Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

13000 അടി ഉയരത്തിൽ നിന്നു താഴേക്ക് ചാടി മീരാ നന്ദൻ

meera

സ്വപ്നത്തിലെങ്കിലും ആകാശത്തിലൂടെ ഒന്നു പറക്കാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്. ഏറെ ആഗ്രഹിച്ചിരുന്ന ആ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് നടി മീരാ നന്ദന്‍. 13000 അടി ഉയരത്തില്‍ നിന്നും താഴേക്ക് ചാടിയാണ് മീരാ നന്ദന്‍ തന്റെ ആഗ്രഹം സാധിച്ചത്. ദുബായ് സ്‌കൈ ഡൈവിംഗിന്റെ അനുഭവങ്ങളും വീഡിയോയും മീര ഫേസ്‌ബുക്കിലൂടെ പങ്കുവച്ചു. ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്കൈ ഡൈവിംഗിന്റെ ഭാഗമാകണമെന്നും എല്ലാവരോടും നിര്‍ദേശിക്കുകും ചെയ്തു.

‘ആകാശത്തു കൂടി പറക്കണമെന്നായിരുന്നു പണ്ടേയുള്ള മോഹം... പക്ഷേ, ചിറകുകളില്ലാതെ അത് സാധിക്കില്ലല്ലോ. എന്നാൽ ഇന്നലെ അതു സാധിച്ചു. ജോലിയുമായി ബന്ധപ്പെട്ട് ദുബായിൽ താമസിച്ചുതുടങ്ങിയ കാലം മുതൽ കേട്ടതാണ് ദുബായ് സ്കൈഡൈവിനെ കുറിച്ചും അതിന്റെ ത്രില്ലുകളെ കുറിച്ചും. സുഹൃത്തുക്കൾ പലരും സ്കൈഡൈവിങ് ചെയ്തതിന്റെ വിഡിയോ കാണിച്ചുതന്നിരുന്നു. അതോടെ ആ മോഹത്തിന് നാമ്പുമുളച്ചു. കാത്തിരുന്ന് കാത്തിരുന്ന് ഇന്നലെ അത് സാധിച്ചപ്പോൾ ആകാശം കീഴടക്കിയ സന്തോഷം.’ മീര പറഞ്ഞു.

‘നോക്കൂ, കണ്ണുതുറന്ന് ഈ കാഴ്ചകൾ കാണൂ...’ ഇൻസ്ട്രക്ടർ പറയുന്നതുകേട്ടാണ് കണ്ണുതുറന്നത്. മുന്നിൽ കടലുപോലെ കാണാക്കാഴ്ചകൾ. ആദ്യം ഭയം തോന്നി. പിന്നെ സന്തോഷം തിരത്തള്ളി വന്നു. അങ്ങകലെ പച്ചപ്പിന്റെ തിര... കടലിന്റെ നീലിമ... കെട്ടിടങ്ങളും വാഹനങ്ങളുമെല്ലാം പൊട്ടുകൾ പോലെ. പല നിറങ്ങൾ ചേർത്തുവച്ച കൊളാഷ് പോലെ ഭൂമി. 13000 അടി ഉയരത്തിൽ നിന്നാണ് സ്കൈഡൈവ് ചെയ്തത്. ആ ആലോചനയിൽ പോലും എനിക്ക് സന്തോഷം സഹിക്കാൻ പറ്റുന്നില്ലായിരുന്നു. ഉറക്കെ കൂവിവിളിക്കണമെന്ന് തോന്നി. പക്ഷേ, സാധിച്ചില്ല. കൈകൾ വിരിച്ച് ഒരു തൂവൽ പോലെ താഴേക്ക് പറന്നു.’

‘പറയുമ്പോലെ അത്ര നിസാരമല്ല സ്കൈ ഡൈവിങ്. നന്നായി തയാറെടുക്കണം. ഫിസിക്കലി എത്ര തയാറെടുപ്പുകളും നടത്തിയിട്ടും കാര്യമില്ല. അത്ര ഉയരത്തിൽ നിന്ന് ജീവനും കൈയിൽ പിടിച്ച് ചാടാൻ മനസ്സിനെയാണ് പാകപ്പെടുത്തേണ്ടത്. എവിടെയെങ്കിലും ഒന്നു പിഴച്ചാൽ മരണം ഉറപ്പ്. അതുകൊണ്ടുതന്നെ പേടിയുണ്ടായിരുന്നു. പക്ഷേ, പേടിയേക്കാൾ വലുതല്ലേ എക്സൈറ്റ്മെന്റ്.’

ഗോൾഡ് എഫ്എമ്മിൽ കൂടെ ജോലിചെയ്യുന്ന രജിൻ നേരത്തേ സ്കൈ ഡൈവിങ് ചെയ്തിട്ടുണ്ട്. അവനാണ് എല്ലാ കാര്യങ്ങളും പറഞ്ഞുതന്നത്. ചാടും മുമ്പ് വേണ്ട നിർദേശങ്ങഴെല്ലാം ഇൻസ്ട്രക്ടർമാരിൽ നിന്നും കിട്ടും. ഫ്രീ ഫോൾ ചെയ്യുന്ന സമയത്ത് വെറുതേ കിടക്കുകയേ ചെയ്യാവൂ. ശരീരത്തിന് ബലം കൊടുക്കരുത്, കാൽമുട്ട് അൽപം മടങ്ങിയിരിക്കണം. ലാൻഡ് ചെയ്യുമ്പോൾ കാലുകൾ 90 ഡിഗ്രി അകലത്തിൽ വയ്ക്കണം. അപ്പോൾ വീണുപോകില്ല. എനിക്ക് ലാൻഡ് ചെയ്യുന്നതിന് പ്രശ്നമൊന്നും വന്നില്ല. മീര പറഞ്ഞു.