Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിനിമൽ പോസ്റ്ററാണ് കിടിലൻ

aashiq-poster

സിനിമയോളം തന്നെ പ്രായമുണ്ട് അതിന്‍റെ പ്രചാരണകലയായ പരസ്യകലയ്ക്കും. ചെണ്ട കൊട്ടി വിളംബര നടത്തിയിരുന്ന കാലത്തില്‍ തുടങ്ങി നോട്ടീസ് വിതരണത്തിന്‍റെയും അനൗണ്‍സ്മെന്‍റിറ്റേയും കാലത്തിലൂടെ കടന്ന് ഫസ്റ്റ്ലുക്ക് പോസ്റ്ററിലും മൊഷന്‍ പോസ്റ്ററിലും എത്തിനില്‍ക്കുന്നു ഈ കല. വൈശാലിയുടെയും ചാന്ത്പൊട്ടിന്‍റെയും സലാല മൊബൈലിസിന്‍റെയും ഡിസൈനിങ് ഫോണ്ടുകള്‍ പോലും മലയാളിയുടെ മനസ്സില്‍ ചേക്കറുമ്പോളാറിയാം പരസ്യകലയുടെ സ്വാധീനം എത്രത്തോളമുണ്ടെന്ന്.

മിനിമല്‍ സിനിമ പോസ്റ്റേഴ്സിലൂടെ പരസ്യകലയില്‍ വ്യത്യസ്തമായൊരു മാതൃക തീര്‍ക്കുകയാണ് മഞ്ചേരി സ്വദേശി ആഷിക്ക് മജീദ്. സിവില്‍ എന്‍ജിനീയറിങ് ബിരുദാധാരിയായ ആഷിക്ക് കോണ്‍ക്രീറ്റിനോടും സിമന്‍റിനോടും സലാം പറഞ്ഞാണ് പ്രൊഫഷന്‍ വിട്ട് പാഷനിലേക്ക് ചെക്കേറുന്നത്. മിനിമല്‍ സിനിമാ പോസ്റ്റേഴ്സിന്‍റെ സാധ്യതകളെക്കുറിച്ച് വാചാലനാകുന്നു ആഷിക്ക്.

മിനിമല്‍ സിനിമ പോസ്റ്ററിന്‍റെ പ്രചോദനം എവിടെ നിന്നാണ്

മിനിമല്‍ സിനിമാ പോസ്റ്റര്‍ എന്ന ആശയം പുതിയതല്ല. മലയാളത്തില്‍ അതിനു വലിയ പ്രചാരം ലഭിച്ചിട്ടില്ല എന്നുമാത്രം. ഹോളിവുഡ് സിനിമകളില്‍ മിനിമല്‍ പോസ്റ്റേഴ്സിന്‍റെ സാധ്യതകള്‍ ഏറെ പരീക്ഷിക്കപ്പെടുന്നുണ്ട്. 'The Shawshank Redemption' എന്ന സിനിമക്കു വേണ്ടി തയ്യാറാക്കിയ മിനിമല്‍ പോസ്റ്റേഴ്സാണ് മലയാളത്തില്‍ ഇത്തരത്തിലൊരു പരീക്ഷണം നടത്താന്‍ എന്നെ പ്രചോദിപ്പിച്ചത്. 'The Shawshank Redemption' ന്‍റെ മിനിമല്‍ പോസ്റ്റേഴ്സ് ലളിതവും അതേസമയം ആ സിനിമയുടെ ആശയം പ്രേക്ഷകരുമായി കൃത്യമായി സംവദിക്കുന്നതുമായിരുന്നു.

minimal-malayalam-movie

മിനിമല്‍ പോസ്റ്റേഴ്സിലൂടെ ആഷിക്ക് പറയാന്‍ ശ്രമിക്കുന്നത്

ഒരു സിനിമയുടെ ഉള്ളടക്കം അല്ലെങ്കില്‍ അന്തഃസത്ത ഒരൊറ്റ പോസ്റ്ററിലൂടെ പറയാനാണ് ഞാന്‍ ശ്രമിക്കുന്നത്. സിനിമ കണ്ടിറങ്ങുന്ന ഒരാള്‍ക്ക് മിനിമല്‍ പോസ്റ്ററുമായി സിനിമയെ അസോസിയേറ്റ് ചെയ്യാന്‍ കഴിയുന്നിടത്താണ് എന്‍റെ വിജയം.

മിനിമല്‍ പോസ്റ്റേഴ്സിനു ലഭിച്ച പ്രതികരണങ്ങളില്‍ മറക്കാന്‍ കഴിയാത്തവ

ബാഹുബലിയുടെ സംവിധായകന്‍ രാജമൗലി, അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള, നിവിന്‍ പോളി, ആഷിക്ക് അബു, അന്‍വര്‍ റഷീദ്,മുരളിഗോപി ഇവരെല്ലാം നേരിട്ട് അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പോസ്റ്ററുകളിലെ പേഴ്സണല്‍ ഫേവറിറ്റ്സ്

എണ്‍പതോളം പോസ്റ്റേഴ്സ് ഇതിനോടകം ചെയ്തു. ഉസ്താദ് ഹോട്ടല്‍, ദൃശ്യം, മഹേഷിന്‍റെ പ്രതികാരമൊക്കെയാണ് പേഴ്സണല്‍ ഫേവറിറ്റ്സ്. ഈ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് എനിക്ക് ലഭിച്ചത്.

minimal-poster

പോസ്റ്റര്‍ ഡിസൈനിങ് പാഷന്‍ മാത്രമാണോ

ആദ്യം ഒരു പാഷന്‍റെ പുറത്താണ് ചെയ്തു തുടങ്ങിയത്. പിന്നീട് കൊമേഴ്സില്‍ ഓപ്പണിങ്സും ഉണ്ടായി. അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്ന്‍മന്‍റുമായി സഹകരിക്കുന്നുണ്ട്. ബാംഗ്ലൂര്‍ ഡേയിസിന്‍റെ 150ാം-ദിന ആഘോഷത്തിന്‍റെയും പ്രേമത്തിന്‍റെ 250ാം ദിനാഘോഷത്തിന്‍റെയും മൊമന്‍റോകള്‍ തയ്യാറാക്കിയിരിക്കുന്നത് എന്‍റെ പോസ്റ്റഴ്സ് ഉപയോഗിച്ചിട്ടാണ്. തട്ടത്തിന്‍ മറയത്തിന്‍റെ തമിഴ് റീമേക്കിനു വേണ്ടിയും ആക്ഷന്‍ ഹീറോ ബിജുവിനു വേണ്ടിയും മിനിമല്‍ പോസ്റ്ററുകള്‍ ചെയ്തിരുന്നു.

റിലീസിനു ശേഷം പോസ്റ്റ്ര്‍ ചെയ്യുന്ന രീതിക്കു മാറ്റം വരുമോ

റിലീസിനു ശേഷം മിനിമല്‍ പോസ്റ്റേഴ്സ് ചെയ്യുന്നതാണ് എനിക്കിഷ്ടം. സിനിമയുടെ അന്തഃസത്തയോ പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന സീനുകളോ ആണ് പോസ്റ്റേഴ്സിലൂടെ പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ആദ്യ ദിനം സിനിമ കണ്ടതിനു ശേഷം രണ്ടാം ദിനം പോസ്റ്റേഴ്സ് ഡിസൈന്‍ ചെയ്യുകയാണ് പതിവ്. സിനിമ കണ്ടിറങ്ങുമ്പോള്‍ പെട്ടെന്ന് ഓര്‍മയില്‍ വരുന്ന ഒരു മൂഹുര്‍ത്തമോ സിനിമയുടെ മൊത്തം മൂഡിനെ പ്രതിനിധികരിക്കുന്ന വിഷയമോമാണ് പോസ്റ്ററിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുന്നത്.

തട്ടത്തിന്‍ മറയത്തിന്‍റെ തമിഴ് റീമേക്കിനു വേണ്ടി പോസ്റ്റേഴ്സ് തയ്യാറാക്കുമ്പോള്‍ ഉണ്ടായിരുന്ന മെച്ചം ആ സിനിമ മലയാളത്തില്‍ കണ്ടു മനസ്സില്‍ പതിഞ്ഞിരുന്നുവെന്നതാണ്.

ആക്ഷന്‍ ഹീറോ ബിജുവിനു വേണ്ടി പോസ്റ്റര്‍ ചെയ്തപ്പോള്‍ സാഹചര്യം നേര്‍വീപരിതമായിരുന്നു. ബിജുവിനു വേണ്ടി ആദ്യം ചെയ്ത പോസ്റ്റേഴ്സ് മാറ്റി ചെയ്തിരുന്നു. ആദ്യം ചെയ് പോസ്റ്റേഴ്സ് കണ്ടാല്‍ പ്രേക്ഷകര്‍ക്ക് സിനിമയെക്കുറിച്ച് അമിത പ്രതീക്ഷയുണ്ടാകുമെന്ന ആശങ്ക സംവിധായകന്‍ പങ്കുവെച്ചതുകൊണ്ടാണ് പോസ്റ്റേഴ്സ് മാറ്റി ചെയ്തത്.

minimal-movies

സിനിമ കണ്ടതിനു ശേഷം പോസ്റ്റേഴ്സ് ചെയ്യുന്നതാകും ഉചിതമെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. പിന്നെ പോസ്റ്റേഴ്സിന്‍റെ ലൈഫ് റിലീസിങ് സമയത്ത് മാത്രമല്ലല്ലോ. ചിത്രത്തിന്‍റെ അന്‍പതാം ദിവസത്തിലും നൂറാംദിനത്തിലുമൊക്കെ മിനിമല്‍ പോസ്റ്റേഴ്സിന്‍റെ സാധ്യത പ്രയോജനപ്പെടുത്താമല്ലോ.

സോഷ്യല്‍ മീഡിയയും പോസ്റ്റേഴ്സും

മിനിമല്‍ പോസ്റ്റേഴ്സിന്‍റെ ഫ്ലാറ്റ്ഫോം സോഷ്യല്‍ മീഡിയ തന്നെയാണ്. അനന്തമായ സാധ്യതയാണ് സോഷ്യല്‍ മീഡിയ തുറന്നിടുന്നത്. ഫേയ്സ്ബുക്കില്‍ ജിഫ് പോസ്റ്റുകള്‍ അനുവദിച്ചതോടെ സാധ്യതകള്‍ കൂടി. ആക്ഷന്‍ ഹീറോ ബിജു, മഹേഷിന്‍റെ പ്രതികാരം സിനിമകള്‍ക്കു വേണ്ടി ചെയ്ത ജിഫിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

എന്താണ് സ്വപ്നം

ഞാന്‍ ഇപ്പോള്‍ കോഴിക്കോട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ക്രീയേറ്റീവ് ഹെഡായി ജോലി ചെയ്യുന്നു. പഠിച്ചത് സിവില്‍ എന്‍ജിനീയറിങ് ആണെങ്കിലും എനിക്ക് ഈ സിമന്‍റിന്‍റെയും കമ്പിയുടെയും ലോകം ഇഷ്ടമായിരുന്നില്ല. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ പൂര്‍ണ തൃപ്തനാണ്. ചലച്ചിത്ര സംവിധാനാകുക എന്നതാണ് സ്വപ്നം. ഉടനെയുണ്ടാവില്ല. ഇപ്പോഴത്തെ ജോലിയുടെ ഭാഗമായി ഒട്ടേറെ പരസ്യചിത്രങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ കഴിയുന്നുണ്ട്. പരസ്യചിത്ര നിര്‍മാണത്തിലെ അനുഭവങ്ങള്‍ ഭാവിയില്‍ സംവിധാനത്തില്‍ മുതല്‍ക്കൂട്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

Your Rating: