Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസറിനെ ഭയക്കാതിരുന്നതാണ് എന്റെ ജയം

mamtha-snehathalam-cancer സ്നേഹതാളത്തിന്റെ സമാപനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ സിനിമാതാരം മംമ്താ മോഹൻദാസ് ജനങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കുന്നു.

ജീവിത പങ്കാളിയായി എത്തിയിട്ടും കാൻസറിനെ ഭയപ്പെടാത്തതാണു തന്റെ വിജയമെന്നു നടി മംമ്താ മോഹൻദാസ് പറഞ്ഞതിനു പശ്ചാത്തലമായി ആയിരങ്ങളുടെ കരഘോഷം മുഴങ്ങി. തിരുവനന്തപുരം ജിമ്മിജോർജ് സ്റ്റേഡിയത്തിൽ സ്നേഹതാളം പദ്ധതിയുടെ ആദ്യഘട്ട സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മംമ്ത. രോഗത്തെക്കുറിച്ച് അറിയുമ്പോഴുണ്ടാകുന്ന ഭീതി ആദ്യം മാറണം. ആരോഗ്യ മേഖലയിൽ വൻ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത് തുടക്കത്തിലേയുള്ള ചികിൽസ ഫലംനൽകും. രോഗനിർണയത്തിനു പരിശോധന നടത്തണമെന്നും മംമ്ത പറഞ്ഞു. ഇതേപോലുള്ള കൂട്ടായ്മ കൂടുതൽ ഊർജം പകരും. രോഗിയെന്ന ചിന്ത മാറ്റിവച്ച് നന്നായി ജീവിക്കാൻ കഴിയണം എന്നതാണു തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും മംമ്ത പറഞ്ഞു.

നൂറിൽപരം ക്യാംപുകളിലായി പതിനായിരം സ്ത്രീകളെ സ്തനാർബുദ പരിശോധനയ്ക്കു വിധേയമാക്കി സ്നേഹതാളം പദ്ധതി നാഴികക്കല്ലിൽ എത്തിയതിനോടനുബന്ധിച്ചായിരുന്നു ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ ചടങ്ങ്. ഈ ചടങ്ങ് സ്നേഹതാളം പദ്ധതിയുടെ സമാപനമല്ലെന്നും ഇടവേളയിലുള്ള നാഴികകല്ല് മാത്രമെന്നും അധ്യക്ഷനായിരുന്ന സ്വസ്തി ഫൗണ്ടേഷൻ ചെയർമാൻ ജേക്കബ് പുന്നൂസ് പറഞ്ഞു. സ്നേഹതാളം ജീവിത താളമായി മാറുകയാണെന്നും മറ്റുള്ളവരുടെ വേദന നമ്മുടെ വേദനയാകുമ്പോഴാണു നാം യഥാർഥ മനുഷ്യനായി തീരുന്നതെന്നും ചീഫ് സെക്രട്ടറി ജിജി തോംസൺ പറഞ്ഞു. മംമ്താ മോഹൻദാസിനെയും കീബോർഡ് വാദകനായ സ്റ്റീഫൻ ദേവസിയേയും സ്നേഹതാളത്തിന്റെയും സ്വസ്തി ഫൗണ്ടേഷന്റെയും ബ്രാൻഡ് അംബാസഡറായി ജിജി തോംസൺ പ്രഖ്യാപിച്ചു. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ബിഷപ് സാമുവൽ മാർ ഐറേനിയസ്, എബി ജോർജ്, ഗോപിനാഥ് മുതുകാട്, ജി. വേണുഗോപാൽ, ശരണ്യമോഹൻ, മഞ്ജുപിള്ള, വിജയൻതോമസ്, രാജമൂർത്തി, മനോജ് ഗോകുലം, ഷീജ, രാജ്മോഹൻ, എസ്. ഗോപിനാഥ്, മർക്കോസ് ഏബ്രഹാം, സാബു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

കേരള തനിമയിൽ തിരുവാതിര ചുവടുകളോടെയായിരുന്നു തുടക്കം. ആയിരത്തിഅഞ്ഞൂറു വനിതകൾ പങ്കെടുത്ത തിരുവാതിര ചിട്ടപ്പെടുത്തിയതു പത്മജാ രാധാകൃഷ്ണനാണ്. സോപാന സംഗീത ഗായിക സുധാവാരിയരുടെ ഇടയ്ക്ക വായിച്ചുള്ള അഷ്ടപദിക്കു ശേഷമായിരുന്നു തിരുവാതിര. കാർത്യാനി, ദേവി മോഹൻ, ഡിംപിൾ മോഹൻ എന്നിവരും പത്മജയ്ക്കൊപ്പം തിരുവാതിരയ്ക്കു യുവതികളെ ചിട്ടപ്പെടുത്തി. സ്റ്റീഫൻ ദേവസി നയിച്ച ഫ്യൂഷൻ സംഗീതവും ഗോപിനാഥ് മുതുകാടിന്റെ കാൻസറിനെതിരെയുള്ള ബോധവൽകരണ മാജിക്കും രാജമൂർത്തിയുടെ ഷാഡോപ്ലേയും, അരങ്ങേറി. ഡോ. റെജി പോളിന്റെ നേത്വത്തിലായിരുന്നു സ്നേഹതാളം ക്യാംപുകൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.