വാരാണസിയിലും മറ്റുമായിട്ടാ​ണു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ദാദാജി എന്ന റിട്ട. ആർമി ഓഫിസറെയാണു മധു അവതരിപ്പിക്കുന്നത്. ദാദാജിയും അദ്ദേഹം എടുത്തുവളർത്തുന്ന അനാഥനായ ബാലനും തമ്മിലുള്ള ഹൃദയബന്ധമാണു ചിത്രത്തിന്റെ കാതൽ.

മധുവിനെ കൂടാതെ ആശാ പുത്‌ലി, സെയ്ദ് സിയാദി എന്നിവരും ഇറ്റാലിയൻ നടിയായ ഇലാ​റിയ ബൊറേലിയും മകൾ ആൽമ തുടങ്ങിയവരും അഭിനയിക്കുന്ന ഇൗ ചിത്രത്തിന്റെ ശബ്ദലേഖനം നിർവഹിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്. ക്യാമറ: ജെയ്ൻ ജോസഫ്, സംഗീതം: പോളി വർഗീസ്, ചിത്രസന്നിവേശം: ഗബ്രിയേൽ ക്രിസ്റ്റ്യാനി (ദ് ലാസ്റ്റ് എംപറർ ഫെയിം). അടുത്ത പുതുവർഷത്തിൽ ചിത്രം തിയറ്ററുകളിൽ എത്തും.