Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നലത്തെ ഗൗരവരംഗം ഇന്നു ചിരി നാളെ കരച്ചിൽ

jayan-dileep

നായിക കരഞ്ഞു മൂക്കുപിഴിഞ്ഞു ശരീരം ഭൂമിയിൽനിന്ന് അൽപം പൊങ്ങിയോ എന്നു തോന്നിപ്പിച്ചു സർവാംഗം കുലുങ്ങി ചുണ്ടുകോട്ടി ശ്വാസംമുട്ടലോടെ നസീറിനെ നോക്കും. കവിളിലൂടെ ബ്ലാക്ക് ആൻഡ് വൈറ്റ് കണ്ണീർച്ചാലുകൾ ഒഴുകുന്നതിന്റെ സമീപദൃശ്യം. (മുഖത്തെ ചായം ഇളകുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിൽ തിരിച്ചറിയാനാവില്ല). എന്തു പറയണമെന്നറിയാതെ വായ് തുറന്നും അടച്ചും ഇടയ്ക്കു വെറുതെ ചവച്ചും മന്ത്രസ്ഥായിയിൽ പുറപ്പെടുവിക്കുന്ന മൂളലുകളോടെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന നസീർ. ഇവരുടെ മുഖങ്ങൾ ഇടവിട്ടു കാണിക്കുമ്പോൾ കൊട്ടകയിൽ ദുഃഖം തളംകെട്ടും. ഏങ്ങലടികളുയരും.

സങ്കടം സഹിക്കാനാവാതെ ഇരിക്കുന്ന പ്രേക്ഷകരെ ചിരിപ്പിക്കാൻ അടുത്ത രംഗത്തിൽ എത്തുകയായി അടൂർ ഭാസിയോ എസ്.പി.പിള്ളയോ ബഹദൂറോ ശങ്കരാടിയോ ശ്രീലതയോ ലളിതശ്രീയോ അടങ്ങുന്ന സംഘം. കഥയുമായി പുലബന്ധം പോലുമില്ലാത്ത തമാശകളുടെ അമിട്ടുപൊട്ടിച്ചു പെരുവിരൽ മുതൽ മുടിയിഴവരെ ഭാവോജ്ജ്വലമാക്കിയുള്ള ഇവരുടെ അഭിനയം കാണുമ്പോൾ കാണികളുടെ കരച്ചിൽ ചിരിക്കു വഴിമാറും.

ഇങ്ങനെ കദനകഥ ഒരു വഴിക്കും ചിരിപ്പിക്കാനെത്തുന്ന കോമാളികൾ പലവഴിക്കും സഞ്ചരിച്ചു പൂർത്തിയായ സിനിമകളുമുണ്ടായിരുന്നു മലയാളത്തിൽ. മേൽവിവരിച്ച രണ്ടു രംഗങ്ങൾ ഇന്നു കാണുമ്പോൾ ആദ്യ ശോകരംഗത്തിൽ പ്രേക്ഷകർ ചിരിക്കുകയും രണ്ടാമത്തെ കോമഡി രംഗം കണ്ടു കരയുകയും ചെയ്യും. ഇന്നലെ ചെയ്‌തോരബദ്ധം ഇന്നത്തെയാചാരമാവാം എന്നു കവി പറഞ്ഞപോലെ സിനിമയിൽ ഇന്നലത്തെ ഗൗരവരംഗം ഇന്നു ചിരിയായും നാളെ കരച്ചിലായും മാറാം. ശരപഞ്ജരത്തിൽ കുതിരക്കാരനായി വന്നു കുടുംബക്കാരനാവാൻ നോക്കുന്ന നായകന്റെ മസിലുകൾ ഉരുണ്ടുകളിക്കുന്നതു നോക്കി പ്രണയവിവശയായി നായിക മുക്രയിടുന്നതു കണ്ടാൽ ന്യൂജൻ കാണികൾ തലതല്ലി ചിരിക്കും. അഭിനയ ചക്രവർത്തി സത്യനും ആക്‌ഷൻ ഹീറോ ജയനും എത്ര പെട്ടെന്നാണു പൊട്ടിച്ചിരിയായി പുനർജനിച്ചത്.

സിനിമയിലെ കോമഡിയും കൊമേഡിയൻമാരുടെ അഭിനയശൈലിയും കാലത്തിനൊത്തു മാറിക്കൊണ്ടേയിരിക്കുന്നു. പഴയ പട്ടംസദൻ ശൈലിയിൽ അഭിനയിച്ചുതുടങ്ങിയ ജഗതി ശ്രീകുമാറാണ് വിധിയുടെ പ്രഹരത്തിൽ മാറിനിൽക്കേണ്ടിവന്ന ഘട്ടംവരെ മലയാളികളെ ചിരിപ്പിച്ചുകൊണ്ടേയിരുന്നത്. പ്രേക്ഷകരുടെ ആസ്വാദന നിലവാരം മാറുന്നതനുസരിച്ച് അഭിനയരീതിയിൽ മാറ്റം വരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ഒൻപതുരസങ്ങളിൽ ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല ജഗതിയുടെ അഭിനയം. പിന്നീടു വന്ന സലീം കുമാർ, സുരാജ് വെഞ്ഞാറമ്മൂട് പോലുള്ള നടന്മാർ മാതൃകയാക്കിയതു ജഗതിയെയാണ്.

നായകൻ തന്നെ കോമഡി ചെയ്യുന്ന ശൈലി മലയാളത്തിൽ പുതിയതൊന്നുമല്ല. വികടകവി, വനിതാ പൊലീസ് തുടങ്ങി ഒരുപാടു ചിത്രങ്ങളിൽ പ്രേംനസീർ ഇതു ചെയ്തിട്ടുണ്ട്. സത്യനും കെ.പി.ഉമ്മറുമെല്ലാം കോമഡി ചെയ്യാൻ ശ്രമിച്ചവരാണ്. നെടുമുടി വേണുവും ഗോപിയും പലവട്ടം കോമഡിയുടെ കൊടുമുടി കയറി. കുതിരവട്ടം പപ്പു, കടുവാക്കുളം, കൊതുകു നാണപ്പൻ, ശങ്കരാടി, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, ഇന്നസന്റ്, പറവൂർ ഭരതൻ, മാമുക്കോയ തുടങ്ങിയവർ തങ്ങളുടേതു മാത്രമായ ശൈലികൊണ്ടു തമാശയുണ്ടാക്കി. കൊച്ചിയിലെ മിമിക്രി ട്രൂപ്പുകളിൽനിന്നു തമാശക്കാരുടെ വൻസംഘം തന്നെ സിനിമയിലേക്കു കയറി. ഇപ്പോഴും കയറിക്കൊണ്ടിരിക്കുന്നു.

മാരകവില്ലന്മാരെക്കൊണ്ടു കോമഡി ചെയ്യിച്ചാൽ ഏൽക്കുമെന്നു നേരത്തെതന്നെ ചിലർ കണ്ടെത്തിയിരുന്നു. അങ്ങനെയാണു കൊച്ചിൻ ഹനീഫ, ജനാർദനൻ തുടങ്ങി ഭീമൻ രഘു വഴി ബാബുരാജ് വരെ തമാശ കാണിക്കാൻ തുടങ്ങിയത്. ഏതു വേഷവും വഴങ്ങുമെന്നു തെളിയിച്ച തിലകൻ മലയാളം കണ്ട മികച്ച കൊമേഡിയനുമാണ്.

കാലിക സംഭവങ്ങളോടുള്ള പ്രതികരണത്തിൽനിന്നും സ്വന്തം കുറവുകളിൽനിന്നുപോലും തമാശയുണ്ടാക്കാമെന്നു കണ്ടെത്തിയ ശ്രീനിവാസനാണ് മലയാള സിനിമയിലെ തമാശയെ വെറും ചിരിയിൽനിന്നു മോചിപ്പിച്ചത്. സിദ്ദിഖും ലാലും ചേർന്ന് ഇതു വളർത്തിയെടുക്കുകയും ചെയ്തു.

