Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനെ അപമാനിച്ചിട്ടില്ല: ജോപ്പന്റെ നിർമാതാവ്

lal-noushad മോഹൻലാൽ, നൗഷാദ്, മമ്മൂട്ടി

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ ഒരുമിച്ച് റിലീസിനെത്തുന്നു. തോപ്പിൽ ജോപ്പനും പുലിമുരുകനും. മലയാളിസിനിമാലോകത്ത് ഏറ്റവുമധികം ആരാധകരുള്ള രണ്ടുതാരങ്ങളുടെയും ചിത്രങ്ങൾ ഒന്നിച്ചെത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്. ഇൗ ആവേശം പലപ്പോഴും വഴക്കിലും തമ്മിൽതമ്മിലുള്ള പോരിനും ഇടവരുത്തുന്നുമുണ്ട്.

തോപ്പിൽ ജോപ്പന്റെ നിർമാതാവായ നൗഷാദ് മുഹമ്മദ് മോഹൻലാലിനെ അപമാനിക്കുന്ന തരത്തിലുള്ളൊരു പോസ്റ്റ് ലൈക് ചെയ്തെന്ന വാര്‍ത്ത വന്നതോടെയാണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കം. ഈ വാർത്ത പരന്നതോടെ മോഹൻലാൽ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തി. നൗഷാദിനെതിരെ കടുത്ത ആരോപണങ്ങളുമായി എത്തിയ ഇക്കൂട്ടർ ജോപ്പനെയും കടന്നാക്രമിച്ചു.

എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ നൗഷാദ് മനോരമ ഓൺലൈനോട് വെളിപ്പെടുത്തുന്നു. ഈ വിഷയം ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും തന്റെ ഫെയ്സ്ബുക്ക് പേജ് മാനേജ് ചെയ്യുന്ന ടീം അംഗങ്ങളാണ് അബദ്ധവശാൽ ആ പോസ്റ്റിൽ പ്രതികരിച്ചതെന്നും നൗഷാദ് പറഞ്ഞു. തെറ്റുപറ്റിയെന്ന് അറിഞ്ഞ ഉടൻ അത് പിൻവലിച്ചെന്നും നൗഷാദ് പറഞ്ഞു.

‘പുലിമുരുകനും തോപ്പിൽ ജോപ്പനും ഒരേസമയം റിലീസ് ചെയ്യുന്നത് രണ്ടുപേരുടെയും ആരാധകരെ സംബന്ധിച്ചടത്തോളം സന്തോഷകരമായ കാര്യമാണ്. മോഹൻലാലിന്റെ പുലിമുരുകനും എല്ലാ വിജയാശംസകളും നേരുന്നു. ഒരു സിനിമയെ ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ നശിപ്പിക്കുന്നത് തെറ്റായ പ്രവണതയാണ്. അതിന്റെ വേദന എന്താണെന്ന് ഒരു നിർമാതാവായ എനിക്ക് നന്നായി അറിയാം. ദയവായി നല്ല ചിത്രങ്ങൾ അതാരുടേതായാലും പിന്തുണയ്ക്കുക.’ നൗഷാദ് വ്യക്തമാക്കി.

ഉട്ടോപ്യയിലെ രാജാവ്, ആടുപുലിയാട്ടം തുടങ്ങിയ സിനിമകളുടെ നിർമാതാവ് ആണ് നൗഷാദ്. 

Your Rating: