Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയുടേത് മലയാള സിനിമയെ നടുക്കിയ മരണം: മമ്മൂട്ടി

mammootty-lijo.jpg-mohanlal ചിരസ്മരണ: ചാലക്കുടി പൗരാവലിയും സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയും ചേർന്നു സംഘടിപ്പിച്ച കലാഭവൻ മണി അനുസ്മരണച്ചടങ്ങിൽ പ്രസംഗത്തിനിടെ മണിയുടെ ഓർമയിൽ മുഴുകിയ മമ്മൂട്ടി, വിക്രം, മോഹൻലാൽ, സംവിധായകൻ കമൽ കമൽ എന്നിവർ മുൻനിരയിൽ. ചിത്രം: ഉണ്ണി കോട്ടക്കൽ

കരഞ്ഞും കരയിപ്പിച്ചും അവരോരുത്തരും മലയാളത്തിന്റെ മഹാനടനെ ഓർത്തോർത്തു വാഴ്ത്തി. മുന്നിൽ നിറഞ്ഞു പരന്ന ജനസഞ്ചയം മൂകം വിതുമ്പിക്കൊണ്ട് ആ വാക്കുകളെ ഏറ്റുവാങ്ങി. മലയാളത്തിന്റെ അഭിമാനമായി അഭ്രപാളികളിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ച കലാഭവൻ മണിയെ അനുസ്മരിക്കാൻ ഒത്തു ചേർന്നവർക്ക് പറയാൻ മണി അവരെയെല്ലാം ഹൃദയത്തോട് ചേർത്തു പിടിച്ചതിന്റെ ഒരുപാട് അനുഭവങ്ങളുണ്ടായിരുന്നു. കണ്ഠമിടറിയും കണ്ണീർ വാർത്തും സിനിമാ ലോകത്തിനകത്തും പുറത്തും നിന്നുള്ളവർ മണിയെ കുറിച്ചു പറഞ്ഞിട്ട് ഇങ്ങനെ കൂട്ടിച്ചേർത്തു, ഇത്ര നേരത്തെ പോകേണ്ടിയിരുന്നില്ല, ഇനിയും അദ്ഭുതങ്ങൾ കാട്ടി കലയിലും ജീവിതത്തിലും വിസ്മയങ്ങൾ തീർക്കാൻ കുറച്ച് നാൾ കൂടി തങ്ങളോടൊപ്പം മണി കൂടി വേണമായിരുന്നു.

മണിയുടേത് മലയാള സിനിമയെ നടുക്കിയ മരണം –മമ്മൂട്ടി

മലയാള സിനിമയെ നടുക്കിയ മരണമാണ് കലാഭവന്‍ മണിയുടേതെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു. ജയന്റെ മരണമാണ് മലയാള സിനിമയെ നടുക്കിയ മറ്റൊരു മരണം. എന്നാല്‍ കലാഭവന്‍ മണിയുടെ മരണം നടുക്കം മാത്രമല്ല എല്ലാവരിലും ആര്‍ത്തനാദം കൂടി സൃഷ്ടിച്ചതായി മമ്മൂട്ടി പറഞ്ഞു.

mani-1.jpg.image.784.410

കാർമൽ സ്റ്റേഡിയത്തിൽ ചലച്ചിത്രതാര സംഘടന ‘അമ്മ’യും പൗരാവലിയും കലാഭവൻ മണിയെ അനുസ്മരിക്കാൻ ഒരുക്കിയ ചിരസ്മരണ പരിപാടിയാണ് ഏവരുടെയും കണ്ണു നനയിച്ചത്. സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ ജനം ഇടയ്ക്കിടെ വിതുമ്പലൊതുക്കാനാകാതെ പൊട്ടിക്കരഞ്ഞു. സിനിമയിൽ മണി ജീവിച്ചു കാണിച്ച കഥാപാത്രങ്ങളെ പേരെടുത്തു പറഞ്ഞപ്പോഴൊക്കെ ഓരോ പേരും തങ്ങളുടേതോ തങ്ങളുടെ കൂട്ടത്തിലുള്ളവരുടേതോ ആണെന്ന് ചാലക്കുടിക്കാർ തിരിച്ചറിഞ്ഞു. അമ്മ പ്രസിഡന്റ് ഇന്നസന്റ് അധ്യക്ഷത വഹിച്ചു.

mani-2.jpg.image.784.410

വിക്രം

mani-3.jpg.image.784.410

അഭിനയത്തിന്റെ മാന്ത്രികത സ്വന്തമായുണ്ടായിരുന്ന പ്രതിഭയായിരുന്നു കലാഭവൻ മണിയെന്ന് പ്രശസ്ത നടൻ വിക്രം അന‍ുസ്മരിച്ചു. മണി അഭിനയിച്ച് ഹിറ്റാക്കിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ തമിഴ് പതിപ്പായ കാശിയിലൂടെയാണ് ഞാൻ സിനിമാ ലോകത്ത് ശ്രദ്ധേയനായത്. കലാഭവൻ മണിയുടെ അഭിനയ മികവിനോളം എത്താൻ എനിക്കതിൽ കഴിഞ്ഞില്ലെന്നു നാളുകൾക്കിപ്പുറവും തിരിച്ചറിയുന്നു. ജെമിനി സിനിമ ചെയ്യുന്ന സമയത്ത് അതിൽ വില്ലൻ കഥാപാത്രത്തെ അതീവ വ്യത്യസ്തമായി മണി അവതരിപ്പിച്ചുവെന്നും വിക്രം പറഞ്ഞു.

മമ്മൂട്ടി

കലാഭവൻ മണി ഭാഷയ്ക്കും ദേശത്തിനും അതീതനായി നിന്ന കലാകാരനാണ്. മണി ചാലക്കുടിക്കാരൻ അല്ല, കേരളീയൻ അല്ല, തമിഴൻ അല്ല, കലാരംഗത്തെ ഭാരതീയനാണ്. സിനിമ ഉള്ള കാലത്തോളം മണി എന്ന നടനെ അനുഭവിച്ച് പ്രേക്ഷകർ അദ്ഭുതപ്പെടും. മണിയെ തമിഴ്നാട്ടുകാർ ചിലപ്പോഴൊക്കെ കലാ മണി എന്നാണ് വിളിച്ചിരുന്നത്. അത് തികച്ചും ചേരുന്ന പേരാണ്. കലയുടെ മണിയും രത്നവുമൊക്കെയാണ് മണി

മോഹൻലാൽ

കലാഭവൻ മണി വച്ചുവിളമ്പി തന്നത് പലവട്ടം കഴിച്ചിട്ടുണ്ട്. സ്വന്തം സഹോദരനായാണ് കണ്ടിരുന്നത്. സത്യസന്ധ്യനായ, ധൈര്യമുള്ള സ്നേഹിതനെയാണ് നഷ്ടപ്പെട്ടത്. ജീവിതഗന്ധിയായ ഒരുപാട് അനുഭവകഥകൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. നൊമ്പരപ്പെടുത്തുന്ന കഥകൾ നർമത്തിൽ ചാലിച്ച് അവതരിപ്പിക്കാൻ വലിയ വൈഭവം മണിക്കുണ്ടായിരുന്നു. നിഷ്കളങ്കമായ മണിയുടെ ചിരിയും മുഖവും നമ്മുടെ മനസ്സിൽ നിന്ന് ഒരുകാലത്തും മായില്ല.

ഇന്നസന്റ്

പെട്ടെന്ന് സങ്കടപ്പെടുകയും പെട്ടെന്ന് സന്തോഷിക്കുകയും പെട്ടെന്ന് ദേഷ്യപ്പെടുകയും ചെയ്യാറുള്ള മണി മനുഷ്യനെ മനസ്സിലാക്കുകയും അവരോടൊക്കെ മനുഷ്യത്വത്തോടെ പെരുമാറുകയും ചെയ്തയാളായിരുന്നു. അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമായിരുന്നു മണി. സംഘടനയെ കരുത്തോടെ നയിക്കാൻ അദ്ദേഹത്തിന്റെ ധൈര്യം സഹായകമായിട്ടുണ്ട്.

കമൽ

നടനായ മണിയെയല്ല മനുഷ്യനായ കലാഭവൻ മണിയെയാണ് കൂടുതൽ പേർ അറിയാതെ പോയത്. സിനിമ വരേണ്യവർഗത്തിന്റെ കൈപ്പിടിയിലാണെന്ന ധാരണ തിരുത്തിക്കുറിച്ച് സമൂഹത്തിന്റെ താഴേത്തട്ടിൽ നിന്നെത്തി അഭിനയ കലയിൽ ലോകം മുട്ടെ വളർന്ന നടനാണ് അദ്ദേഹം. മണിയുടെ വീട്ടിലേക്ക് അടുത്തയിടെ ക്ഷണിച്ചിരുന്നു. കൂട്ടിക്കൊണ്ട് പോയത് വലിയ വീട്ടിലേക്കല്ല. ജനിച്ചു വളർന്ന കൊച്ചുവീട്ടിലേക്കാണ്. അവസാനത്തെ ആ കൂടിക്കാഴ്ചയിൽ എന്റെ സിനിമയിൽ ഒരു നല്ലവേഷം ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആ ആഗ്രഹം ബാക്കി വച്ചാണ് മണി യാത്രയായത്.

എംഎൽഎമാരായ ബി.ഡി. ദേവസി, വി.എസ്. സുനിൽകുമാർ, നഗരസഭാധ്യക്ഷ ഉഷ പരമേശ്വരൻ, നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, വിക്രം, ഹരിശ്രീ അശോകൻ, ആസിഫ് അലി, നരേൻ, ഗിന്നസ് പക്രു, അബു സലിം, സുരാജ് വെഞ്ഞാറമൂട്, കരുണാസ്, കോട്ടയം നസീർ, ബിനീഷ് കോടിയേരി, ടിനി ടോം, സുരേഷ് കൃഷ്ണ, സാദിഖ്, ഫുട്ബോൾ താരം ഐ.എം. വിജയൻ, സംവിധായകരായ കമൽ, സിബി മലയിൽ, മേജർ രവി, സിദ്ദീഖ്, സുന്ദർദാസ്, ലിജോ ജോസ് പല്ലിശേരി, നിർമാതാവ് സിയാദ് കോക്കർ, ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് താണിക്കൽ, കെ. ആർ. വിശ്വംഭരൻ, മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

Your Rating: