Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നരേന്ദ്രൻ മുതൽ മുരുകൻ വരെ

lal-magic

മോഹൻലാലും കടലും ഒരുപോലെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലനേരങ്ങളിൽ ശാന്തമായി ഉയർച്ചകളില്ലാതെ ഒഴുകും. പെട്ടന്നായിരിക്കും ഉയർച്ചയുടെ ഒരു സുനാമി ആഞ്ഞടിക്കുന്നത്. കടലിലെ തിരപോലെ മോഹൻലാലിന്റെ അഭിനയജീവിതത്തിലും വൻഉയർച്ചകളും വൻവീഴ്ച്ചകളും ഉണ്ടായിട്ടുണ്ട്. ഇത്തരം വൻവീഴ്ച്ചകൾ പലപ്പോഴും വൻവിജയത്തിന് മുന്നോടിയായിരിക്കും. സ്ഥായിയായി കടൽ ശാന്തമാകാത്തതുപോലെ. കടലാഴങ്ങളിലെ വിസ്മയങ്ങൾപോലെയാണ് മോഹൻലാലിന്റെ അഭിനയവിസ്മയങ്ങളും. അഭിനയിക്കാൻ യാതൊന്നും ബാക്കിയില്ല ഇനി ഒരു മോഹൻലാൽ കാലമുണ്ടാകില്ല എന്നൊക്കെ വിമർശനങ്ങൾ ഉയരുമ്പോഴാകും വിസ്മയിപ്പിച്ചുകൊണ്ട് വീണ്ടും എത്തുന്നത്.

അതാകട്ടെ മോഹൻലാലിന് മാത്രം ചെയ്യാൻ പറ്റുന്ന വേഷവുമായിരിക്കും. പുലിമുരുകനെയും വിസ്മയം എന്നു തന്നെ വിശേഷിപ്പിക്കാം. മോഹൻലാലിന്റെ അഭിനയജീവിതത്തെ തന്നെ പലകാലഘട്ടങ്ങളായി തിരിക്കാം. മഞ്ഞിൽ വരിഞ്ഞപൂക്കൾ മുതൽ– നാടോടികാറ്റു വരെ, കിലുക്കത്തിന് മുമ്പും– സ്ഫടികത്തിന് ശേഷവും ആറാംതമ്പുരാൻ മുതൽ തന്മാത്രവരെ, പ്രണയം മുതൽ ദൃശ്യം വരെ അങ്ങനെ ഉയർച്ചതാഴ്ച്ചകളുടെ ഒരു അഭിനയകടലാണ് മോഹൻലാൽ. ഈ കടലിൽ നിന്നും അവസാനം ഉയർന്നുവന്ന പുലിമുരുകൻ– മോഹൻലാലിന്റെ കരിയറിനെ മാത്രമല്ല, മലയാളസിനിമയെക്കൂടി കാലഘട്ടമായി തിരിക്കാൻ ഉതകുന്നതാണ്. പുലിമുരുകൻ മുമ്പും അതിനുശേഷവുമുള്ള മലയാളസിനിമ എന്നുതന്നെ പറയേണ്ടി വരും. ഇന്ത്യൻസിനിമയെ ബാഹുബലിയ്ക്ക് മുമ്പും അതിനുശേഷവും എന്നു വിഭജിക്കുന്നതുപോലെതന്നെ മലയാളസിനിമയുടെ കാലഘടന നിർവചിക്കാൻ സാധിക്കുന്ന ഒന്നായി പുലിമുരുകൻ മാറിയിരിക്കുകയാണ്. ഈ അവസരത്തിൽ മോഹൻലാലിന്റെ അഭിനയജീവിതത്തിലേക്ക് ഒരു തിരനോട്ടം അനിവാര്യമാണ്. മോഹൻലാലിന് മാത്രം സാധിക്കുന്ന ചില കഥാപാത്രങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം.

spadikam-trailer

പഞ്ചാഗ്നി മുതൽ പാദമുദ്ര വരെ

മോഹൻലാൽ എന്നു നല്ലനടന്റെ ഉദയമായിരുന്നു പഞ്ചാഗ്നി മുതൽ പാദമുദ്രവരെയുള്ള സിനിമകൾ. ലോ ബജറ്റ് സിനിമകളിലെ വില്ലൻ വേഷങ്ങളിൽ നിന്നും കൂട്ടുകാരൻ വേഷങ്ങളിൽ നിന്നും മാറി അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലേക്കുള്ള ചുവടുമാറ്റമായിരുന്നു ഈ കാലഘട്ടം. പഞ്ചാഗ്നിയിലെ റഷീദിന്റെ ഉള്ളിൽ എരിഞ്ഞ തീയുടെ, വേദനയുടെ കനൽ ഇന്നും മലയാളി മറന്നിട്ടുണ്ടാവില്ല.

ഈ കാലഘട്ടങ്ങളിൽ തന്നെയായിരുന്നു എക്കാലത്തെയും മികച്ച ചിത്രങ്ങളായ തൂവാനത്തുമ്പികളും താളവട്ടവും ടി.പി.ബാലഗോപാലൻ എം.എയും രാജാവിന്റെ മകനുമെല്ലാം ഇറങ്ങിയത്. ഒരു സിനിമയിൽ കണ്ട മോഹൻലാലിനെയാവില്ല മറ്റൊന്നിൽ കാണാൻ സാധിക്കുന്നത്. അധോലോകനായകൻ സാഗർ ഏലിയാസ് ജാക്കിയായി തിളങ്ങിയ വ്യക്തിയാണ് താളവട്ടത്തിലെ വിനുവായി എത്തി പ്രേക്ഷകരെ കരയിപ്പിച്ചത്.

mohanlal-padmarajan

മോഹൻലാലിന്റെ അഭിനയജീവിതത്തിലെ സുവർണ്ണമുദ്ര എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് ആർ.സുകുമാരൻ സംവിധാനം ചെയ്ത പാദമുദ്ര. അച്ഛനും മകനുമായി ഇരട്ടവേഷത്തിൽ മോഹൻലാൽ വെള്ളിത്തിരയിലെത്തിയപ്പോൾ തകർന്നടിഞ്ഞത് അത്രയും നാൾ മലയാളത്തിലും തമിഴിലുമൊക്കെ നിലനിന്നിരുന്ന ക്ലീഷേ അച്ഛൻ മകൻ ഇരട്ടവേഷങ്ങളായിരുന്നു. മുത്തുപ്പണ്ടാരമായും കുട്ടപ്പനായു അഭിനയിക്കുന്നത് ഒരേ അഭിനേതാവ് തന്നെയോ എന്ന സംശയംപോലും പ്രേക്ഷകനുണ്ടാകും. അഭാസനായ മുത്തുപ്പണ്ടാരവും പാവത്താനായ മകൻ കുട്ടപ്പനും മോഹൻലാലിന്റെ കൈകളിൽ സുഭദ്രം. പാദമുദ്രയിലെ കാവടിയേന്തിയുള്ള ചുവടുവെയ്പ്പുകളുടെ തനിയാവർത്തനാമായിരുന്നു നരനിലും നമ്മൾ കണ്ടത്.

സണ്ണിയും സോളമനും ജയകൃഷ്ണനും

മോഹൻലാൽ വിസ്മയം മൂന്ന് അമൂല്യ മുത്തുകളാണ് മോഹന്‍ലാല്‍പകര്‍ന്നാടിയ സുഖമോ ദേവിയിലെ സണ്ണിയും, തുവാനത്തുമ്പികളിലെ ജയകൃഷ്ണനും, നമുക്ക് പാര്‍ക്കാന്‍മുന്തിരിതോപ്പിലെ സോളമനും. മോഹന്‍ലാല്‍അഭിനയിച്ച് ഫലിപ്പിച്ച കള്ളകാമുകന്മാരെല്ലാം മലയാളിക്ക് പ്രിയപ്പെട്ടതാണ്. എങ്കിലും ഇവരോട് ഒരു ഇത്തിരി ഇഷ്ടം കൂടും മലയാളിയ്ക്ക്. കാരണം പ്രണയം ധീരന്മാര്‍ക്കുള്ളതാണെന്ന് പഠിപ്പിച്ചത് ഇവരായിരുന്നു. ഇവരോളം ധീരര്‍ഇന്നോളം വന്നിട്ടുമില്ല, വരുമെന്ന് തോന്നുന്നുമില്ല. അതു തന്നെയാണ് സണ്ണിയേയും സോളമനെയും ജയകൃഷ്ണനെയും വ്യത്യസ്തരാക്കുന്നത്. സണ്ണിയും - താരയും മലയാളസിനിമയിലെ വിഷാദമോഹന കാവ്യങ്ങളാണെന്ന് തന്നെ പറയാം. ധീരതയുടെ പ്രതിരൂപം തന്നെയാണ് സണ്ണി. പ്രണയിനിയോട് ശല്ല്യങ്ങളില്ലാതെ സംസാരിക്കാന്‍ബാറില്ലേക്ക് കൂട്ടിക്കൊണ്ടു പോകാനുള്ള ധീരത സണ്ണിയ്ക്ക് മാത്രം സ്വന്തം. ചാര്‍മിനാര്‍സിഗററ്റിന്റെ ഗന്ധമുള്ള കാമുകന്‍. ആര് എതിര്‍ത്താലും സണ്ണിയെന്ന പോക്കിരി താരയെന്ന സുന്ദരിയെകെട്ടുമെന്ന് പ്രഖ്യാപിച്ച പ്രണയപൌരുഷത്തിന്റെ മൂര്‍ത്തീഭാവം. പേടിക്കാതെയുള്ള പ്രണയത്തിന്റെ സ്വാതന്ത്യ്രമായിരുന്നു സണ്ണി എന്ന കഥാപാത്രം.

പ്രണയത്തിന്റെ എല്ലാ മാമൂലുകളെയും പൊളിച്ചടുക്കുകയായിരുന്നു നമുക്ക് പാര്‍ക്കാന്‍മുന്തിരിത്തോപ്പിലെ സോളമന്‍. സ്വാതന്ത്യ്രത്തിന്റെ ആകാശമായിരുന്നു അയാള്‍ക്ക് പ്രണയം പ്രണയത്തിന്റെ മധുരത്തോടൊപ്പം യാഥാര്‍ത്ഥ്യങ്ങളുടെ പുളിപ്പും ഉള്‍ക്കൊള്ളുന്നവനേ ജീവിതമൊള്ളൂ എന്ന് പറയാതെ പറഞ്ഞു പത്മാരജന്റെ മുന്തിരിതോപ്പുകളുടെ കാവല്‍ക്കാരനായ സോളമന്‍. രണ്ടാനച്ഛന്‍ബലാത്സംഗം ചെയ്ത കാമുകിയെ യാതൊന്നും അവളുടെ ജീവിതത്തില്‍സംഭവിച്ചിട്ടില്ല എന്ന രീതിയില്‍സ്വീകരിക്കാന്‍ഇന്നത്തെ ഒരു ന്യൂജനറേഷന്‍കാമുകനും സാധിക്കില്ല. ആ ധീരതയാണ് അയാളെക്കൊണ്ട് ''എന്താ ഞാന്‍വരില്ലാ എന്ന് കരുതിയോ?'' എന്ന് ചോദിപ്പിക്കുന്നതും. സോളമന്‍വ്യത്യസ്തനാകുന്നത് അവിടെയാണ്.

lal-manju

നാടോടിക്കാറ്റു മുതൽ നാടുവാഴികൾ വരെ

കോമഡിയുടെ ട്രാജഡിയും ആക്ഷനുമെല്ലാം ഒന്നുപോലെ തനിക്ക് വഴങ്ങുമെന്ന് മോഹൻലാൽ തെളിയിച്ചു തന്നെ കാലമായിരുന്നു നാടോടിക്കാറ്റു മുതൽ നാടുവാഴികൾ വരെ. ദാസനും വിജയനും കുടുകുടെ ചിരിപ്പിച്ചെങ്കിൽ പിന്നീടു വന്ന ആര്യൻ, അധിപൻ, ദൗത്യം, നാടുവാഴികൾ തുടങ്ങിയ സിനിമകൾ മോഹൻലാൽ എന്ന ആക്ഷൻഹീറോയുടെ തുടക്കം കൂടിയായിരുന്നു. പട്ടണപ്രവേശം, ചിത്രം, വരവേൽപ്പ്, വെള്ളാനകളുടെ നാട് തുടങ്ങിയ മികച്ച ചിത്രങ്ങൾ പിറന്നത് ഈ കാലഘട്ടത്തിലായിരുന്നു.

കീരീടം മുതൽ കിലുക്കം

മോഹൻലാൽ എന്ന സൂപ്പർതാരം പിറക്കുന്നത് ഇവിടെ നിന്നാണ്. കിരീടത്തിലെ സേതുമാധവൻ. 1989–ൽ ഇറങ്ങിയ കിരീടത്തിലെ സേതുമാധവൻ അന്നും ഇന്നും ഇന്ത്യൻ സിനിമയിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. ഒരുപാട് പറഞ്ഞുപതിഞ്ഞെങ്കിലും യാഥാർഥ്യത്തിനും ഉന്മാദത്തിനുമിടയിലുള്ള ക്ലൈമാക്സ് രംഗത്തിലെ സേതുമാധവനും അച്യുതൻനായരും മലയാളിമനസ്സിലെ വിങ്ങൽ തന്നെയാണ്. മോഹൻലാലിനെക്കൊണ്ടു മാത്രം സാധിക്കുന്ന വേഷങ്ങളിൽ ഒന്നാമാതാണ് കിരീടത്തിലെ സേതുമാധവൻ.

lal

കിരീടം കഴിഞ്ഞ ഉടൻ ഇറങ്ങിയ സിനിമയായിരുന്നു വന്ദനം. ലാ ലാ ലാ ലാ ലാലാാാാലാലാാ.... ഇന്നും ഈ ട്യൂൺ എവിടെകേട്ടാലും മനസ്സിൽ അറിയാതെ നിരാശയുടെ ആയിരം പളുങ്കുപാത്രങ്ങൾ ചിന്നിചിതറി, ഹൃദയത്തിന്റെ ഭിത്തികളെ കുത്തിനോവിച്ചുകൊണ്ടേയിരിക്കും. വിരഹത്തേക്കാൾ കൂടുതൽ നിരാശയാണ് ഈ ലാലാലാ കേൾക്കുമ്പോൾ. ഒന്ന് തിരിഞ്ഞുനോക്കിയിരുന്നെങ്കിൽ,, ചെടികളുടെ ഇടയിൽ നിന്നും വലിച്ചെറിഞ്ഞ താക്കോൽ ഉണ്ണി കണ്ടെത്തിയിരുന്നെങ്കിൽ, ഉണ്ണി മുറിയിൽ എത്തിയപ്പോഴേക്കും പ്രതീക്ഷയുടെ ആ ഫോൺവിളി നിലയ്ക്കാതിരുന്നെങ്കിൽ, കൃത്യം എട്ടുമണിക്ക് തന്നെ ഗാഥയ്ക്ക് ഉണ്ണിയെ ഫോൺചെയ്യാൻ സാധിച്ചിരുന്നെങ്കിൽ ഇങ്ങനെയൊക്കെ മോഹിക്കാതെ, പ്രതീക്ഷിക്കാതെ വന്ദനം എന്ന സിനിമ കാണാനാവുമോ??

അതിനുശേഷം വന്നത് ദശരഥമായിരുന്നു. അരകിറുക്കൻ കോടീശ്വരൻ രാജീവ്മേനോൻ. മുപ്പതുകളുടെ തുടക്കത്തിലാണ് മോഹൻലാൽ ദശരഥം എന്ന സിനിമ അഭിനയിക്കുന്നത്. ഇന്ന് ഈ പ്രായത്തിലുള്ള ഒരു അഭിനേതാവിന് ദശരഥത്തിലെ രാജീവ്മേനോനെ അവതരിപ്പിക്കാനാവില്ല എന്നുള്ളതിന്റെ തെളിവാണ് സിനിമയുടെ അവസാനം "മാഗിക്ക് എന്നെ സ്നേഹിക്കാൻ സാധിക്കുമോ ആനി മകനെ സ്നേഹിക്കുന്നതുപോലെ" എന്നു ചോദിക്കുമ്പോൾ കൈവിരലുകൾ പോലും അഭിനയിക്കുന്നത്.

lal

ഏയ് ഓട്ടോ, നമ്പർ 20 മദ്രാസ് മെയിൽ, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങിയ നർമ്മപ്രധാനമായ സിനിമകൾക്ക് ശേഷം വന്ന സുനാമിയായിരുന്നു ഈ കാലഘട്ടത്തിലെ ഭരതം. സേതുമാധവൻ ശേഷം ഗോപിനാഥൻ മലയാളിയെ ആകെ പിടിച്ചുകുലുക്കി. ഗോപിനാഥന്റെ ആത്മസംഘർഷങ്ങൾ മലയാളിയുടേതുകൂടിയാകാൻ അധികം സമയം വേണ്ടി വന്നില്ല.

നന്നായി കരയിപ്പിച്ചെങ്കിലും ഭരതത്തിനു ശേഷം വന്ന കിലുക്കത്തിലെ ജോജിയും നന്ദിനിയും നിശ്ചലും നന്നായി ചിരിപ്പിച്ചുകൊണ്ടാണ് കടന്നുപോയത്. കൂട്ടായ്മയുടെ വിജയം കൂടിയായിരുന്നു കിലുക്കം എന്ന എവർഗ്രീൻ സിനിമ. കിലുകത്തിലെ ജോജി നർമവിസ്മയം തീർത്തെങ്കിൽ കമലദളത്തിലെ നന്ദഗോപൻ നടനവിസ്മയം തീർത്തതാണ് പിന്നീടു കണ്ടത്. കമലദളത്തിനും രാജശിൽപ്പിക്കുമിടയ്ക്ക് ഇറങ്ങിയ അഹത്തിലെ സിദ്ദാർഥൻ സത്യൻ അഭിനയിച്ച യക്ഷിയ്ക്കു ശേഷം മലയാളി കണ്ട മികച്ച എക്സെൻട്രിക്കായ സംശയരോഗിയായ ഭർത്താവായിരുന്നു.

സദയം മുതൽ സ്ഫടികം വരെ

മോഹൻലാൽ എന്ന അഭിനേതാവിനെ എല്ലാ അർഥത്തിലും സ്ഫുടം ചെയ്തെടുത്ത കാലഘട്ടമായിരുന്നു സദയം മുതൽ സ്ഫടികം വരെയുള്ളത്. വധശിക്ഷ കാത്തിരിക്കുന്ന സേതുനാഥനും മുട്ടനാടിന്റെ ചോരകുടിച്ച് മുണ്ടു പറിച്ച് അടിക്കുന്ന ആടുതോമയും മോഹൻലാൽ എന്ന അഭിനേതാവ് അനായാസം പകർന്നാടിയ കാലഘട്ടമായിരിന്നു ഇത്. ഈ കാലത്തു തന്നെയാണ് പവിത്രം പോലെയുള്ള സിനിമകളും ഇറങ്ങുന്നത്. ദേവാസുരം എന്ന സിനിമയിലൂടെ മോഹൻലാൽ എന്ന താരം സൂപ്പർതാരമായി മാറുകയായിരുന്നു. താരാധിപത്യം ഊട്ടി ഉറപ്പിച്ച സിനിമയായിരുന്നു ദേവാസുരം.

lal-magic-1

അഭ്രപാളികളില്‍മോഹന്‍ലാല്‍തകര്‍ത്താടിയ ദേവാസുരത്തിലെ നീലകണ്ഠൻ മോഹന്‍ലാല്‍എന്ന നടന്റെ തലവരതന്നെ മാറ്റിയെഴുതിയ ചിത്രം കൂടിയായിരുന്നു. . നീലന്റെ ഇതിഹാസം പോലെയുള്ള ജീവിതവും പകയൊടുങ്ങാതെ നടക്കുന്ന ശേഖരനുമായുള്ള ഏറ്റമുട്ടലുകളും... ചെയ്തുപോയ തെറ്റിന്റെ നൊമ്പരവും, പ്രായശ്ചിത്തത്തിനായുള്ള മനസിന്റെ വെമ്പലും നീലനിലേക്കുള്ള പരകായപ്രവേശത്തിലൂടെ മോഹൻലാൽ മികച്ചതാക്കി എന്നു പറയേണ്ട ആവശ്യം ഇല്ലല്ലോ. മോഹൻലാൽ മീശപിരിക്കാൻ തുടങ്ങിയതും ഈ കാലഘട്ടത്തിൽ തന്നെയായിരുന്നു.

കാലാപ്പാനി മുതൽ കീർത്തിചക്ര വരെ

ഈ കാലഘട്ടത്തിൽ അതിമാനുഷികനായ മോഹൻലാലിനെയാണ് കൂടുതലും കാണാൻ സാധിക്കുക. സിനിമ മികച്ചതാക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്ന് മോഹൻലാൽ കാണിച്ചു തന്നതും ഈ കാലത്തു തന്നെയാണ്. കാലപ്പാനിയിൽ അമരീഷ്പുരിയുടെ ഷൂസു നക്കുന്ന രംഗം മുതൽ തുടങ്ങാം ഈ പെർഫക്ഷന്റെ കണക്കെടുപ്പ്. മോഹന്‍ലാല്‍എന്ന നടന്‍കുഞ്ഞു കുട്ടന്‍എന്ന കഥകളി ആശാനിലേക്ക് അദ്ഭുതകരമായ പരകായ പ്രവേശം നടത്തുന്ന കാഴ്ചയാണ് വാനപ്രസ്ഥം എന്ന സിനിമയിൽ കണ്ടത്. അതിനുശേഷം വന്നതെല്ലാം പക്ഷെ മോഹൻലാലിനെ അതിമാനുഷികനാക്കാനുള്ള ശ്രമങ്ങൾ തന്നെയായിരുന്നു. ആറാംതമ്പുരാൻ, നരസിംഹം, നരൻ ഇവയെല്ലാം ഈ ശ്രേണയിൽപ്പെടുന്നു. അതിമാനുഷനിൽ നിന്നും മോഹൻലാൽ സാധാരണ മനുഷ്യനായി വീണ്ടും എത്തിയ ചിത്രമായിരുന്നു തന്മാത്രയും പ്രണയവും. ഓർമ്മക്കോശങ്ങൾ നഷ്ടമായി അൾഷിമേഴ്സിന്റെ ചുഴിയിൽപ്പെട്ടുപോകുന്ന രമേശൻ ഡോക്ടറുമാർക്ക് പോലും അത്ഭുതമാണ്. പ്രണയത്തിലെ മാത്യൂസും ഇതേ വിസ്മയത്തിലെ മാണിക്യം തന്നെയാണ്. കീർത്തിചക്ര എന്ന സിനിമ മലയാളത്തിലെ ആദ്യത്തെ മികച്ച യുദ്ധസിനിമ എന്നു തന്നെ വിശേഷിപ്പിക്കാം. കീർത്തിചക്രയ്ക്കു ശേഷം ഇറങ്ങിയ കുരുക്ഷേത്ര, കണ്ഡഹാർ എന്നീ സിനിമകൾക്കു വേണ്ടി മോഹൻലാൽ എടുത്ത അധ്വാനം തന്നെയാണ് ലഫ്റ്റനന്റ് കേണൽ പദവിയിലേക്ക് നയിച്ചതും.

കീർത്തിചക്രയ്ക്ക് ശേഷം കഥകൾ തിരഞ്ഞെടുക്കുന്നതിൽ അൽപ്പം പാളിച്ച വന്നെങ്കിലും ഉദയനാണ് താരവും ദൃശ്യവും ഒപ്പവുമൊക്കെ മോഹൻലാൽ എന്ന നടന്റെ അഭിനയശേഷി നശിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതു തന്നെയായിരുന്നു. അവസാനം ഇറങ്ങിയ പുലിമുരുകൻ 56 വയസ്സുള്ള ഒരു അഭിനേതാവിന് അഭിനയം അഭിനിവേശമായിരിക്കുന്നിടത്തോളം കാലം പ്രായം ഒരു വിഷയമേയല്ല എന്നു തെളിയിക്കുന്നതാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.