Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോട് മത്സരിക്കാൻ ? ഞാനില്ലെന്ന് മഞ്ജു വാര്യർ

manju..

തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളമെത്തിക്കഴിഞ്ഞു. ആരാകും സ്ഥാനാർഥിയെന്ന ചോദ്യങ്ങളിൽ സിനിമാ താരങ്ങളുടെ പേരും ശക്തമായി പറഞ്ഞു കേൾക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവുമൊടുവിലെത്തിയിരിക്കുന്ന പേര് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യറുടേതാണ്.

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി മഞ്ജുവിനെ പരിഗണിക്കുന്നുവെന്നും മഞ്ജുവാണ് നയിക്കുന്നതെന്നതുമടക്കമുള്ള വാർത്തകൾ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. സത്യത്തിൽ മഞ്ജു ഇക്കാര്യം അറിഞ്ഞിട്ടു പോലുമില്ല.

‘എവിടെയാണ് ഇത്തരം വാർത്തകളുടെ ഉറവിടമെന്നറിയില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്റെ പേരിൽ ഉയർന്നു വന്ന പുതിയ വാർത്ത തെറ്റാണ്. ഈ വാർത്തയെ കുറിച്ച് എനിക്കൊന്നുമറിയില്ല’. മഞ്ജു മനോരമ ഓൺലൈനോട് പറഞ്ഞു.

സിനിമയിൽ നിന്ന് ജനങ്ങളുടെ നേതാവാകാൻ നിരവധി പേരെത്തുന്നുവെന്ന വാർത്തകളാണ് എവിടെയും. ഇതിൽ സിദ്ധിഖും, ജഗദീഷും സാധ്യതാ പട്ടികകളിൽ ഇടംപിടിച്ച് കഴിഞ്ഞു. സിദ്ധിഖ് അരൂറും ജഗദീഷ് പത്തനാപുരത്തുമാണ് മത്സരിക്കുക എന്നാണ് ആദ്യ സൂചനകൾ. അതിനിടയിലേക്കാണ് മഞ്ജുവിന്റെ പേര് തിരുവനന്തപുരം സെൻട്രലിലേക്ക് ബിജെപി മഞ്ജുവിന്റെ പേര് പരിഗണിക്കുന്നുവെന്ന വാർത്തകൾ ചില മാധ്യമങ്ങളിൽ വന്നത്. മേനകാ സുരേഷിന്റെ പേരും ഇവിടേക്ക് മത്സരിപ്പിക്കാനും ബിജെപി ആലോചിക്കുന്നുണ്ടെന്നും വാർത്തകൾ പരക്കുന്നുണ്ട്. ആരോപണങ്ങളും മറുപടികളും പറഞ്ഞ് താരങ്ങളും പൊറുതിമുട്ടിക്കഴിഞ്ഞു.

സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് തെരഞ്ഞടുപ്പിലേക്ക് വരുന്ന താരങ്ങൾക്ക് എത്രമാത്രം ജനപിന്തുണ കിട്ടുമെന്ന് കാത്തിരുന്നു കാണണം. തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മലയാളികളുടെ കണിശത അത്രത്തോളമാണ്. ശക്തമായ രാഷ്ട്രീയ നിലപാടുകളുള്ള മലയാളി സമൂഹത്തിനു മുന്നിൽ ആരു വന്നാലും നന്നായി വിയർപ്പൊഴുക്കേണ്ടി വരും നിയമസഭയിലെ ഒരു സീറ്റിലിരിക്കുവാൻ.

Your Rating: