Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലരിന്റെ ആങ്ങളയല്ല മഴയെത്തും മുമ്പേയിലെ നന്ദൻ

malar-mammootty

ഒരു കാൽ ഇളകുന്ന ടാക്കീസിലെ കസേരയിലിരുന്ന് മഴയിൽ അവസാനിക്കുന്ന മഴയെത്തു മുമ്പേ കണ്ട് ഇറങ്ങിയപ്പോൾ മനസ്സിൽ തോന്നിയത് വല്ലാത്തൊരു പൊള്ളലായിരുന്നു. 1995ൽ ഏറ്റ ആ പ്രേമത്തീയുടെ പൊളളൽ ഇരുപത് വർഷം കഴിഞ്ഞിട്ടും മനസ്സിലെ വല്ലാത്തൊരു നീറ്റലായി അവശേഷിക്കുന്നുണ്ട്.

വർഷങ്ങൾ കഴിയുന്തോറും ആ പ്രേമപ്പൊള്ളൽ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. കാലത്തെ അതിജീവിക്കുന്ന നല്ല സിനിമയുടെ ലക്ഷണവും അതു തന്നെയല്ലേ? എങ്ങനെ മറക്കാനാവും നന്ദനേയും ഉമയേയും അവരുടെ പ്രണയത്തെയും. അവരേപ്പോലെ അവർക്കു മാത്രമല്ലേ പ്രണയിക്കാനാവൂ? വിവിധഘട്ടങ്ങളിലൂടെ കടന്നുപോകുന്ന നന്ദനെന്ന നന്ദകുമാരവർമ്മയുടെ ജീവിതമാണ്‌ ചിത്രത്തിലുള്ളത്‌. തൊഴിൽരഹിതനായ ഉമയുടെ കാമുകൻ മാത്രമായ നന്ദൻ, അപ്രതീക്ഷിതമായി ഉമ തളർന്നു വീണിട്ടും വിധിയെ കരുത്തോടെ നേരിടുന്ന നന്ദൻ, കൊളേജിലെ കണിശക്കാരനായ അധ്യാപകൻ, ഉമയുടെ രണ്ടാംവീഴ്‌ചയ്ക്ക് മുമ്പിൽ പതറി പോകുന്ന നന്ദന്‍.

ഉമയുടെ അവസാനആഗ്രഹം സാധിച്ചുകൊടുക്കാനെന്നോണം തന്നെ പ്രണയിക്കുന്ന വിദ്യാർഥിയുടെ ഭർത്താവാകുന്ന നന്ദൻ. താൻ ഉമയുടെ ആഗ്രഹം സാധിച്ചു കൊടുത്താലെങ്കിലും അവൾ മരുന്ന് കഴിക്കുമല്ലോ, ഇനിയും കുറച്ചു കാലം തനിക്ക് അവളെ പക്ഷഘാതാവസ്ഥയിലാണെങ്കിൽ പോലും കാണമല്ലോ എന്ന ഒറ്റക്കാരണം കൊണ്ടു മാത്രം ശ്രുതിയെ വിവാഹം കഴിക്കുന്ന നന്ദൻ. ഓരോ അണുവിലും നന്ദൻ എന്ന കഥാപാത്രത്തിന്റെ വ്യക്തിപ്രഭാവം പ്രേക്ഷൻ അനുഭവിച്ചറിയുകയായിരുന്നു മമ്മൂട്ടി എന്ന നടനിലൂടെ.

വിദ്യാർഥിയായ ശ്രുതിയെ വിവാഹം ചെയ്യാൻ സുഹൃത്ത് റഹ്മാൻ നിർബന്ധിക്കുമ്പോൾ എനിക്ക് സാധിക്കില്ല റഹ്മാൻ, ഇത് എങ്ങനെ സാധിക്കും എന്ന് ചോദിക്കുന്നത് സാധാരണക്കാരനായ നായകനാണ്. ഒരിക്കൽപോലും നന്ദകുമാരവർമ്മ എന്ന അധ്യാപകന്‍ ശ്രുതി എന്ന വിദ്യാർഥിയുടെ പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പലസന്ദർഭങ്ങളിലും ക്രൂരമായ രീതിയിൽ തന്നെക്കൊണ്ട് ആകുന്ന തരത്തിൽ എതിർക്കുന്നുണ്ട്. ഉമയെ കരയിപ്പിച്ച് പിടിച്ചു വാങ്ങിയ സ്നേഹമാണെന്ന് അറിഞ്ഞ നിമിഷം ശ്രുതിയേയും ഉമയേയും ഉറ്റവരെയും സുഹൃത്തുക്കളെയുമെല്ലാം പിന്നിലാക്കി നന്ദൻ നാടുവിടുന്നു.

മഴയെത്തും മുമ്പെ എന്ന സിനിമ സംസാരിക്കുന്നത് അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള പ്രണയമല്ല. നന്ദനെപ്പോലെ സുമുഖായ ഒരു അധ്യാപകൻ പഠിപ്പിക്കാൻ വന്നാൽ അദ്ദേഹത്തോട് ഒരു വിദ്യാർഥിക്ക് പ്രേമം തോന്നിയാൽ ഒരു തെറ്റും പറയാൻ പറ്റില്ല. പക്ഷെ അത് പ്രായത്തിന്റെ പക്വതയില്ലായ്മയാണെന്ന് പറഞ്ഞു മനസ്സിലാക്കി തിരുത്തേണ്ടത് അധ്യാപകന്റെ കടമയാണ്. ആ കടമ വളരെ ഭംഗിയായി തന്നെ നന്ദൻ നിർവഹിക്കുന്നുണ്ട്. ആദ്യം ദേഷ്യപ്പെട്ടു പിന്നെ അനുനയത്തിന്റെ ഭാഷയിൽ പറഞ്ഞു, ഏറ്റവും അവസാനം സാഹചര്യത്തിന്റെ കടുത്ത സമർദ്ദം ഒന്നുകൊണ്ടു മാത്രം വിദ്യാർഥിയെ വിവാഹം കഴിക്കുന്ന അധ്യാപകനാണ് നന്ദൻ.

അത് അല്ലാതെ വിദ്യാർഥികളുടെ കളിതമാശകളും കള്ളുകുടിയും പ്രോത്സാഹിപ്പിച്ച്, വിദ്യാർഥിയുടെ പ്രണയത്തിന് വളംവെച്ച് കൊടുത്ത് വിദ്യാർഥിയോടൊപ്പം ഡാൻസുകളിക്കുന്ന മലരിനെപ്പോലെയുളള അധ്യാപകനല്ല നന്ദകുമാര വർമ്മ. ജോർജിനെപ്പോലെ കാണുന്നവളുമാരെ എല്ലാം പ്രേമിക്കുന്ന ആളുമല്ല നന്ദകുമാരവർമ്മ, മാംസ നിബദ്ധമല്ല നന്ദന്റെ പ്രണയം ഉമയേക്കാൾ സുന്ദരിയായ ആരോഗ്യവതിയായ ശ്രുതിയോട് ഒരു നിമിഷനേരത്തേക്കു പോലും അയാൾക്ക് പ്രണയം തോന്നുന്നില്ല.

പ്രേമത്തെയും മഴയെത്തും മുമ്പയേയും താരതമ്യം ചെയ്യുന്നവരോട് ഒരു വാക്ക്. പ്രേമം ഒരു കാലഘട്ടത്തിന്റെ മാത്രം സിനിമയാകുമ്പോൾ മഴയെത്തും മുമ്പേ കാലത്തെ അതിജീവിക്കുന്ന സിനിമയും. കണ്ടു മറക്കാവുന്ന ഒരു വാണിജ്യസിനിമയേയും, പിന്നെയും പിന്നെയും കാണാൻ തോന്നുന്ന ക്ലാസിക്ക് സിനിമയേയും താരതമ്യം ചെയ്യുന്നതിനെ അർഥശൂന്യമായ വിരോധാഭാസമെന്നല്ലാതെ എന്തു പറയേണ്ടൂ???

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.