Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയ്ക്കൊപ്പം പഠനവും; മാളവിക തിരക്കിലാണ്

malavika-nair-1

കറുത്ത പക്ഷികളിലെ അന്ധ ബാലിക മല്ലിയായാണു മാളവിക നായരെ മലയാളം ആദ്യം നെഞ്ചേറ്റിയത്. ഒരു വിങ്ങലായി പ്രേക്ഷക ഹൃദയം കീഴടക്കിയ മല്ലിയിലൂടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാല താരത്തിനുള്ള 2006–ലെ സംസ്ഥാന അവാർഡും നേടി മാളവിക. ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു അന്നു മാളവിക. അഞ്ചു വർഷത്തിനു ശേഷം ഊമക്കുയിൽ പാടുമ്പോൾ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം വീണ്ടും മാളവികയെ തേടിയെത്തി. രണ്ടു സംസ്ഥാന പുരസ്കാരങ്ങളുടെ പെരുമയിൽ മലയാള സിനിമയിലെ ഏറ്റവും തിളക്കമുള്ള ബാലതാരങ്ങളിലൊരാളായി മാറിയ മാളവിക ബാല താരത്തിൽ നിന്നു നായിക നിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ജോൺസൺ എസ്തപാൻ സംവിധാനം ചെയ്യുന്ന ഡഫേദാർ എന്ന സിനിമയിലൂടെയാണു മാളവിക നായികയാകുന്നത്.

malavika

‘ഇതുവരെ ഞാൻ ചെയ്ത വേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണു ഡഫേദാറിലെ അമല എന്ന കഥാപാത്രം. വളരെ മോഡേണും സ്മാർട്ടുമായ പെൺകുട്ടി. നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയ അവളുടെ ജീവിതത്തിലുണ്ടാവുന്ന വലിയൊരു ദുരന്തം ഉൾപ്പെടെ വൈകാരികമായ ഒട്ടേറെക്കാര്യങ്ങൾ സിനിമയിലുണ്ട്. അതായിരുന്നു വെല്ലുവിളിയും. എന്റെ സ്വഭാവ രീതികളുമായി സാമ്യങ്ങളുമുള്ള കഥാപാത്രമാണ്. അങ്ങനെയൊരു വേഷം ചെയ്യുന്നതും ആദ്യം. നൃത്തം പഠിച്ചിട്ടുണ്ടെങ്കിലും സിനിമയിൽ നൃത്തം ചെയ്യാൻ അവസരം കിട്ടിയതും ഈ സിനിമയിലാണ്. അതും ഇളയരാജ സാർ ഒരുക്കിയ പാട്ടിനൊപ്പം. നായകനായ ടിനി ടോമും സംവിധായകനും നന്നായി ചെയ്തു എന്നാണു പറയുന്നത്. ’- തൃശൂർ സ്വദേശിയായ മാളവിക വ്യക്തമാക്കുന്നു.

Malavika Nair on Akkaldamayile Pennu | Exclusive Interview | Manorama Online

സിനിമയിലേക്കുള്ള വഴി

എൽകെജി വിദ്യാർഥിയായിരിക്കെ സംവിധായകൻ രാജസേനനാണു മാളവികയെ ആദ്യം ക്യാമറയ്ക്കു മുന്നിലെത്തിക്കുന്നത്. അതു സീരിയലിലായിരുന്നു. പിന്നീടാണു കമൽ സംവിധാനം ചെയ്യുന്ന കറുത്തപക്ഷികളിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

malavika-nair

‘മമ്മൂട്ടി അങ്കിളിനൊപ്പം അഭിനയിക്കാൻ അവസരം കിട്ടുന്നതിന്റെ ഒരു എക്സൈറ്റ്മെന്റായിരുന്നു ആദ്യം. അദ്ദേഹം വളരെ വാൽസല്യത്തോടെയും സ്നേഹത്തോടെയും പെരുമാറിയതിനാൽ ടെൻഷൻ ഇല്ലായിരുന്നു. അന്ധ ബാലികയുടെ റോളായതിനാൽ കണ്ണിൽ ലെൻസ് വച്ചിരുന്നു. അതിന്റെ ചെറിയ ബുദ്ധിമുട്ട് ഒഴിച്ചാൽ ബാക്കിയെല്ലാം കമൽ സർ പറഞ്ഞു തന്നതു പോലെ ചെയ്തു’

ആദ്യ സിനിമ ശ്രദ്ധിക്കപ്പെടുകയും സംസ്ഥാന പുരസ്കാരം ലഭിക്കുകയും ചെയ്തതോടെ അവസരങ്ങൾ തേടിയെത്തി. യെസ് യുവർ ഓണർ, മായ ബസാർ, ശിക്കാർ, കണ്ഡഹാർ... തുടങ്ങി സൂപ്പർ താര ചിത്രങ്ങളിൽ അഭിനയിച്ചു. സിദ്ദീഖ് ചേന്ദമംഗലൂർ സംവിധാനം ചെയ്ത ഊമക്കുയിൽ പാടുമ്പോൾ എന്ന സിനിമയിൽ സർക്കാർ സ്കൂളിൽ നിന്നു സിബിഎസ്ഇ സ്കൂളിലേക്കു മാറ്റപ്പെടുന്ന വിദ്യാർഥിനി നേരിടുന്ന ബുദ്ധിമുട്ടുകളും ആത്മസംഘർഷങ്ങളുമെല്ലാം മികവുറ്റതാക്കിയാണു രണ്ടാം തവണയും സംസ്ഥാന പുരസ്കാരം നേടിയത്. രണ്ടു വർഷം മുൻപു ജയറാം കൈലാസ് സംവിധാനം ചെയ്ത ‘അക്കൽദാമയിലെ പെണ്ണ്’ എന്ന സിനിമയിലും ശ്രദ്ധേയമായ മുഴുനീള വേഷത്തിൽ അഭിനയിച്ചിരുന്നു.

malavika-mammootty

പത്താം ക്ലാസ് പരീക്ഷയിൽ ശ്രദ്ധയൂന്നിയതിനാൽ ഇടയ്ക്ക് അഭിനയത്തിന് ഇടവേള നൽകിയിരുന്ന മാളവിക നായികയായി വീണ്ടും സജീവമാവുകയാണ്. 21നു ഡഫേദാർ തിയറ്ററുകളിലെത്തും.
‘ഏറെ ഇഷ്ടപ്പെടുന്ന കാര്യമായതിനാൽ നല്ല സിനിമകളിലേക്ക് അവസരം വന്നാൽ ഇനിയും അഭിനയിക്കും. ഒപ്പം പഠനവും തുടരണം’- മാളവിക പറയുന്നു. തൃശൂർ അതുല്യ അപ്പാർട്മെന്റിൽ സേതുമാധവന്റെയും സുചിത്രയുടെയും മകളായ മാളവിക തൃശൂർ വിവേകോദയം എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയാണ്.