Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ ചോദിക്കുന്നു: ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന്?

mohanlal-telugu

ജെഎൻയു വിവാദവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി നടൻ മോഹൻലാലിന്റെ ബ്ലോഗ്. ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന്? എന്ന തലക്കെട്ടോടെയാണ് മോഹൻലാൽ തന്റെ പുതിയ ബ്ലോഗ് കുറിച്ചിരിക്കുന്നത്. സിയാച്ചിനിൽ മരിച്ച മലയാളി ലാൻസ് നായിക്ക് സുധീഷിനെയും അദ്ദേഹത്തിന്റെ കുഞ്ഞിനെയും കുറിച്ച് പറഞ്ഞാണ് ലാൽ കുറിപ്പ് ആരംഭിക്കുന്നത്. തനിക്ക് പിറന്ന മകളെ ഒരിക്കൽ പോലും കാണാതെ സൈനികൻ മരിച്ച് മൃതദേഹമായി വന്നിരിക്കുന്നു. തന്റെ ജീവൻ ബലി നൽകി നിലനിർത്തുന്ന സ്വാതന്ത്ര്യത്തിലും സുരക്ഷയിലും ഇരുന്ന് നമ്മൾ പരിഹാസ്യരായി പകിട കളിക്കുകയാണ്. എന്താണ് രാജ്യ സ്നേഹം എന്നതിനെ കുറിച്ച് പറഞ്ഞ് വൃത്തിക്കെട്ട രീതിയിൽ തല്ലുകൂടുന്നുവെന്നും ലാൽ പറയുന്നു.

മകരമാസത്തിൽ മഞ്ഞിറങ്ങിയാൽ പത്ത് മണിവരെ കമ്പിളിയിൽ സസുഖം കിടന്നുറങ്ങുന്നവരാണ് നമ്മൾ. പല്ലുതേക്കാൻ മുതൽ കുളിക്കാൻ വരെ ചൂടുവെള്ളം ഉണ്ട്. അതിനുശേഷമാണ് നാം സർവ്വകലാശാലകളിലും ഒാഫിസുകളിലും പൊതുസ്ഥലത്തും എത്തുന്നത്. എന്നിട്ടാണ് ചർച്ചകൾ നടത്തുന്നത് സമരങ്ങൾ സംഘടിപ്പിക്കുന്നത്, കല്ലെറിയുന്നത് പട്ടാളത്തെ തെറി പറയുന്നത്, അവരെ സംശയിക്കുന്നത്. രാജ്യ ദ്രോഹികളെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ആളുകളായി ചിത്രീകരിക്കുന്നത്.

രാത്രി തണുപ്പിനെ മറികടക്കാൻ നമുക്ക് ഫയർസൈഡോ, വിസ്കിയോ വേണം. അവിടെയിരുന്നു നാം ഘോരഘോരം ചർച്ച ചെയ്യും എന്നിട്ട് വയറുനിറച്ചുണ്ട് വീണ്ടും കമ്പിളി വലിച്ചിട്ട് മതിമറന്ന് ഉറങ്ങും. എന്നാൽ അപ്പോഴെല്ലാം അങ്ങ് മുകളിൽ സ്വന്തം ഉടൽ മൂടിപ്പൊതിഞ്ഞ്, കൃത്യമായി ഭക്ഷണം കഴിക്കാനോ, നിത്യകർമ്മങ്ങൾ ചെയ്യാൻ പോലും സാധിക്കാതെ ഭ്രാന്ത് പിടിപ്പിക്കുന്ന ഏകാന്തതയിൽ ഹനുമന്തപ്പമാരും സുധീഷ്മാരും ഏകാഗ്രരായി നിൽക്കുന്നുണ്ട്. ഒരോ ദിവസങ്ങളിലും മരവിപ്പിന്റെ മലമുടികളിറങ്ങിവരുന്ന അവരുടെ മൃതദേഹത്തിൽ ചവിട്ടി നിന്നുകൊണ്ടാണ് നാം സ്വാതന്ത്രത്തിന്റേയും ആവിഷ്കാര സ്വാതന്ത്ര്യ ചർച്ചകളുടേയും നൃത്തമാടുന്നത്. ഈ മഹാപാപത്തിന് കാലം മാപ്പുതരുമോ?– ലാൽ ചോദിക്കുന്നു.

തനിക്ക് ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ ചർച്ചകളിലോ ബഹളങ്ങളിലോ താൽപര്യമില്ലെന്നും ലാൽ പറയുന്നു. മനോഭാവം മാത്രമേ എന്നെ അലട്ടുന്നുള്ളുവെന്നും ലാൽ പറയുന്നു. എന്തുകൊണ്ടാണ് ഒരഛൻ മകൾക്കയച്ച കത്തുകളെങ്കിലും നിങ്ങളുടെ മക്കൾക്ക് വായിക്കാൻ നൽകാത്തത്. അത് ചെയ്താൽ മാത്രം മതി ഒരു മകനും, മകളും ഇന്ത്യയ്ക്കെതിരെ ഇവിടെ ജീവിച്ചു കൊണ്ട് മുദ്രാവാക്യം വിളിക്കില്ല. എവിടെയോ ഒരു പട്ടാളക്കാരൻ മരിച്ചു വീഴുമ്പോൾ നമ്മുടെ മക്കൾ ഒരു നിമിഷം സ്വയം കണ്ണടച്ചു നിന്നോളം. കുട്ടികളെ അയക്കേണ്ടത് സംസ്കാരത്തിന്റെ സർവ്വകലാശലകളിലേക്കായിരിക്കണമെന്നും മോഹൻലാൽ പറയുന്നു.

അപ്പോൾ അവർ മുദ്രാവാക്യം വിളിക്കുന്ന അതെ ശക്തിയിൽ സല്യൂട്ട് ചെയ്യാനും പഠിക്കും. പ്രസംഗിക്കുന്ന അതേ വീറോടെ രാജ്യത്തെയോർത്ത് കരയാനും പഠിക്കും. അക്രമിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കാതെ സ്വരാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കും. എല്ലാ ചിന്തകളും നല്ലതാണ്. അവ രാജ്യത്തെ ഏതെങ്കിലും തരത്തിൽ പുരോഗതിയിലേക്ക് നയിക്കുമെങ്കിൽ. എല്ലാ സമരങ്ങളും നല്ലതാണ് അത് രാജ്യത്തിന്റെ വളർച്ചയ്ക്ക് ഒരിഷ്ടിക കൂടി വയ്ക്കുമെങ്കിൽ എന്നാണ് ലാൽ ബ്ലോഗിന്റെ അവസാനം പറയുന്നത്. ഇന്ത്യ ജീവിക്കുമ്പോൾ നമ്മൾ മരിക്കുന്നതെങ്ങിനെ... ഇന്ത്യ മരിച്ചിട്ട് നമ്മൾ ജീവിച്ചിട്ട് എന്ത് കാര്യം... എന്നു ചോദിച്ചാണ് മോഹൻലാൽ ബ്ലോഗ് അവസാനിപ്പിക്കുന്നത്.

Your Rating: