Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോഹിതദാസിന്റെ ഓര്‍മകളിൽ ഭാനുമതി

lal-manju

മഞ്ജു വാരിയറിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ലോഹിതദാസ് സംവിധാനം ചെയ്ത കന്മദത്തിലെ ഭാനുമതി എന്ന കഥാപാത്രം. മഞ്ജുവാര്യരെ മുന്നില്‍ കണ്ടുകൊണ്ടാണ് ലോഹിതദാസ് കന്മദം എഴുതുന്നത്. അതിലെ നായിക ഭാനുമതി എഴുതിതീരുമ്പോള്‍ മഞ്ജു തന്നെയായിരുന്നു തന്റെ മനസ്സിലെന്ന് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്.

ലോഹിതദാസിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമർപ്പിച്ച് മഞ്ജു വാരിയർ. ലോഹിതദാസ് ഓർമയായിട്ട് ഏഴ് വർഷം പിന്നിടുന്ന ദിവസത്തിലാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പ്.

‘കന്മദം എന്ന വാക്കിന് 'കല്ലിൽ നിന്നൂറി വരുന്നത്' എന്ന് അർഥമുണ്ട്. അങ്ങനെനോക്കിയാൽ ലോഹിസാർ 'കന്മദം' ആയിരുന്നു. കരിങ്കല്ലുപോലുള്ള ജീവിതാനുഭവങ്ങളിൽ നിന്ന് കിനിഞ്ഞിറങ്ങിയ വീര്യവത്തായ പ്രതിഭ. കടന്നുപോയിട്ട് ഇന്ന് ഏഴുവർഷമായെങ്കിലും ലോഹിസാറിന്റെ അസാന്നിധ്യം എനിക്ക് ഒരിക്കലും അനുഭവപ്പെടുന്നില്ല. അനുഗ്രഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു കൈപ്പടം എപ്പോഴും മൂർദ്ധാവിനുമീതേയുണ്ടെന്ന തോന്നൽ.

ഇന്നും ആദ്യഷോട്ടിന് മുമ്പ് മനസ്സാപ്രണമിക്കും. ഷൊർണൂർ ഗസ്റ്റ് ഹൗസിൽ വച്ച് ആദ്യമായി കണ്ടപോലെ തന്നെയാണ് ഇപ്പോഴും ഉള്ളിൽ. ലോഹിതദാസ് എന്ന വലിയ മനുഷ്യൻ പാഠങ്ങളായും പാദമുദ്രകളായും ഇന്നും എനിക്ക് മുമ്പേയുണ്ട്. അതിനുപിന്നാലെയാണ് യാത്ര. ഇന്നലെയും ഒരാൾ പറഞ്ഞു: 'കന്മദത്തിലേതുപോലെയുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്ന്'. സല്ലാപം മുതൽ കന്മദം വരെയുള്ളവയിലെ കഥാപാത്രങ്ങളിലൂടെ ലോഹിസാർ പകർന്നുതന്നതേയുള്ളൂ കൈക്കുള്ളിൽ. അതുകൂപ്പി, ഓർമകളെ ചേർത്തുപിടിച്ച് ഒരിക്കൽക്കൂടി പ്രണാമം...’–മഞ്ജു പറഞ്ഞു. 

Your Rating: