Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോഗയിൽ മതം കൂട്ടിക്കലർത്തരുതെന്ന് മോഹൻലാൽ

mohanlal

യോഗയിൽ മതം കൂട്ടിക്കലർത്തുന്നതിനെതിരെ നടൻ മോഹൻലാൽ. യോഗയെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ സമൂഹത്തെ കലുഷിതമാക്കുന്ന തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടായത് സങ്കടകരമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. യോഗ: മനസിനും മതങ്ങൾക്കുമപ്പുറത്തേക്ക് എന്ന തലക്കെട്ടിൽ മോഹൻലാൽ തന്റെ ബ്ലോഗിലാണ് കുറിപ്പെഴുതിയിരിക്കുന്നത്.

മതങ്ങള്‍ പിറക്കുക കൂടി ചെയ്യാത്ത കാലത്ത് സൃഷ്ടിക്കപ്പെട്ട യോഗയില്‍ ഏത് മതത്തിന്റെ ഛായയാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. രാഷ്ട്രങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മതങ്ങളും മത നേതാക്കളുമൊന്നും ഇല്ലാതിരുന്ന ചരിത്രാതീത സുന്ദര ഭൂതകാലത്തിരുന്ന് ഭാരതത്തിലെ ഋഷീശ്വരന്മാര്‍ രൂപം നല്‍കിയ യോഗ എന്ന ശാസ്ത്രീയ ജീവപദ്ധതിയെ ഏറെ വൈകിയാണെങ്കിലും ലോകം അംഗീകരിക്കുന്നു എന്നതില്‍ ഒരു ഭാരതീയനെന്ന നിലയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ലോകത്തിന് ഭാരതം വഴികാട്ടും. കാട്ടണം എന്ന സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ശരിയായി വരുന്നു.

വ്യക്തിപരമായി എന്റെ ജീവിതത്തില്‍ എത്രയോ ഘട്ടങ്ങളില്‍ യോഗ കടന്നു വന്നിട്ടുണ്ട്. അപ്പോഴെല്ലാം ഈ മഹയായ പദ്ധതിയുടെ ആഴം മനസ്സിലാക്കി ഞാന്‍ അമ്പരന്നു പോയിട്ടുണ്ട്. അതിനെ ആദരിച്ച് അനുസരിച്ചപ്പോള്‍ പലപ്പോഴും ഞാന്‍ നല്ല യോഗ വിദ്യാര്‍ഥിയായിയായെന്നും ലാൽ ബ്ലോഗിൽ പറയുന്നു. സ്വാമി വിവേകാനന്ദന്റെയും ഒാഷോയുടെയും വരികൾ ഉൾപ്പെടുത്തിയാണ് മോഹൻലാൽ കുറിപ്പെഴുതിയിരിക്കുന്നത്.

മഹത്തായ ചിന്തകളിലും കണ്ടുപിടിത്തങ്ങളിലുമെങ്കിലും നമുക്ക് മതം കലര്‍ത്താതിരിക്കാം. ഒന്നിച്ചിരിക്കാം യോഗികളാവാം എന്നു പറഞ്ഞുകൊണ്ടാണ് മോഹൻലാൽ ബ്ലോഗ് അവസാനിപ്പിക്കുന്നത്.