പത്മരാജന്റെ കള്ളൻ പവിത്രൻ, ഒരിടത്തൊരു ഫയൽവാൻ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ലോഹിതദാസിന്റെ ഹിസ് ഹൈനസ്സ് ആബ്ദുള്ള, കുട്ടേട്ടൻ തുടങ്ങിയ സിനിമകളിൽ ചിരി നിർമാണക്കൂട്ടിൽ തന്നെയുണ്ട്.നായക നടന്മാർ കോമഡി ചെയ്താലേ സിനിമ കംപ്ലീറ്റ് എന്റർടെയിനറാകൂ എന്നു തിരിച്ചറിഞ്ഞ തിരക്കഥാകൃത്തുക്കളാണു മലയാളത്തിലെ എല്ലാ താരങ്ങളെയും കോമഡി പഠിപ്പിച്ചത്. സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയ സംവിധായകർ ഇതു സാക്ഷാത്കരിക്കുകയും ചെയ്തു. മമ്മൂട്ടി ഗൗരവത്തിൽ തുടങ്ങി ചിരിയുടെ രാജമാണിക്യമായെങ്കിൽ മോഹൻലാൽ വില്ല നിൽ തുടങ്ങി ശ്രീനിവാസനും ജഗതിയുമായി ചേർന്നു മലയാളത്തിലെ ഏറ്റവും നല്ല കോമഡി കൂട്ടുകെട്ടുതന്നെ രൂപപ്പെടുത്തി. ദിലീപ് ചിരിയിൽനിന്നു കൂടുതൽ ചിരിയിലേക്കു വളരുകയും ഇടയ്ക്കു ഗൗരവമുള്ള കുപ്പായമണിയാൻ ശ്രമിക്കുകയും ചെയ്തു. രൂപംകൊണ്ടും ശബ്ദംകൊണ്ടും പരുക്കനായ ബിജു മേനോനാണ് തമാശയുടെ പത്തായം തുറന്നു കാണികളെ അമ്പരപ്പിച്ചത്. ലാൽ ജോസ് ക്യാമറയ്ക്കു പിറകിലിരുന്നു ചിരിക്കു ചുക്കാൻ പിടിച്ചു.

കുറുക്കി പറയുന്നതിലും സ്വരം താഴ്ത്തി പറയുന്ന കമന്റുകളിലും കോമഡിയുണ്ടാക്കിയവർ ശ്രീനിവാസനും ഇന്നസന്റുമാണ്. വിനീത് ശ്രീനിവാസനിൽ തുടങ്ങി കട്ടപ്പനയിലെ ഋത്വിക് റോഷനിലേക്കു പരിണമിച്ചതു ശ്രീനിത്തമാശകളാണ്. നിവിൻ പോളി പോളിഷ് ചെയ്‌തെടുത്തതും ഇതുതന്നെ. ധർമജൻ, രമേഷ് പിഷാരടി, സൗബിൻ, വിനയ് ഫോർട്ട്, അലൻസിയർ, നീരജ് മാധവ്, പ്രേമത്തിലെ പുതുനിരക്കാർ തുടങ്ങിയവരൊക്കെ ശ്രീനിച്ചിരിയെ അൽപമൊന്നു പരിഷ്‌കരിക്കുകയായിരുന്നു. വിഷയവും അവതരണരീതിയും പുതിയതായതിനാൽ ഇവരുടെ അഭിനയത്തിലും പുതുമ അനുഭവപ്പെട്ടു. വിനോദ് കോവൂരും ഹരീഷ് കണാരനും മണികണ്ഠനും ടിവിയിലെ മറ്റു കോമഡി താരങ്ങളുമൊക്കെ ആദ്യകാല കൊമേഡിയന്മാരുടെ തുടർച്ചയായി മാറി.

നടിമാരിൽ അടൂർ ഭവാനി, അടൂർ പങ്കജം, ശ്രീലത, ലളിതശ്രീ, സുകുമാരി, ഫിലോമിന, കെ.പി.എ.സി.ലളിത, മീന, കൽപന, ഉർവശി, രേവതി തുടങ്ങിയവരുടെ നിര പുതുകാലത്തിലേക്കു വളർന്നപ്പോൾ ചില യുവ നടികളിലൂടെ അത് ഒതുക്കമുള്ള തമാശകളിലെത്തിനിൽക്കുന്നു. ഇവരാരും പഴയകാല നടിമാരെ അനുകരിക്കുന്നില്ല.

ഒരാളുടെ മനസ്സിൽ തമാശ രൂപപ്പെട്ടാൽ നിമിഷങ്ങൾക്കകം അതു സമൂഹ മാധ്യമം മീഡിയ വഴി എല്ലാവരിലുമെത്തുന്ന കാലമാണിത്. കോമഡി പെട്ടെന്നു വളിച്ചുപോകുന്നകാലം. ഇക്കാലത്താണു പുതിയ രീതിയിൽ കോമഡിയുണ്ടാക്കാൻ പുതുനിര താരങ്ങളും എഴുത്തുകാരും ശ്രമിക്കുന്നത്. ഇക്കാലത്തു ചിരിയുണ്ടാക്കാൻ വലിയപ്രയാസമൊന്നുമില്ല. ചിരിക്കില്ലെന്ന ബലംപിടിത്തം ആളുകൾ ഒഴിവാക്കിയാൽ മാത്രം മതി.  

Your Rating: