Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവന്റെ മാത്രം രാജ്യമല്ല ഇന്ത്യ; കമലിനെ പിന്തുണച്ച് മാമൂക്കോയ

mamukoya-kamal

സംവിധായകൻ കമലിനെതിരായ പ്രതിഷേധം അനാവശ്യമെന്ന് നടൻ മാമുക്കോയ. ‘പ്രതികരിക്കാൻ പോയാൽ നമ്മളെ തിന്നാൻ വരുന്ന അവസ്ഥയാണ്. രാഷ്ട്രീയമായി എനിക്ക് ഇത്രയും കാലം ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ല. എല്ലാവർക്കും വ്യക്തിപരമായി രാഷ്ട്രീയമുണ്ടാകും. ഇന്ന് രാഷ്ട്രീയ മര്യാദയൊക്കെ നഷ്ടമായി. പണ്ട് രാഷ്ട്രീയമായി ആശയത്തോട് എതിർപ്പുണ്ടെങ്കിലും പരസ്‌പരം ആളുകൾക്ക് ബഹുമാനിക്കാനൊക്കെ അറിയാമായിരുന്നു. എന്നാൽ ഇന്ന് അതൊന്നുമില്ല. ഇന്ന് ആളുകൾക്ക് അഭിപ്രായം പറയാൻ ഭയമുണ്ടെന്നു പറയുന്നത് പറയുന്നവന്റെ കുറ്റമല്ല, അത് വ്യാഖാനിച്ചെടുക്കുന്നവരുടെ വിവരക്കേടാണ്.

എന്നോട് രാജ്യം വിട്ടുപോകാൻ പറയാൻ ആർക്കും അവകാശമില്ല. അവന്റെ മാത്രം രാജ്യമല്ലല്ലോ ഇന്ത്യ. അവന്റേതും എന്റേയും കൂടിയാണ് ഇൗ രാജ്യം. ഇന്ത്യ പൊതുജനങ്ങളുടേതാണ്. മതത്തിന്റേയോ രാഷ്ട്രീയത്തിന്റേയോ ഭാഗമല്ല. എല്ലാമക്കളുടേതുമാണ് ഇന്ത്യ. നേതാക്കളോ അണികളോ ആര് ഇത്തരം കാര്യങ്ങൾ പറഞ്ഞാലും അത് വിവരക്കേടാണ്.

കമൽ എന്തു തീവ്രവാദ പ്രവർത്തനമാണ് നടത്തിയതെന്ന് അവർ കമലിനെ പറഞ്ഞു മനസിലാക്കിക്കൊടുക്കട്ടെ. അപ്പോഴല്ലേ അദ്ദേഹത്തിനതു തിരുത്താൻ കഴിയൂ. ജാതിയും മതവുമൊക്കെ മറന്ന് രാജ്യത്തെ ജനങ്ങൾ അധ്വാനിച്ച് നേടിയതാണ് ഇൗ രാജ്യത്തെ സ്വാതന്ത്ര്യം. അത് വിഘടിപ്പിക്കാൻ ശ്രമിക്കരുത്. ഇത് നല്ല സൂചനയല്ല. വേദനയുണ്ടാക്കുന്നതാണ് ഇത്തരം കാര്യങ്ങൾ. എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളും ഇന്ത്യയിലെ സന്തതികളുമാണ്.

എനിക്ക് മതത്തിന്റെ പേരിൽ അത്തരത്തിൽ ഒരനുഭവവും ഉണ്ടായിട്ടില്ല. എംടിയുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്യാനൊന്നും ഇൗ നാട്ടിൽ ആരും വളർന്നിട്ടില്ല. വാസുവേട്ടൻ മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്. അദ്ദേഹത്തെ ഒറ്റപ്പെടാൻ അനുവദിക്കരുത്., മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾ അവഗണിക്കുകയാണ് വേണ്ടത്, മാമുക്കോയ മനോരമ ഒാൺലൈനോട് പറഞ്ഞു.

Your Rating: