Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയസ്സൊക്കെ മമ്മൂക്കയ്ക്ക് വെറും കോമഡിയല്ലെ ചേട്ടന്മാരെ

mammootty ചിത്രം: മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിൽ നിന്നും

മമ്മൂട്ടിക്കെത്ര വയസ്സായി ? അതിപ്പൊ കാഴ്ചയിലൊരു നാൽപ്പത് നാൽപ്പത്തഞ്ച് ഏറിപ്പോയാൽ... ഇല്ല ഏറിപ്പോവില്ല. ഏറിപ്പോവുക പോയിട്ട് മമ്മൂക്കയുടെ ഒപ്പം പോകാൻ പോലുമാകുന്നില്ല പ്രായത്തിനും കാലത്തിനും. എത്ര വയസ്സായി എന്നു നേരിട്ടു ചോദിച്ചാൽ വയസ്സൊക്കെ വെറും കോമഡിയല്ലെ മക്കളെ എന്നു ചിരിച്ചു കൊണ്ട് അദ്ദേഹം തിരിച്ചു ചോദിച്ചേക്കും.

'സത്യം പറഞ്ഞാല്‍ എനിക്ക് അസൂയ ഉണ്ട് കേട്ടോ, ഇൗ കൂടെ പഠിക്കുന്ന പെമ്പിള്ളേരൊക്കെ മമ്മൂട്ടിയേപ്പോലെ നടക്കുക, മമ്മൂട്ടിയേപ്പോലെ ഇരിക്കുക എന്നൊക്കെ പറയുമ്പോഴെ' 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ നമ്പര്‍ 20 മദ്രാസ് മെയിലിലെ മോഹന്‍ലാലിന്റെ ടോണി കുരിശിങ്കല്‍ എന്ന കഥാപാത്രം പറയുന്ന ഡയലോഗാണിത്. സിനിമയ്ക്ക് പ്രായമായിട്ടും ടോണി കുരിശിങ്കൽ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലേക്ക് മാറിയിട്ടും പ്രായം തേടി വരാത്ത സൗന്ദര്യവുമായി മമ്മൂട്ടി ഇന്നും നിലനിൽക്കുന്നു. ഇന്നിപ്പൊ മകൻ ദുൽക്കർ ഏതെങ്കിലും സിനിമയിൽ ഇങ്ങനെയൊരു ഡയലോഗ് പറഞ്ഞാലും അത്ഭുതപ്പെടേണ്ട കാര്യമില്ല.

mammootty-trisur

അഭിനയരംഗത്ത് കൂടെ വന്നവരും, പിന്നാലെ വന്നവരും കാലം വീഴ്ത്തിയ ചുളിവുകളുമായി തിരശീലയ്ക്ക് പിന്നിലായിട്ടും തലയുയര്‍ത്തി തന്നെ നില്‍ക്കുകയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂക്ക. വര്‍ഷങ്ങൾ‌ കഴിയും തോറും ആ സൗന്ദര്യം കൂടി വരികയാണെന്നാണ് മലയാളികൾ വിശ്വസിക്കുന്നത്. എന്നാലും ഇദ്ദേഹം എങ്ങനെ ഇതു കാത്തു സൂക്ഷിക്കുന്നു ? ഒരിക്കലെങ്കിലും ഇങ്ങനെയൊർത്ത് അത്ഭുതപ്പെട്ടിട്ടുണ്ട് ഒരു സാദാ മലയാളി.

mammootty-mohanlal

ഒാരോ കാലത്തും ‍പുതിയ പുതിയ സൗന്ദര്യ സങ്കല്‍പങ്ങളും ട്രെൻഡുകളുമായി ആളുകള്‍ കടന്നു വരാറുണ്ടെങ്കിലും നില നിന്നു പോകുന്ന കാര്യത്തില്‍ ഇവരൊക്കെ പരാജയപ്പെടുന്നു. സിക്സ് പാക്കും, കഷണ്ടിയും, താടിയും അങ്ങനെ പല കോമാളിത്തരങ്ങളുമായി പലരും വന്നു പോയെങ്കിലും അവർക്കാർക്കും മമ്മൂട്ടിയെ കടത്തി വെട്ടാനായില്ലെന്നതാണ് സത്യം.
കാലാകാലങ്ങളിൽ അതത് ഫാഷൻ ട്രെൻഡുകള്‍ മനസ്സിലാക്കി അതിനനുസരിച്ച് സ്വയം മാറാന്‍ സാധിച്ചുവെന്നതിലാണ് മമ്മൂട്ടിയുടെ വിജയം. കൃത്യമായ വ്യായാമവും, കര്‍ശന ഭക്ഷണശീലങ്ങളുമൊക്കെയാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് മമ്മൂട്ടി പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും എല്ലാ കാര്യത്തിലും അപ്ഡേറ്റഡ് ആയിരിക്കുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന ഗുണം.

friends-story-mammootty-rajanikanth

390-ഒാളം ചിത്രങ്ങള്‍. പ്രേം നസീര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നായകവേഷം കൈകാര്യം ചെയ്ത നടന്‍. ഏറ്റവുമധികം സിനിമകളില്‍ ഇരട്ട വേഷങ്ങള്‍ ചെയ്ത നടന്‍. മൂന്ന് ദേശീയ അവാര്‍ഡുകള്‍, പത്മശ്രീ, അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍, മറ്റനവധി പുരസ്ക്കാരങ്ങള്‍. വിശേഷണങ്ങൾ ചോരിയാനാണെങ്കിൽ ഇടം പോരാതെ വരും.

mammootty

അഭിനയത്തിന്റെ കാര്യത്തില്‍ കേമനാരെന്ന തര്‍ക്കമുണ്ടാകാമെങ്കിലും സൗന്ദര്യത്തില്‍ മമ്മൂക്കയെ കവച്ചു വയ്ക്കാന്‍ ഇനിയൊരാൾ ജനിക്കണമെന്ന് ആരാധകരും പ്രേക്ഷകരും ഒരു പോലെ പറയും. കേരളീയരുടെ പുരുഷ സൗന്ദര്യ സങ്കല്‍പത്തിന് അന്നും ഇന്നും മമ്മൂട്ടി എന്നു തന്നെയാണ് അര്‍ത്ഥം. അതിന് പര്യായമായി പോലും മാറാന്‍ കഴിയുന്നവര്‍ ഉണ്ടായിട്ടില്ലെന്ന് പറയേണ്ടി വരും. കാലത്തെ അതിജീവിക്കുന്ന സൗന്ദര്യം എന്ന വരം ലഭിച്ച ആ ഒരേയൊരു മലയാളി ജൈത്രയാത്ര തുടരുകയാണ്. ഒപ്പം ആശംസകളും പ്രാർഥനകളും.
 

Your Rating: