Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരേഷ് ഗോപി എംപിക്ക് മമ്മൂട്ടി നല്‍കിയ ഉപദേശം

mammootty-suresh-gopi മമ്മൂട്ടി, സുരേഷ് ഗോപി

സിനിമാ സഹപ്രവർത്തകരുടെ സ്നേഹാശംസകളുടെ നിറവിലാണ് സുരേഷ് ഗോപി ഇന്നു രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കു മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സാന്നിധ്യം സുരേഷ് ഗോപി ആഗ്രഹിച്ചിരുന്നു. വിദേശത്തുനിന്നു സമയത്ത് എത്തിച്ചേരാൻ കഴിയില്ലെന്ന് മോഹൻലാൽ അറിയിച്ചതിനാൽ താരങ്ങളാരും വേണ്ടെന്നു തീരുമാനിച്ചു. ഭാര്യ രാധികയും മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്‌ലി, മാധവ് എന്നിവരും സുഹൃത്തുക്കളും രാജ്യസഭാ സന്ദർശക ഗാലറിയിൽ സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷ്യം വഹിച്ചു. ആശംസയ്ക്കൊപ്പം മമ്മൂട്ടി ആവശ്യത്തിന് ഉപദേശവും നൽകിയിട്ടുണ്ട്. രാജ്യസഭാംഗമാകുന്ന ഉടനെ വൻ പ്രഖ്യാപനങ്ങളൊന്നും നടത്തിയേക്കരുത്. എംപിക്കു പരിമിതികളുണ്ടെന്നു മനസ്സിലാക്കണം.

പക്ഷേ, സുരേഷ് ഗോപി ഹോംവർക്ക് ചെയ്തിട്ടുണ്ടെന്നു മറുപടിയിൽനിന്നു മമ്മൂട്ടിക്കു മനസ്സിലായിക്കാണും. നദി ശുദ്ധീകരണം, അട്ടപ്പാടിയിലെ ആദിവാസി ക്ഷേമം, വനവൽകരണം തുടങ്ങി മനസ്സിലെ പദ്ധതികൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയും മുൻകൂറായി സുരേഷ് ഗോപി നേടിക്കഴിഞ്ഞു. സാധാരണ എംപിമാരെപ്പോലെതന്നെ നാമനിർദേശം ചെയ്യപ്പെടുന്ന എംപിമാർക്കും പ്രതിവർഷം രണ്ടു കോടി രൂപയുടെ ഫണ്ടുണ്ടെന്ന കാര്യവും മമ്മൂട്ടിയെ സുരേഷ് ഗോപി ബോധ്യപ്പെടുത്തി.

വിദേശത്തുനിന്നു ഫോണിൽ വിളിച്ച് ആശംസ നേർന്ന മോഹൻലാലാകട്ടെ, സംസാരത്തിനിടെ ‘കൺഗ്രാറ്റ്സ്’, ‘ഡു വെൽ’ എന്നു പലവട്ടം പറഞ്ഞ് ആവേശത്തിലായിരുന്നു. തനിക്ക് എംപി സ്ഥാനം കിട്ടിയാലുണ്ടാകുന്ന അത്ര തന്നെ സന്തോഷമാണു സുരേഷ് ഗോപിയുടെ സ്ഥാനലബ്ദിക്കുമെന്നു മോഹൻലാൽ പറഞ്ഞു.

സുരേഷ് ഗോപിയാണോയെന്നു ചോദിച്ചു വിളിച്ച കുട്ടി, ഫോൺ ഇന്നസെന്റ് എംപിക്കു കൊടുക്കാമെന്നു പറഞ്ഞു കൈമാറി. പേരക്കുട്ടിയെ കൊണ്ടാണു സെക്രട്ടറിയുടെ പണി ചെയ്യിച്ചതെന്ന് ഇന്നസെന്റ്. രണ്ടു പാർട്ടികളിലും രണ്ടു സഭകളിലുമാണെന്നുവച്ച് അകൽച്ചയൊന്നും പാടില്ലെന്നു ലോക്സഭാംഗമായ ഇന്നസെന്റ് നിലപാടു വ്യക്തമാക്കി. ജയറാം, ദിലീപ്, പാർവതി, കാവ്യ മാധവൻ തുടങ്ങിയവരെല്ലാം ആനന്ദത്തിലാണ് ആശംസയറിയിച്ചത്. രാജ്യസഭാംഗമാകുന്നതിൽ സുരേഷ് ഗോപിക്ക് ഏറ്റവും സന്തോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, സ്മൃതി ഇറാനി, തനിക്കൊപ്പം രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ടെത്തിയ സുബ്രഹ്മണ്യം സ്വാമി തുടങ്ങിയവരുടെയെല്ലാം കിടിലൻ പ്രസംഗങ്ങൾ തൊട്ടടുത്തിരുന്നു കേൾക്കാമല്ലോയെന്നതാണ്. അവരിൽ നിന്നൊക്കെ പാഠങ്ങൾ ഉൾക്കൊണ്ടു മികച്ച രാഷ്ട്രീയ പ്രസംഗകനാകാൻ അൽപകാലമെടുക്കുമെന്നും ആവശ്യത്തിനു സമയമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ആറുവർഷംകൊണ്ട് എംപി ഫണ്ടിൽനിന്നു 12 കോടി ചെലവിടാനുള്ള പദ്ധതി ആസൂത്രണം ചെയ്യും. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിൽ എയർ കൂളർ സൗകര്യമുള്ള ബസ് ഷെൽട്ടർ പദ്ധതിക്കാണു മുൻഗണന. വാഹനാപകടത്തിൽ മരിച്ച മകൾ ലക്ഷ്മിയുടെ ഓർമയ്ക്കായി ഈ പദ്ധതി സ്വന്തം ചെലവിൽ നടപ്പാക്കാൻ നേരത്തേ കോർപറേഷനെ സമീപിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. കുടുംബത്തോടൊപ്പം ലെ മെറിഡിയൻ ഹോട്ടലിലെത്തിയ സുരേഷ് ഗോപി മാധ്യമ പ്രവർത്തകരെ നിരാശപ്പെടുത്തിയത് ഒരു കാര്യത്തിൽ മാത്രം. കുടുംബ ഫോട്ടോ എടുക്കാൻ മാത്രം സമ്മതിച്ചില്ല. മൂത്തമകൻ ഗോകുൽ സത്യപ്രതിജ്ഞയ്ക്കു തൊട്ടു മുൻപേ ഡൽഹിയിലെത്തുകയുള്ളൂ. ഗോകുൽ ഇല്ലാത്ത കുടുംബ ഫോട്ടോ പത്രത്തിൽ വന്നാൽ ഗോകുലിനു വിഷമമാകുമെന്നു സുരേഷ് ഗോപി സ്നേഹപൂർവം ഫൊട്ടോഗ്രഫറെ വിലക്കി.

Your Rating: